കോവിഡ് മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണും 2020 ൽ മോഷണം, കവർച്ച, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ(NCRB). പക്ഷേ സർക്കാർ ഉത്തരവുകൾക്ക് അനുസൃതമല്ലാത്ത പ്രവർത്തികൾ, നിയമ ലംഘനം തുടങ്ങിയവയിൽ വർദ്ധനവും സംഭവിച്ചിട്ടുണ്ട്. ഇതിൽ ഏറെയും കോവിഡ്-19 മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നുള്ള കേസുകളാണ് എന്നാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്.
NCRBയുടെ ഏറ്റവും പുതിയ റിപ്പോർട്ട് "ക്രൈം ഇൻ ഇന്ത്യ 2020 " പ്രകാരം 2020 ൽ മാത്രം രാജ്യത്ത് മൊത്തത്തിൽ ഇന്ത്യൻ ശിക്ഷാനിയമം (IPC) പ്രകാരം കേസെടുത്ത 42,54,356 കുറ്റകൃത്യങ്ങളും സ്പെഷ്യൽ ആൻഡ് ലോക്കൽ (SLL) നിയമ പ്രകാരം കേസെടുത്ത 23,46,929 കുറ്റകൃത്യങ്ങളും അടക്കം 66,01,285 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കാണിക്കുന്നത് 2019 ൽ (51,56,158 കേസുകൾ) രജിസ്റ്റർ ചെയ്ത കേസിനെക്കാൾ 14,45,127 (28 ശതമാനം) വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന വസ്തുതയാണ്.
അതേസമയം ഒരു ലക്ഷം ജനസംഖ്യയിൽ രജിസ്റ്റർ ചെയ്ത കുറ്റകൃത്യ നിരക്ക് 2019 ലെ 385.5 ൽ നിന്ന് 2020 ൽ 487.8 ലേക്ക് വർദ്ധിച്ചു. 2020 ൽ, ഐപിസി പ്രകാരമുള്ള കേസുകളുടെ രജിസ്ട്രേഷൻ 31.9 ശതമാനം വർദ്ധിച്ചു. അതേസമയം എസ്എൽഎൽ കുറ്റകൃത്യങ്ങയിൽ 2019 നെ അപേക്ഷിച്ച് 21.6 ശതമാനം വർദ്ധനവാണ് സംഭവിച്ചത്. 2020 ൽ ഐപിസി കേസുകളുടെ ശതമാനം 64.4 ശതമാനവും എസ്എൽഎൽ കേസുകളുടെ മൊത്തം വിഹിതം 35.6 ശതമാനവുമാണ്.കോവിഡ് മഹാമാരി (ആദ്യ തരംഗം) കാരണം രാജ്യം മാർച്ച് 25 മുതൽ മെയ് 31, 2020 വരെ സമ്പൂർണ്ണ ലോക്ക്ഡൗണിൽ ആയിരുന്നു.
ഈ സമയത്ത് പൊതു ഇടങ്ങളിലെ ആളുകൾ ഇറങ്ങുന്നത് വിലക്കിയിരുന്നു. ഇത് സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കെതിരായ കുറ്റകൃത്യങ്ങൾ, മോഷണം, കള്ളക്കളി എന്നിവയുടെ എണ്ണത്തിൽ കുറവ് വരാൻ പ്രധാനകാരണമായി. അതേസമയം, കോവിഡുമായി ഉത്തരവ് ലംഘനങ്ങൾ അത്തരത്തിലുള്ള കേസുകളുടെ വർദ്ധനവിന് കാരണമായി എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.മനുഷ്യശരീരത്തെ ബാധിക്കുന്ന 10,47,216 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് 2020 ലെ മൊത്തം ഐപിസി കുറ്റകൃത്യങ്ങളുടെ 24.6 ശതമാനമാണ്.
മനുഷ്യശരീരത്തിനെതിരായ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്ത കേസുകൾ പ്രകാരം 2019 -നെ അപേക്ഷിച്ച് 2020 -ൽ 0.5 ശതമാനം നേരിയ കുറവാണ് കാണിക്കുന്നത് (10,52,016 കേസുകൾ) കൂടാതെ കുറ്റകൃത്യങ്ങളുടെ നിരക്ക് 2019 -ൽ 78.6 ൽ നിന്ന് 2020 -ൽ 77.4 ആയി കുറഞ്ഞു.2020 ൽ മൊത്തം 29,193 കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തു, 2019 നെ അപേക്ഷിച്ച് 1 ശതമാനം (28,915 കേസുകൾ) വർദ്ധനവാണ് കാണിക്കുന്നത്.
2020 ൽ മൊത്തം 84,805 കിഡ്നാപ്പിങ് കേസുകൾ രജിസ്റ്റർ ചെയ്തു. 2019 നെ അപേക്ഷിച്ച് 19.3 ശതമാനം കേസുകൾ കുറവാണ് (1,05,036 കേസുകൾ).2020 ൽ മൊത്തം സ്ത്രീകൾക്കെതിരായ 3,71,503 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തു, 2019 നെ അപേക്ഷിച്ച് 8.3 ശതമാനം കേസുകൾ കുറവാണ് (4,05,326 കേസുകൾ).
IPC പ്രകാരം സ്ത്രീകൾക്കെതിരായ ഭൂരിഭാഗം കുറ്റകൃത്യങ്ങളും '' ഭർത്താവിൻ്റെയോ ബന്ധുക്കളുടെയോ ക്രൂരത '' (30 ശതമാനം) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളെ കിഡ്നാപ് ചെയ്ത കേസുകൾ 16.8 ശതമാനവും ബലാത്സംഗ കേസുകൾ 7.5 ശതമാനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.2020 ൽ കുട്ടികൾക്കെതിരെയുള്ള 1,28,531 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തു.2019 നെ അപേക്ഷിച്ച് 13.2 ശതമാനം കേസുകൾ കുറവാണ്(1,48,090 കേസുകൾ).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.