നേത്രരോഗമുള്ള രണ്ട് പേര്‍ തമ്മില്‍ വിവാഹം കഴിക്കരുത്, കുഞ്ഞുങ്ങള്‍ക്കും കാഴ്ച പ്രശ്‌നമുണ്ടാകും; വിചിത്ര ഉപദേശവുമായി ഡോക്ടർ
- Published by:meera_57
- news18-malayalam
Last Updated:
സ്‌ക്രീന്‍ സമയം കുറച്ചില്ലെങ്കില്‍ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഡോക്ടര്‍ ദമ്പതികളോട് പറഞ്ഞു
മാതാപിതാക്കള്‍ക്ക് എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അത് ജനിതകപരമായി കുഞ്ഞുങ്ങളെ ബാധിക്കുന്നത് സാധാരണമാണ്. എന്നാല്‍ നേത്രരോഗവുമായി ബന്ധപ്പെട്ട മാതാപിതാക്കളുടെ വൈകല്യങ്ങള്‍ കുഞ്ഞുങ്ങളെ ബാധിക്കുന്നത് സാധാരണ രീതിയില്‍ അപൂര്‍വമായ സംഭവമാണ്. ഇതുസംബന്ധിച്ച് ബെംഗളൂരുവിലെ അപ്പോളോ ആശുപത്രിയിലെ ഒരു നേത്രരോഗ വിദഗ്ദ്ധന്‍ ഒരു ദമ്പതികള്‍ക്ക് നല്‍കിയ ഉപദേശമാണ് ഇവിടെ വിചിത്രമായി തോന്നുന്നത്.
ദൂരെയുള്ള വസ്തുക്കളെ കാണാന്‍ ബുദ്ധിമുട്ട് നേരിടുന്ന മയോപ്പിയ (ഹ്രസ്വദൃഷ്ടി) എന്ന നേത്രരോഗം ബാധിച്ച ദമ്പതികള്‍ ആശുപത്രിയില്‍ നിന്ന് നേരിട്ട അസ്വസ്ഥമായ അനുഭവത്തെ കുറിച്ച് റെഡ്ഡിറ്റില്‍ പങ്കുവെച്ചു. ദമ്പതികളുടെ കണ്ണിന്റെ പൊതുവായ അവസ്ഥയെ കുറിച്ച് നേത്രരോഗ വിദഗ്ദ്ധനായ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. സ്‌ക്രീന്‍ സമയം കുറച്ചില്ലെങ്കില്‍ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഡോക്ടര്‍ ദമ്പതികളോട് പറഞ്ഞു.
ഐടി മേഖലയില്‍ ജോലി ചെയ്യുന്ന, ഏകദേശം പത്ത് മണിക്കൂറോളം സ്‌ക്രീനിന് മുന്നില്‍ ചെലവഴിക്കുന്ന ഭര്‍ത്താവ് ജോലി ഉപേക്ഷിക്കുന്നത് പരിഗണിക്കാന്‍ പോലും ഡോക്ടര്‍ നിര്‍ദ്ദേശിച്ചതായാണ് ദമ്പതികള്‍ പറയുന്നത്. എന്നാല്‍ മൈഓപിയ രോഗം ബാധിച്ച രണ്ടുപേര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് ഒഴിവാക്കണമെന്ന വിചിത്രമായ ഉപദേശവും ഈ ഡോക്ടര്‍ ദമ്പതികള്‍ക്ക് നല്‍കി. അവരുടെ കുട്ടികള്‍ക്ക് ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ഗുരുതരമായ കാഴ്ച പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
advertisement
ഡോക്ടറുടെ അപ്രതീക്ഷിത പരാമര്‍ശങ്ങള്‍ ദമ്പതികളെ അസ്വസ്ഥരാക്കുക മാത്രമല്ല ആശുപത്രിയുടെ വിശ്വാസ്യത തന്നെ ചോദ്യംചെയ്യപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ഈ സംഭവത്തിനുശേഷം വിവാഹം കഴിക്കാനും കുടുംബം ആരംഭിക്കാനും തീരുമാനിക്കും മുമ്പ് നേത്രരോഗവിദഗ്ദ്ധന്റെ വൈദ്യോപദേശം തേടേണ്ടത് ശരിക്കും ആവശ്യമാണോ എന്നതിനെ കുറിച്ച് ദമ്പതികള്‍ ആശ്ചര്യപ്പെടുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്തു.
ഭാര്യയ്‌ക്കൊപ്പം നേത്ര പരിശോധന നടത്താന്‍ പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് ഭര്‍ത്താവാണ് റെഡ്ഡിറ്റില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ നടത്തിയിട്ടുള്ള ആശുപത്രി സന്ദര്‍ശനങ്ങളില്‍ ഏറ്റവും അസ്വസ്ഥമായ ഒന്നായിരുന്നു ഇതെന്ന് അദ്ദേഹം എഴുതി. സ്‌ക്രീനില്‍ ചെലവഴിക്കുന്ന സമയം കുറച്ചില്ലെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയതായി അദ്ദേഹം പറയുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന തനിക്ക് തൊഴിലില്‍ തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ ഭയപ്പെടുത്തിയതായും റെഡ്ഡിറ്റില്‍ അദ്ദേഹം വെളിപ്പെടുത്തി. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കേട്ടപ്പോള്‍ തന്റെ ജീവന്‍ തന്നെ അപകടത്തിലാണെന്ന് തോന്നിയെന്നും അത് അടിസ്ഥാനരഹിതമായ ഭയം ജനിപ്പിക്കുന്നതായി തോന്നിയെന്നും അദ്ദേഹം കുറിച്ചു.
advertisement
എന്നാല്‍ ഭാര്യയുടെ കണ്ണ് പരിശോധിച്ചപ്പോള്‍ താന്‍ അവളുടെ ഭര്‍ത്താവാണോ എന്ന് ഡോക്ടര്‍ ചോദിച്ചതായി അദ്ദേഹം പറയുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങള്‍ ആരുമായും കൂടിയാലോചിച്ചില്ലേയെന്നായിരുന്നു ഡോക്ടറുടെ ആദ്യ ചോദ്യം. മൈഓപിയ ഉള്ള രണ്ട് പേര്‍ വിവാഹം കഴിക്കരുത്, നിങ്ങളുടെ കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ കഷ്ടപ്പെടും, ഗര്‍ഭം ധരിക്കുന്നതിന് മുമ്പ് ആലോചിച്ച് കണ്‍സള്‍ട്ടേഷന്‍ എടുക്കണമെന്നും ഡോക്ടര്‍ പറഞ്ഞതായി ടെക്കി കൂട്ടിച്ചേര്‍ത്തു. വിവാഹം കഴിക്കുന്നതിന് മുമ്പ് നമ്മള്‍ ഒരു നേത്രരോഗ വിദഗ്ദ്ധനെ സമീപിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.
advertisement
പോസ്റ്റിനു താഴെ നിരവധി പ്രതികരണങ്ങള്‍ വന്നു. അവരുടെ കണ്ണിന്റെ അവസ്ഥയായ മയോപ്പിയ, ആസ്റ്റിഗ്മാറ്റിസം എന്നിവ ഗുരുതരമല്ലെന്നും സാധാരണവും ചികിത്സിക്കാവുന്നതുമായ രോഗാവസ്ഥയാണെന്നും ഒരാള്‍ വിശദീകരിച്ചു. ഒരു പതിവ് നേത്ര പരിശോധനയ്ക്ക് മാത്രമായിട്ടാണ് ദമ്പതികള്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ വിവാഹം കഴിക്കാനും കുട്ടികളെ ജനിപ്പിക്കാനും തീരുമാനിച്ചതിന് ഡോക്ടര്‍ തങ്ങളിൽ കുറ്റബോധം ജനിപ്പിച്ചതായി ദമ്പതികള്‍ക്ക് തോന്നി.
അഭി എച്ച്ജിയെന്നാണ് കണ്‍സള്‍ട്ടന്റിന്റെ പേര്. ഇദ്ദേഹത്തിന് പരിമിതമായ അറിവ് മാത്രമേ ഉള്ളൂവെന്നും ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. അമിത ആത്മവിശ്വാസത്തില്‍ നിന്നാണോ അതോ ശരിയായ പരിശീലനത്തിന്റെ അഭാവത്തില്‍ നിന്നാണോ അദ്ദേഹത്തിന്റെ പെരുമാറ്റം ഉണ്ടായതെന്ന് ദമ്പതികള്‍ക്ക് ഉറപ്പില്ലായിരുന്നു. രോഗികളുമായി ഇടപഴകുന്നതിന് യോഗ്യതയുള്ളതും നന്നായി പരിശീലനം ലഭിച്ചതുമായ ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ അപ്പോളോ ആശുപത്രി കൂടുതല്‍ ശ്രദ്ധാലുവായിരിക്കണമെന്നും ദമ്പതികള്‍ ആശങ്ക പ്രകടിപ്പിച്ചു.
advertisement
അപ്പോളോ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് നിയമനങ്ങളെ ചോദ്യം ചെയ്തുള്ള കമന്റുകളും പോസ്റ്റിനുതാഴെ വന്നു. ചിലര്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ ദുരനുഭവങ്ങളും പങ്കുവെച്ചു. എല്ലായിടങ്ങളിലും അപ്പോളോ സേവനം ആരംഭിച്ചതുമുതല്‍ പഴയതുപോലെയല്ലെന്നും ഡോക്ടര്‍മാരുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയാണെന്നും ഒരാള്‍ കൂട്ടിച്ചേര്‍ത്തു.
പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ അത് പങ്കുവെച്ച വ്യക്തി ഇക്കാര്യത്തില്‍ മറ്റൊരു പോസ്റ്റ് കൂടി ഷെയര്‍ ചെയ്തു. സംഭവത്തില്‍ പരാതിനല്‍കാന്‍ തീരുമാനിച്ചെങ്കിലും ഹോസ്പിറ്റല്‍ അധികൃതര്‍ തങ്ങളെ ബന്ധപ്പെട്ടതായും ക്ഷമാപണം നടത്തിയതായും പോസ്റ്റ് പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം അറിയിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 15, 2025 12:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
നേത്രരോഗമുള്ള രണ്ട് പേര്‍ തമ്മില്‍ വിവാഹം കഴിക്കരുത്, കുഞ്ഞുങ്ങള്‍ക്കും കാഴ്ച പ്രശ്‌നമുണ്ടാകും; വിചിത്ര ഉപദേശവുമായി ഡോക്ടർ