'പൂത്തുമ്പീ- കുര്‍ള മമ്മീ' കാലം വീണ്ടും വരുമോ? ടിക് ടോക്ക് ബ്ലോക്കിൽ കേന്ദ്രസര്‍ക്കാര്‍ എന്താ പറയുന്നത്?
- Published by:meera_57
- news18-malayalam
Last Updated:
ചില സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ജൂണ്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ ടിക്ടോക് പ്ലാറ്റ്‌ഫോം നിരോധിച്ചു
ഇന്ത്യയില്‍ ഒരു കാലത്ത് ഏറെ സജീവമായിരുന്നു ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്ക്. 'പൂത്തുമ്പി കുര്‍ള മമ്മീ പാട്ടും' അത് ഉള്‍പ്പെടുന്ന ചെറു ടിക് ടോക്ക് വീഡിയോകളും രാജ്യത്ത് വമ്പന്‍ ഹിറ്റായിരുന്നു. ചില സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ജൂണ്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ ഈ പ്ലാറ്റ്‌ഫോം നിരോധിച്ചു. സോഷ്യൽ മീഡിയയിൽ ചെറുവീഡിയോകൾ നിർമിച്ചിരുന്ന നിരവധി ആരാധകർ ആപ്പിന്റെ നിരോധനത്തിൽ നിരാശയിലായിരുന്നു. എന്നാല്‍ ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ലഭ്യമാകുന്നുണ്ടെന്ന് ചില അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ലഭ്യമായി തുടങ്ങിയെന്ന് ചില ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അത് തിരിച്ചുവരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പരന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമല്ലെങ്കിലും ടിക്ക് ടോക്ക് വെബ്‌സൈറ്റ് ലഭ്യമാണെന്നുള്ള വാര്‍ത്ത പരന്നത് ആരാധകരില്‍ ആവേശം വര്‍ധിപ്പിച്ചു. എന്നാല്‍ ഇന്ത്യയിലെ എല്ലാ ഐഎസ്പികളിലും വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സ്ഥിരീകരിച്ചു. ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് ആപ്പിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ പുനഃരാരംഭിക്കുന്നതിനെ കുറിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.
ചിലര്‍ ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ലോഡ് ചെയ്യാന്‍ കഴിഞ്ഞതായി പറഞ്ഞുവെങ്കിലും ചില ഉപയോക്താക്കള്‍ അത് ലഭ്യമാകുന്നില്ലെന്ന് അറിയിച്ചു.
ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചത് എന്തുകൊണ്ട്?
2020 ജൂണിലാണ് 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ഇതില്‍ ടിക് ടോക്കും ഉള്‍പ്പെടുന്നു. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ഇന്ത്യയുടെ പ്രതിരോധമേഖലയിലും സംസ്ഥാനങ്ങളുടെ സുരക്ഷയിലും പൊതുക്രമത്തിനും ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഈ ആപ്പുകള്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.
ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. അടുത്ത പതിറ്റാണ്ടുകളില്‍ ഇന്ത്യ-ചൈനീസ് ഉഭയകക്ഷി ബന്ധത്തിലുണ്ടായ വലിയ തകര്‍ച്ചകളിലൊന്നായിരുന്നു ഇത്.
advertisement
അടുത്ത നടപടി എന്ത്?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളിലൊന്നാണ് ടിക് ടോക്ക്. 200 മില്ല്യണിലധികം ഉപയോക്താക്കളാണ് ടിക് ടോക്കിന് ഇന്ത്യയില്‍ ഉള്ളത്. ഇന്ത്യന്‍ വിപണിയില്‍ വീണ്ടും പ്രവേശിക്കാനുള്ള പദ്ധതികളൊന്നും ടിക് ടോക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആപ്പിനുള്ള നിരോധനം നിലവില്‍ തുടരുകയാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 23, 2025 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'പൂത്തുമ്പീ- കുര്‍ള മമ്മീ' കാലം വീണ്ടും വരുമോ? ടിക് ടോക്ക് ബ്ലോക്കിൽ കേന്ദ്രസര്‍ക്കാര്‍ എന്താ പറയുന്നത്?