News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 13, 2021, 11:50 AM IST
rajan saraswathi
പത്തനംതിട്ട: ഇതുവരെയുള്ള ജീവിത യാത്രയിൽ ഒറ്റയ്ക്കായിരുന്നു 58കാരൻ രാജനും 64കാരി സരസ്വതിയും. എന്നാൽ ഇനിയുള്ള യാത്രയിൽ ഒരുമിക്കാനാണ് ഇരുവരുടെയും തീരുമാനം. അടൂരിൽ വയോജനങ്ങളെ പരിപാലിക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസികളാണ് രാജനും സരസ്വതിയും. പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച ഇരുവരും പ്രണയ ദിനത്തിൽ വിവാഹിതരാകും.
തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ രാജൻ വർഷങ്ങളായി പാചക തൊഴിലാളിയായി കേരളത്തിലുണ്ട്. ശബരിമല സീസണിലും മറ്റും പമ്പയിലും പരിസരപ്രദേശങ്ങളിലുമുള്ള ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്താണ് രാജൻ കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കെ ലോക്ക്ഡൌൺ വന്നതോടെ ജോലി നഷ്ടമായ രാജനെ പമ്പ സി.ഐ ലിബി പി.എം ഇടപെട്ടാണ് അടൂരിലെ മഹാത്മ കേന്ദ്രത്തിലെത്തിക്കുന്നത്. അന്തേവാസികളുടെ സഹായിയായും ഭക്ഷണം പാചകം ചെയ്തുമാണ് രാജൻ ഇവിടെ കഴിഞ്ഞിരുന്നത്.
അങ്ങനെയിരിക്കെയാണ് മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസിയായ അടൂർ മണ്ണടി പുളിക്കൽ സ്വദേശി സരസ്വതിയുമായി അടുപ്പത്തിലാകുന്നത്. ഉറ്റ സൌഹൃദമാണ് ഇരുവരുടെയും ഇടയിലുണ്ടായിരുന്നതെങ്കിലും അത് പ്രണയമാണെന്നു ഇരുവരും തിരിച്ചറിയുന്നത് അടുത്തിടെയാണ്. അങ്ങനെ വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
ജീവിതത്തിൽ ഒറ്റപ്പെട്ട സരസ്വതിയെ ഒറ്റപ്പെട്ട സരസ്വതിയെ പൊതുപ്രവർത്തകരും പൊലീസും ചേർന്നാണ് മഹാത്മയിൽ എത്തിച്ചത്. സംസാരവൈകല്യമുള്ള സരസ്വതി, മാതാപിതാക്കളുടെ മരണത്തോടെയാണ് തനിച്ചായത്. ഭക്ഷണം പാചകം ചെയ്യുമ്പോൾ രാജന് സഹായവുമായി സരസ്വതി എത്താറുണ്ടായിരുന്നു അങ്ങനെയാണ് ഇരുവരും അടുപ്പത്തിലാകുന്നത്. തുടർന്ന് പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും ഒരുവരും ഒരുമിച്ച് തന്നെ മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയോടും സെക്രട്ടറി എ പ്രിഷിൽഡയോടും അറിയിച്ചത്. അങ്ങനെയാണ് പ്രണയ ദിനത്തിൽ ഇരുവരുടെയും വിവാഹം നടത്തി കൊടുക്കാൻ മഹാത്മ അധികൃതർ തീരുമാനിക്കുന്നത്. ഇരുവരുടെയും ബന്ധുക്കളെ വിവരം അറിയിച്ചപ്പോൾ അവരും വിവാഹത്തിന് സമ്മതിച്ചു.
പാചക ജോലി ചെയ്തു നേടിയ സമ്പാദ്യം നാട്ടിലെ കുടുംബത്തെ സഹായിക്കാനായി അയച്ചു കൊടുത്തിരുന്ന രാജൻ അതിനിടെ വിവാഹം കഴിക്കുന്ന കാര്യം വിട്ടുപോയി. സഹോദരിമാർക്കുവേണ്ടിയാണ് ഇത്രയും കാലം താൻ ജീവിച്ചതെന്നും ഇദ്ദേഹം പറയുന്നു. വിവാഹശേഷവും മഹാത്മയിലെ സേവനം തുടരാനാണ് ഇരുവരുടെയും തീരുമാനം. ഏതായാലും രാജന്‍റെയും സരസ്വതിയുടെയും വിവാഹം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് മഹാത്മയിലെ അന്തേവാസികൾ.
Also Read-
സ്ത്രീ പ്രണയിക്കുന്നത് രതിക്ക് വേണ്ടിയെന്ന് വിധിയെഴുതപ്പെടുന്നത് ദുരവസ്ഥ; സൗഹൃദങ്ങൾ മുറിഞ്ഞുപോകുന്നത് ആ വൈരുധ്യത്താൽ
പ്രണയദിനമായ ഞായറാഴ്ച രാവിലെ 11നും 11.30നും ഇടയിൽ കോവിഡ് മാനദണ്ഡ പ്രകാരം ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുക. ചിറ്റയം ഗോപകുമാർ എംഎൽഎ, അടൂർ നഗരസഭാ ചെയർമാൻ ഡി.സജി, പളളിക്കൽ പഞ്ചായത്തംഗം സുശീല കുഞ്ഞമ്മ കുറുപ്പ്, സാമൂഹികനീതി ഓഫിസർ എസ്. ജാഫർഖാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് വിവാഹം. കൊടുമൺ ജീവകാരുണ്യ ഗ്രാമത്തിൽ നിർമിച്ചിട്ടുളള വീടുകളിൽ ഒന്നിൽ ഇവർക്ക് താമസം ഏർപ്പെടുത്തും. ഇരുവർക്കും ജോലി ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കുമെന്ന് മഹാത്മാ ജനസേവന കേന്ദ്രം സെക്രട്ടറി എ. പ്രീഷിൽഡ പറഞ്ഞു.
Published by:
Anuraj GR
First published:
February 13, 2021, 11:50 AM IST