കുട്ടികളെ സമർത്ഥരായി വളർത്തണോ? എങ്കിൽ കോഡിങ്ങിന് പകരം സംഗീതം പഠിപ്പിക്കണമെന്ന് പഠനം

Last Updated:

കുട്ടികളിൽ തലച്ചോറിന്റെ ശക്തിയും മറ്റു കഴിവുകളും വികസിപ്പിച്ചെടുക്കാൻ ഏതെങ്കിലും സംഗീത ഉപകരണങ്ങൾ പഠിപ്പിക്കണമെന്നാണ് 2021 ജനുവരിയിൽ സൂറിച്ച് സർവകലാശാല നടത്തിയ ഒരു പഠനം കണ്ടെത്തിയത്.

വിദ്യാഭ്യാസം പരിഷ്കരിക്കാനുള്ള സാങ്കേതിക വിദ്യാ വ്യവസായത്തിന്റെ ആശയം എല്ലാ കുട്ടികളെയും കോഡിങ് പഠിപ്പിക്കുക എന്നതായിരിക്കും. കമ്പ്യൂട്ടറുകൾ സർവവ്യാപികളായി മാറിയ ഒരു ലോകവുമായി കൂടുതൽ പൊരുത്തപ്പെടാൻ കുട്ടികളെ അത് സഹായിക്കുമെന്ന് പൊതുവെ കരുതപ്പെടുന്നു. കുട്ടികളെ പഠിപ്പിക്കുന്ന കോഡിങ്ങും പ്രൊഫഷണൽ പ്രോഗ്രാമർമാരുടെ കോഡിങ്ങും തമ്മിൽ യാതൊരു സാദൃശ്യവുമില്ലെങ്കിലും കുട്ടികളിൽ ഗണിതശാസ്ത്രപരവും ഭാഷാപരവുമായ കഴിവുകൾ വികസിപ്പിക്കാൻ കോഡിങ് പഠിപ്പിക്കുന്നതിലൂടെ കഴിയുമെന്നാണ് അതിനായി വാദിക്കുന്നവർ അഭിപ്രായപ്പെടുന്നത്.
എന്നാൽ, ഇതിന് വിരുദ്ധമായ ഒരു നിഗമനമാണ് എം ഐ ടി 2020 ഡിസംബറിൽ നടത്തിയ ഒരു പഠനം മുന്നോട്ട് വെക്കുന്നത്. 'കമ്പ്യൂട്ടർ കോഡുകൾ മനസിലാക്കുന്നത് അതിനു വേണ്ടി മാത്രം ഉപയോഗപ്പെടുന്ന ഒന്നാണ്. അത് ഭാഷയ്ക്കോ ഗണിതത്തിനോ യുക്തിക്കോ ഒന്നും തുല്യമല്ല' - എന്നാണ് ആ പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നത്.
advertisement
കുട്ടികളിൽ തലച്ചോറിന്റെ ശക്തിയും മറ്റു കഴിവുകളും വികസിപ്പിച്ചെടുക്കാൻ ഏതെങ്കിലും സംഗീത ഉപകരണങ്ങൾ പഠിപ്പിക്കണമെന്നാണ് 2021 ജനുവരിയിൽ സൂറിച്ച് സർവകലാശാല നടത്തിയ ഒരു പഠനം കണ്ടെത്തിയത്. ദി ജേർണൽ ഓഫ് ന്യൂറോസയൻസ് എന്ന പ്രസിദ്ധീകരണത്തിൽ ഈ പഠനത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സംഗീതജ്ഞരുടെയും സംഗീതജ്ഞർ അല്ലാത്തവരുടെയും തലച്ചോറുകൾ വിശദമായി പഠിച്ചു കൊണ്ടാണ് ഈ ഗവേഷണം നടന്നിട്ടുള്ളത്. സംഗീതജ്ഞരുടെ തലച്ചോറിന്റെ ഭാഗങ്ങൾ, പ്രത്യേകിച്ച് സംസാരം, ശബ്ദം എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ, ഘടനാപരമായും പ്രവർത്തനപരമായും പരസ്പരം കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആ പഠനം വിശദീകരിക്കുന്നത്. ഓർമ, വർക്കിങ് മെമ്മറി, കാര്യനിർവഹണം തുടങ്ങിയ വൈജ്ഞാനികപരമായ പ്രവൃത്തികൾ സാധ്യമാക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളുമായി സംഗീതജ്ഞരുടെ ഓഡിറ്ററി കോർട്ടിസുകൾക്ക് കൂടുതൽ ശക്തമായ ബന്ധമുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.
advertisement
കുട്ടിക്കാലത്ത് സംഗീത പഠനത്തിലൂടെ നേടിയെടുക്കുന്ന കഴിവുകൾ ജീവിതകാലം മുഴുവൻ നിലനിൽക്കും. മികച്ച രീതിയിൽ വായിക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും വിവിധ ഭാഷകൾ പഠിക്കാനുമൊക്കെ ഇത് അവരെ സഹായിക്കും. സംഗീതത്തിന് പുറമേ ബാലെ, ചെസ്, ഗോൾഫ് എന്നിവയിൽ ഏർപ്പെടുന്നതും തലച്ചോറിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. വെല്ലുവിളികൾ ഉയർത്തുന്ന കഴിവുകൾ പഠിച്ചെടുക്കുകയും ശീലിക്കുകയും ചെയ്യുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.
advertisement
കുട്ടികൾ തുടർച്ചയായി സംഗീത ഉപകരണം ഉപയോഗിച്ചില്ലെങ്കിലും തലച്ചോറിന്റെ ഈ കഴിവുകൾ നിലനിൽക്കുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. 'സംഗീത പരിശീലനം എത്ര നേരത്തെ ആരംഭിക്കുന്നോ അതിന് അനുസരിച്ച് തലച്ചോറിന്റെ ശേഷികളും ശക്തിപ്പെടും' - പഠനസംഘത്തിൽ ഉൾപ്പെടുന്ന പ്രൊഫസർ സൈമൺ ലെയ്‌പോൾഡ് പറയുന്നു. ചുരുക്കത്തിൽ നിങ്ങളുടെ കുട്ടികൾ കൂടുതൽ സമർത്ഥരായി വളരണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരെ കോഡിങ് പഠിപ്പിക്കുന്നതിന് പകരം ഒരു സംഗീത ഉപകരണം പഠിപ്പിക്കുകയോ പാട്ട് അഭ്യസിപ്പിക്കുകയോ ചെയ്യുക. പാട്ട് വെറുമൊരു വിനോദം മാത്രമല്ലെന്ന് നമുക്ക് മനസിലാക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Life/
കുട്ടികളെ സമർത്ഥരായി വളർത്തണോ? എങ്കിൽ കോഡിങ്ങിന് പകരം സംഗീതം പഠിപ്പിക്കണമെന്ന് പഠനം
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement