• News
 • IPL 2019
 • Elections 2019
 • Films
 • Gulf
 • Life
 • Crime
 • Photos
 • Video
 • Buzz
 • Live TV

സ്ത്രീ പ്രണയിക്കുന്നത് രതിക്ക് വേണ്ടിയെന്ന് വിധിയെഴുതപ്പെടുന്നത് ദുരവസ്ഥ; സൗഹൃദങ്ങൾ മുറിഞ്ഞുപോകുന്നത് ആ വൈരുധ്യത്താൽ

ഒരു സ്ത്രീയെ പ്രണയിക്കുന്ന 99 ശതമാനം പുരുഷനും പ്രഥമ ലക്ഷ്യം രതി തന്നെയാണ്. എന്നാൽ സ്ത്രീയെ സംബന്ധിച്ചിടത്തോളം രതിയിലെത്തുക എന്നത് അവളുടെ അവസാനത്തെ ആവശ്യമാണ്. പല ആൺപെൺ സൗഹൃദങ്ങളും പെട്ടന്ന് മുറിഞ്ഞുപോകുന്നതും ഇരുവരുടെയും ലക്ഷ്യങ്ങൾ തമ്മിലുള്ള ഈ വൈരുധ്യം കൊണ്ടാണെന്ന് ബ്രിട്ടീഷ് മലയാളിയായ ലേഖിക എഴുതുന്നു.

news18
Updated: April 15, 2019, 2:34 PM IST
സ്ത്രീ പ്രണയിക്കുന്നത് രതിക്ക് വേണ്ടിയെന്ന് വിധിയെഴുതപ്പെടുന്നത് ദുരവസ്ഥ; സൗഹൃദങ്ങൾ മുറിഞ്ഞുപോകുന്നത് ആ വൈരുധ്യത്താൽ
പ്രതീകാത്മക ചിത്രം
news18
Updated: April 15, 2019, 2:34 PM IST
ശ്രീകലാ ദേവി

'അയ്യോ അവർക്കു മക്കളും കൊച്ചു മക്കളും ഒക്കെ ആയില്ലേ ഇനിയെങ്കിലും മര്യാദക്ക് ജീവിച്ചു കൂടേ?' അറുപതുകാരിയായ ഒരു വിവാഹമോചിതക്ക് ഒരാളോട്  പ്രണയം എന്ന്  പറഞ്ഞപ്പോൾ എന്റെ ബന്ധുവായ ഒരു മുപ്പതുകാരിയുടെ പെട്ടന്നുളള ചോദ്യം. അപ്പോൾ തോന്നിയതു രണ്ടു കാര്യങ്ങളാണ്; പ്രണയം ഒരു മര്യാദകേടാണോ? അത് അതിമനോഹരമായ ഒരു മൃദുലവികാരമല്ലേ ? മക്കളും ചെറുമക്കളും ഒക്കെ കൂടെയും അടുത്തും പലയിടത്തുമായി കഴിയുന്ന  അവർക്കു ഒരു പുരുഷനെ പ്രണയിക്കുന്നതിലൂടെ കിട്ടുന്ന സന്തോഷമോ ആത്മവിശ്വാസമോ സുരക്ഷിതത്വമോ മക്കളിൽ നിന്നോ കൊച്ചു മക്കളിൽ നിന്നോ കിട്ടിക്കോളണമെന്നില്ല. അമ്മൂമ്മയും കാമുകിയും ഒരു സ്ത്രീയുടെ ജീവിതത്തിലെ രണ്ടു അവസ്ഥകളാണ്. അമ്മയായവൾ അല്ലെങ്കിൽ അമ്മൂമ്മയായവൾ പിന്നീടൊരിക്കലും പ്രണയിക്കരുതെന്നു എഴുതപ്പെട്ടിട്ടുണ്ടെങ്കിൽ കൂടി അതനുസരിക്കേണ്ട ബാധ്യത അവൾക്കില്ല. അതിനെ ചൊല്ലി അപമാനിതരാകേണ്ട ആവശ്യം മക്കൾക്കോ ചെറുമക്കൾക്കോ ഇല്ല.

ഇനി വേറൊരു തമാശ സ്ത്രീ പ്രണയിച്ചാൽ അത് രതിക്ക് വേണ്ടിയാണ് എന്ന് വിധിയെഴുതപ്പെടുന്ന ദുരവസ്ഥ. അത് പുരുഷന്റെ കാര്യത്തിൽ അത്ര സ്പഷ്ടമായി കേൾക്കാത്തതിന്റെ കാരണം അത് അവനു സമൂഹം രഹസ്യമായി അനുവദിച്ചു കൊടുത്ത ഒരു പ്രിവിലേജ്; മറ്റൊന്ന്, പെണ്ണിന് പോകാൻ വേണ്ടി ഒരു പുരുഷ വേശ്യാലയവും തുറന്നു വെച്ചിട്ടുള്ളതായി അറിവില്ല. അപ്പോൾ പ്രണയം  മാത്രമേയുള്ളൂ പോം വഴി എന്ന നിഗമനം!കാലം മാറി, ജീവിതം മാറി. ഒപ്പം മലയാളിയും ഒരുപാട് മാറി. എന്നിരുന്നാലും ഒരിക്കലും മാറാത്ത ചില നിലപാടുകൾ ഓരോ ശരാശരി മലയാളിയുടെയും ഉള്ളിലുണ്ട്. അതിലൊന്നാണ് സ്ത്രീയോടുള്ള നിലപാടുകൾ. അവളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന വിലക്കുകൾ, അവളുടെ അനുവാദമില്ലാതെ അവൾക്കു ചുറ്റും തീർക്കുന്ന മതിലുകൾ.

പഴയതിനെക്കാളേറെ സ്വാതന്ത്ര്യവും തന്റേടവും സാമ്പത്തിക ഭദ്രതയും സ്വായത്തമാക്കിയിട്ടും സമൂഹത്തിൽ പുരുഷനിൽ നിന്ന് മാത്രമല്ല സ്ത്രീകളിൽ നിന്നും അവൾക്കു പഴിയും പരിഹാസവും കേൾക്കേണ്ടി വരുന്നു, സമൂഹം കൽപ്പിച്ചു കൊടുത്ത കാലഹരണപ്പെട്ട ചില ലക്ഷ്മണ രേഖകൾ ലംഘിക്കുമ്പോൾ. അതുകൊണ്ടു തന്നെ പലപ്പോഴും അവൾ അതിർവരമ്പുകൾ ഭയന്ന് ആശയടക്കം ചെയ്തു ജീവിക്കാൻ വിധിക്കപ്പെടുന്നു. ഒരു വ്യക്തി പുരുഷനാകട്ടെ സ്ത്രീയാകട്ടെ കാലത്തിനും പ്രായത്തിനും അനുസരിച്ചു നിയോഗിക്കപ്പെട്ടിട്ടുള്ള ചില പഴഞ്ചൻ രീതികളുണ്ട്. അതിനെ അപ്പാടേ അനുസരിക്കാത്തവർ അപഹാസ്യരായി ചിത്രീകരിക്കപ്പെടുന്നു. പക്ഷെ മനുഷ്യൻ പ്രായമാകുന്നതിനൊപ്പം അവനിൽ മാറുന്നതും മാറാത്തതുമായ മാനസികാവസ്ഥകളുണ്ട്. ശാരീരികമാറ്റവും മാനസീകമായ മാറ്റവും തമ്മിലുള്ള അനുപാതം അന്യനു വിധിക്കാനോ വിലക്കാനോ ആവുന്നതല്ല. അത് വ്യക്തിയുടെ സ്വഭാവവും, ആവശ്യവും, സാഹചര്യവും, പാരമ്പര്യവും ഒക്കെ അനുസരിച്ചു മാറുന്നതാണ്.

എന്റെ ചെറുപ്പകാലത്ത് എന്റെ അമ്മയോ അച്ഛനോ എന്റെ ഇന്നത്തെ പ്രായത്തിൽ പറഞ്ഞു കേട്ടതോ ചെയ്തിരുന്നതോ ആയ പലതും എനിക്ക് അന്ന് അത്ഭുതവും അസ്വീകാര്യവുമായി തോന്നിയിരുന്നു. ഇന്ന് ഞാൻ അവരുടെ അന്നത്തെ പ്രായത്തിലെത്തുമ്പോൾ എന്നെ സംബന്ധിച്ച് അത്തരം കാര്യങ്ങൾ ഇന്നത്തെ ജീവിതത്തിന്റെ ഭാഗമായി സ്വാഭാവികമായി മാത്രം കാണുന്നു. മനുഷ്യന് ആരോഗ്യം, ആഹാരം, വായു, ജലം ഇതൊക്കെപ്പോലെ എല്ലാ പ്രായത്തിലും ആവശ്യമായ ഒന്നാണ് ഇണയും തുണയും സ്നേഹവും പരിലാളനയും, പ്രോൽസാഹനവും, പ്രണയവും.പക്ഷെ എല്ലാത്തിനും പാശ്ചാത്യരെ അനുകരിക്കുന്ന മലയാളി പ്രായമായവരുടെ പ്രണയത്തെയും പരിണയത്തെയും ഇന്നും പുച്ഛിക്കയും പരിഹസിക്കുകയും ചെയ്യുന്നു.

ഇനി ഈ പ്രണയമോ പരിണയമോ ആഗ്രഹിച്ചത് 'പ്രായമായ ഒരു സ്ത്രീ' ആണെങ്കിൽ പരിഹാസത്തിന്റെയും നെറ്റി ചുളിക്കലിന്റെയും തീവ്രത പതിന്മടങ്ങു വർദ്ധിക്കുന്നു. സാമൂഹിക സദാചാര  വാദികൾ വെളിച്ചപ്പാടുകളാകുന്നു. ഒരു പക്ഷെ അന്നേ വരെ ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതിരുന്ന മക്കൾ പോലും ഉപദേശകരായി ഓടിയെത്തും. കാരണം മലയാളിക്കിന്നും, ആണല്ലേ അവനെന്തുമാകാം ഹോ അവളൊരു പെണ്ണല്ലേ ഇതൊക്കെ പാടുണ്ടോ എന്ന നിലപാടിൽ മാറ്റമില്ല. അതിനി ലോകത്തിന്റെ ഏത് കോണിൽ ജീവിച്ചാലും മലയാളിയുടെ കുലമഹിമയും ആഢ്യത്വവും നിലകൊള്ളുന്നത് അവിടെയാണ്. കുടുംബ ഭദ്രതക്ക് അത്തരം ചില കാര്യങ്ങൾ ആവശ്യമാണ് പക്ഷെ അതിന്റ ഉത്തരവാദിത്വം മുഴുവൻ എല്ലാക്കാലത്തും പെണ്ണിന് മാത്രം കൽപ്പിച്ചു നൽകേണ്ട കാര്യമില്ല..

അതിനേക്കാളൊക്കെ പരമപ്രധാനമായ മറ്റൊന്ന് ഒരു സ്ത്രീയെ പ്രണയിക്കുന്ന 99 ശതമാനം പുരുഷനും പ്രഥമ ലക്ഷ്യം രതി തന്നെയാണ്. എന്നാൽ സ്ത്രീയെ സംബന്ധിച്ചിടത്തോളം രതിയിലെത്തുക എന്നത് അവളുടെ അവസാനത്തെ ആവശ്യമാണ് (ഇവിടെയും 99 ശതമാനം ബാധകം). പല ആൺപെൺ സൗഹൃദങ്ങളും പെട്ടന്ന് മുറിഞ്ഞുപോകുന്നതും ഇരുവരുടെയും ലക്ഷ്യങ്ങൾ തമ്മിലുള്ള ഈ വൈരുധ്യം കൊണ്ടാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇണചേരാൻ ഏറെയും പുരുഷന്മാർക്ക് പ്രണയം ഒരാവശ്യമല്ല, ഏതാനും നിമിഷത്തെ നർമ്മസല്ലാപം ധാരാളം! പുരുഷനെ സംബന്ധിച്ചിടത്തോളം അക്കാര്യത്തിൽ അത്ര വല്യ നിബന്ധനകളോ മാനസീകാവസ്ഥയോ വേണ്ടതായി തോന്നുന്നില്ല. സ്വന്തം സുരക്ഷക്ക് കോട്ടമില്ലെങ്കിൽ ഒക്കെ സുഭദ്രം.

പക്ഷെ  പെണ്ണിന് പ്രണയം ആത്മാവിന്റെ ആഴങ്ങളിറങ്ങി അവനെ പരിപൂർണ വിശ്വാസം വന്നെങ്കിലെ അവൾ അതിനു തയാറാവുകയുള്ളു. അവളുടെ അത്തരം വിശ്വാസക്കണക്കുകൾ തെറ്റുന്നിടത്താണ് പലതും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ആത്മഹത്യ വേണ്ടി വരികയും ചെയ്യുന്നത്. പക്ഷെ അപ്പോഴും കാരണഭൂതനായ പുരുഷൻ സമൂഹമധ്യത്തു ഒരു പോറൽ പോലും ഏൽക്കാതെ എന്തോ വലിയകാര്യം സാധിച്ച മട്ടിൽ വിലസുന്നു. എന്തിനു, കുടുംബത്തിൽ പോലും ഒന്നുകിൽ അവനു വിശ്വാസം കിട്ടുന്നു, അല്ലെങ്കിൽ അവനോടു ക്ഷമിക്കുന്നു. പക്ഷെ അവൾ എന്നേക്കുമായി ക്രൂശിക്കപ്പെടുന്നു. ബലാത്സംഗങ്ങളിൽ മാത്രമല്ല, ഇത്തരം കൊലച്ചതികൾ നേരിടാനും പണ്ട് മാധവിക്കുട്ടി പറഞ്ഞ ഡെറ്റോൾ തന്നെ അഭയമാക്കേണ്ടതുണ്ട്.

പെണ്ണ് പ്രണയിക്കുമ്പോൾ അവൾ ശാരീരിക ബന്ധത്തെക്കാൾ ഏറെ ആഗ്രഹിക്കുന്നത് മറ്റൊരിടത്തു നിന്നും അവൾക്കു ലഭിക്കാത്ത ചില മൃദുല വികാരങ്ങളാണ്. അത് അവളുടെ തീരുമാനങ്ങളിലോ തളർച്ചയിലോ കിട്ടുന്ന പിന്തുണയാകാം, നല്ല കാര്യങ്ങളിൽ കിട്ടുന്ന പ്രോത്സാഹനമാകാം തീരുമാനം എടുക്കാനാകാതെ ഉഴലുമ്പോൾ കിട്ടുന്ന ഉപദേശങ്ങളാകാം ഒന്നുമല്ലെങ്കിൽ ഒരുമിച്ചു ദൂരേയ്‌ക്കൊരു യാത്രയാകാം മറ്റു ചിലപ്പോൾ ഓർത്തുവെച്ച് ജന്മദിനത്തിനോ മറ്റോ കിട്ടുന്ന ഒരു ചെറിയ സമ്മാനമാകാം എല്ലാത്തിലുമുപരി അഭിനന്ദനം നിറഞ്ഞ നാല് നല്ല വാക്കുകളാവാം. നിർഭാഗ്യവശാൽ ഇന്നത്തെക്കാലത്ത് അത്തരം പ്രണയത്തിനൊന്നും ആർക്കും സമയമില്ല. അതുകൊണ്ടു തന്നെ അതിനു പോലും ആപ്പും നെറ്റും തന്നെ വഴി.

വയസ്സുകാലത്ത് പ്രണയിക്കുന്നതിന്റെ പ്രസക്തി അവിടെയാണ് . അത് കൊണ്ട് തന്നെയാ വണം ബ്രിട്ടീഷുകാർ പറയുന്നത് ജീവിതം തുടങ്ങുന്നത് അറുപതിലാണെന്നു! എല്ലാ കടമകളുടെയും കഴുതച്ചുമടിറക്കിവെച്ച് സാവകാശം ജീവിക്കാൻ ഒരു കൂട്ട്,പരസ്പരം ഒരു തുണ, വീണുപോകുമ്പോൾ താങ്ങാൻ; ഒരുപക്ഷെ തുല്യനിലയിൽ അശക്തമെങ്കിൽ കൂടി ആത്മാർഥതയുള്ള ഒരു കരം അത്രയൊക്കെയേ വേണ്ടു വൈകിയ വേളയിൽ. പ്രണയം മറ്റെല്ലാം പോലെ തന്നെ ജീവിതത്തിൽ എല്ലാക്കാലത്തും മനുഷ്യന് അവശ്യം വേണ്ട ഒരു തീവ്ര വികാരമാണ്, മനുഷ്യനെ മുന്നോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന്.. കാലവും പ്രായവും മാറുന്നതനുസരിച്ച് പ്രണയത്തിന്റെ ഭാവതലങ്ങൾ മാറുന്നു എന്ന് മാത്രം.കൗമാരത്തിലും യൗവ്വനത്തിലും വാർധക്യത്തിലും ഒരാളുടെ പ്രണയം തമ്മിൽ അജഗജാന്തരമുണ്ട്.

ഒരു കൗമാരക്കാരിയുടെ അപക്വ പ്രണയത്തിൽ കുറെ നിഷ്ക്കളങ്കതയും ഏറെ വാശിയും എടുത്തു ചാട്ടവും ഒക്കെയേ ഉള്ളു. ആ അവസ്ഥ കഴിഞ്ഞു യൗവ്വനകാലത്തെ പ്രണയത്തിൽ അതിനു പക്വത കൈവരുന്നു ജീവിതത്തെ കുറിച്ച് വ്യക്തമായ കണക്കു കൂട്ടലുകളും ശക്തമായ കാഴ്ചപ്പാടുകളും ഉണ്ടാകുന്നു; നേട്ടങ്ങളെയും ഭാവി ഭദ്രതയും രതിയും പിടിച്ചടക്കലും ഒക്കെയാണപ്പോൾ പ്രണയത്തിന്റെ അടിത്തറ. എന്നാൽ മധ്യവയസ്സ് പിന്നിട്ടു വാർദ്ധക്യത്തോടടുക്കുന്ന പ്രണയത്തിൽ സഹനം, ക്ഷമ, പരസ്പരാശ്രയത്വം, വിട്ടുകൊടുക്കൽ  സ്നേഹം ഒക്കെയാണ് കൊതിക്കുന്നത് അവിടെ രതിയും ധനവും ഒക്കെ അവസാനത്തെ പരിഗണനകൾ മാത്രം. (ധനികരായ വയസ്സന്മാരെ തീരെ ചെറുപ്പക്കാരികളായ പെണ്ണുങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചു പിന്നെ വിവാഹമോചിതരായി അയാളുടെ പാതി സ്വത്തും കൊണ്ട് പോകുന്ന പ്രീ പ്ലാൻഡ്  പ്രായോഗിക പ്രണയം ഇക്കൂട്ടത്തിൽ പെടില്ല ).

എന്തായാലും ഏകാന്തത അകറ്റാൻ ഏതവസ്ഥയിലും പ്രണയം ഒരു നല്ല ഉപാധി തന്നെ. പക്ഷെ ഒരു കുഴപ്പമുണ്ട്. പഴകിയ പ്രണയം  വാടിയ മുല്ലപ്പൂവ് പോലെയാണ്. വാടിയതുകൊണ്ട് ചൂടാനും വയ്യ മണം ബാക്കി നിൽക്കുന്നതു കൊണ്ട് കളയാനും വയ്യ. സത്യമല്ലാത്ത പ്രണയങ്ങൾ അഞ്ചു വർഷത്തിനുള്ളിൽ അവസാനിക്കും എന്നാൽ  ആത്മാർത്ഥമായ സത്യസന്ധമായ പ്രണയം അഞ്ചു വർഷമാകുന്നതോടെ പക്വത പ്രാപിച്ചു മറ്റൊരു തലത്തിലേക്കു മാറുന്നു. വേറൊരർത്ഥത്തിൽ പറഞ്ഞാൽ അതിന്റെ പുതുമയും സുഗന്ധവും നഷ്ടപ്പെടുന്നു; ഇനി പരസ്പരം പിരിയില്ലന്നോരവസ്ഥയിൽ എത്തുമ്പോൾ അതിന്റെ താളം മാറുന്നു, അതാണ് കല്യാണം കഴിഞ്ഞതോടെ പ്രണയം നഷ്ട്ടപ്പെട്ടുന്നു പലരും പരിതപിക്കുന്നത്.

പക്വത വന്ന പ്രണയത്തിൽ സുരക്ഷിതത്വവും വിശ്വാസവും ഉണ്ടെങ്കിലും അതിനു ഹരമില്ല, എന്നാൽ പ്രതീക്ഷകളും, ഉപാധികളും ഒട്ടേറെ ഉണ്ടാവുകയും ചെയ്യുന്നു. അപക്വമായ പ്രണയത്തെക്കാളും അതി മനോഹരമാണ് പരസ്പരം തുറന്നു പറയാത്ത പ്രണയം ! ഭാര്യയും അമ്മയുമായ ഒരു കൂട്ടുകാരി അടുത്തിടെ പറഞ്ഞു "പ്രണയമില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല, നിറമില്ലാത്ത ദാമ്പത്യത്തിൽ പ്രണയത്തിനു പോയിട്ടൊരു നല്ല വാക്കിനു പോലും സ്ഥാനവുമില്ല, അതുകൊണ്ടു എനിക്ക് എപ്പോഴും പ്രണയിച്ചു കൊണ്ടേയിരിക്കണം" എന്ന്. അവളുടെ നിഷ്കളങ്കമായ തുറന്നു പറച്ചിൽ കേട്ട് ആദ്യമൊന്നു ഞെട്ടിയെങ്കിലും ആലോചിച്ചപ്പോൾ അതൊരു സത്യമായി തോന്നി. അവൾ പറഞ്ഞ ആ പ്രണയത്തിൽ പക്ഷെ രതിയുടെ ഒരു ലാഞ്ചന പോലും ഉണ്ടായിരുന്നില്ല.

പ്രണയത്തിന്റെ വേറൊരു വകഭേദമാണ് മനുഷ്യരോടല്ലാത്ത പ്രണയം. അത് പ്രകൃതിയോടാകം, മൃഗങ്ങളോടാകാം, പക്ഷികളോടാകാം, പൂക്കളോടാകാം, അശരണരോടാകാം അഗതികളോടാകാം യാത്രകളോടാകാം അക്ഷരങ്ങളോടോ കലകളോടോ ആകാം എന്തുമാകട്ടെ എന്തിനോടുമാകട്ടെ പ്രണയം ഒരു നല്ല അനുഭവം തന്നെയാണ്, അത് ജ്വലിച്ചു നിൽക്കുമ്പോൾ മാത്രമല്ല കെട്ടടങ്ങിയാലും ഓർമ്മിക്കാനും. എൺപതും തൊണ്ണൂറും കഴിഞ്ഞ ആണും പെണ്ണും നാഥനില്ലാതെ ഒറ്റയ്ക്ക് നടക്കുന്നത് കാണുന്നതിനേക്കാൾ എത്രയോ മനോഹരവും ആശ്വാസവുമാണ് അവർ പരസ്പരം കൈകോർത്തു നടക്കുന്നതു കാണാൻ. അതിനു വിവാഹം ഒരാവശ്യമേയല്ല, വിശ്വാസം മാത്രം മതി എല്ലാവരും പ്രായഭേദമന്യേ ഉപാധികളില്ലാതെ പ്രണയിക്കട്ടെ, ഈ ലോകം കൂടുതൽ സുന്ദരമാകട്ടെ!

First published: April 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
 • I agree to receive emails from NW18

 • I promise to vote in this year's elections no matter what the odds are.

  Please check above checkbox.

 • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626