അര്‍ബുദ രോഗത്തിനുള്ള ചികിത്സയ്ക്ക് (Cancer Treatment) ഇന്ന് അത്യാധുനികമായ സൗകര്യങ്ങള്‍ ലഭ്യമാണ്. എങ്കിലും ഈ രോഗം മാരകമായ ഒന്നായി തന്നെ തുടരുകയാണ്. ആധുനിക വൈദ്യശാസ്ത്രം (Modern Medicine) ഈ രോഗത്തെ പ്രതിരോധിക്കുന്നതിനായി നിരവധി ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ യുകെയിലെ ക്യാന്‍സര്‍ രോഗികളെ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, ഈ രോഗികളുടെ അതിജീവന നിരക്ക് (Survival Rate) ഗണ്യമായി വര്‍ദ്ധിച്ചു എന്നാണ്. കഴിഞ്ഞ 4 ദശകങ്ങൾക്കുള്ളിൽ അതിജീവന നിരക്ക് ഇരട്ടിയായി. ക്യാന്‍സര്‍ രോഗികളില്‍ പകുതിയിലേറെ പേർ 10 വര്‍ഷത്തിൽ കൂടുതൽ കാലം ജീവിച്ചിരിക്കുന്നുണ്ടെന്നും പഠനങ്ങള്‍ കാണിക്കുന്നു.
"ആളുകള്‍ കൂടുതല്‍ കാലം ജീവിച്ചാല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയും കൂടുതലായിരിക്കും. എന്നാല്‍ ക്യാന്‍സര്‍ വരാതെ നോക്കാൻ നമുക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാൻ കഴിയും", യുകെയുടെ സ്ട്രാറ്റജിക് എവിഡന്‍സ് ആന്‍ഡ് ഏർലി ഡയഗ്‌നോസിസ് പ്രോഗ്രാം ഫോര്‍ ക്യാന്‍സര്‍ റിസര്‍ച്ചിന്റെ മേധാവി ഡോ. ജോഡി മൊഫറ്റ് പറയുന്നു. നിലവില്‍ കാണപ്പെടുന്ന 40 ശതമാനത്തിലധികം അര്‍ബുദങ്ങളും പ്രതിരോധിക്കാൻ കഴിയുന്നതാണെന്നും അതിന്റെ അപകടസാധ്യത കുറയ്ക്കാന്‍ രണ്ട് വഴികളുണ്ടെന്നും ഡോ. ജോഡി പറയുന്നു.
40 ശതമാനം അര്‍ബുദങ്ങളും നമ്മുടെ ജീവിതശൈലി മൂലമാണ് ഉണ്ടാകുന്നത്. അതിനാല്‍ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റം കൊണ്ടുതന്നെ ക്യാന്‍സറിനെ തടയാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ഡോ ജോഡിയുടെ അഭിപ്രായത്തില്‍, അർബുദത്തിനുള്ള രണ്ടാമത്തെ പ്രധാന കാരണം ശരീര ഭാരമാണ്. നമ്മുടെ ശരീരഭാരം നിയന്ത്രണവിധേയമാക്കിയാല്‍, ക്യാന്‍സറും നിയന്ത്രണവിധേയമാക്കാം. കോവിഡ് -19 മഹാമാരി കാരണം വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായ ആളുകൾ ഭക്ഷണത്തിൽ നിയന്ത്രണം പാലിച്ചുകൊണ്ട് ശരീരഭാരം സന്തുലിതമായി നിലനിര്‍ത്തണം.
ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. കൂടാതെ, കലോറി കുറഞ്ഞതും നാരുകള്‍ കൂടുതലുള്ളതുമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ശീലമാക്കുക. വ്യായാമത്തിന്റെ ഗുണങ്ങള്‍ അവഗണിക്കാനാവില്ല. മുതിര്‍ന്നവര്‍ ആഴ്ചയില്‍ 150 മിനിറ്റ് ലഘുവ്യായാമമോ 75 മിനിറ്റ് തീവ്രമായ വ്യായാമമോ ചെയ്യണം. വ്യായാമത്തിലൂടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സന്തുലിതമാക്കുന്നതോടെ സ്തന, വന്‍കുടല്‍ അര്‍ബുദങ്ങൾ നിയന്ത്രിക്കാം.
കൂടാതെ യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പറയുന്നതനുസരിച്ച്, മദ്യത്തിന്റെ ഉപയോഗവും അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നതും ദോഷകരമാണ്. നിലവാരമുള്ള നല്ല സണ്‍സ്‌ക്രീനുകള്‍ പുരട്ടിയാല്‍ ചര്‍മ്മത്തിൽ അർബുദം വരാനുള്ള സാധ്യത ഒഴിവാക്കാം. അതുപോലെ, മദ്യം അർബുദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ മദ്യപാനത്തിലും നിയന്ത്രണം കൊണ്ടുവരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.