• HOME
 • »
 • NEWS
 • »
 • life
 • »
 • Rajeev Sivashankar Interview|  'ഏതു ചൂടിൽനിന്നും ആശ്വാസം തേടി ഓടിയെത്താനുള്ള തണലും തുരുത്തുമാണ് എഴുത്ത്; ഔദ്യോഗിക ജോലി, എഴുത്തുജോലി വിഭജിക്കാനറിയില്ല'

Rajeev Sivashankar Interview|  'ഏതു ചൂടിൽനിന്നും ആശ്വാസം തേടി ഓടിയെത്താനുള്ള തണലും തുരുത്തുമാണ് എഴുത്ത്; ഔദ്യോഗിക ജോലി, എഴുത്തുജോലി വിഭജിക്കാനറിയില്ല'

സെൽഫ് പ്രമോഷൻ വേണ്ടത്ര ചെയ്യുന്നില്ലെന്ന് എന്നെപ്പറ്റി പൊതുവേ കുറ്റപ്പെടുത്തിക്കാണാറുണ്ട്. ശരിയാണുതാനും. പരമാവധി ഞാൻ ചെയ്യുന്നത് പുസ്തകമിറങ്ങുമ്പോൾ ഫെയ്സ്ബുക്കിൽ ചിലതു പോസ്റ്റ് ചെയ്യുകയെന്നതാണ്. അതിൽക്കൂടുതലൊന്നും എനിക്കുവയ്യ. സെൽഫ് പ്രമോഷൻ നടത്തി വായിപ്പിക്കേണ്ടതല്ല, സാഹിത്യം എന്ന് കരുതുന്നൊരാളാണ് ഞാൻ. അർഹമായതെങ്കിൽ നിലനിൽക്കും.. അർഹമായതേ നിലനിൽക്കാവൂ.

രാജീവ് ശിവശങ്കർ

രാജീവ് ശിവശങ്കർ

 • Share this:
  ആദ്യപുസ്തകം 2013ൽ. 2022 മാർച്ച് ആകുമ്പോഴേക്കും
  18 പുസ്തകങ്ങൾ.  പതിനാലും നോവലുകൾ. ഒരു നോവലൈറ്റും രണ്ട് കഥാസമാഹാരങ്ങളും ഒരു സമഗ്രാസ്വാദനവും.വേഗം പുസ്തകം പൂർത്തിയാക്കുമ്പോഴും എഴുതിയതെല്ലാം നിലവാരം പുലർത്തുന്നുവെന്നതാണ് രാജീവ് ശിവശങ്കറിനെ വ്യത്യസ്തനാക്കുന്നത്. ഏറെ സമയം കണ്ടെത്തി  പഠിച്ച് എഴുതേണ്ടവയാണ് അദ്ദേഹത്തിന്റെ പുസ്തങ്ങളിൽ ഏറെയും. പത്രപ്രവർത്തനത്തിന്റെ തിരക്കിനിടയിലും ഇത് സാധ്യമായി എന്നതുതന്നെയാണ് എടുത്തുപറയേണ്ടത്. എഴുത്തുകാരൻ രാജീവ് ശിവശങ്കറുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

  ചെറിയ പ്രായത്തിലല്ല താങ്കൾ പുസ്തകം പ്രസിദ്ധീകരിച്ചുതുടങ്ങിയത്. എന്നാൽ വൈകി എഴുതിത്തുടങ്ങിയിട്ടും എഴുത്തിൽ സജീവമായി. ഇതിനു പ്രത്യേകിച്ച് കാരണമുണ്ടോ?

  1982ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു കഥ അച്ചടിച്ചുവന്നതിൽപിന്നെ 2013ലാണ് ഞാൻ എഴുതുന്നത്. ഇത്രയും വർഷം എഴുതാതിരുന്നത് ആത്മവിശ്വാസത്തിന്റെ കുറവുകൊണ്ടായിരുന്നു. പിന്നെ അലസതയും. ഹൈസ്കൂളിൽ പഠിക്കുമ്പോൾ അവധിക്കാലത്ത് ഇരുനൂറുപേജിന്റെ ബുക്കിൽ നിറയെ കഥയെഴുതിക്കൂട്ടിയത് ഓർമയുണ്ട്. മിക്കതും ഒ.വി.വിജയന്റെയും എം.മുകുന്ദന്റെയും കഥകളുടെ വികലമായ അനുകരണം മാത്രമായിരുന്നു. പിന്നെ അതു സ്വിച്ചിട്ടതുപോലെ നിന്നു. എഴുതുന്നതിനേക്കാൾ വായിക്കാനായിരുന്നു കമ്പം. ഉപനിഷത്തു മുതൽ ഫ്രിജോകാപ്ര വരെ. കപിലസംഹിത മുതൽ മാർക്സിസം വരെ. എന്തിനെന്നറിയില്ല, വായിച്ചതിനെപ്പറ്റിയെല്ലാം കുറിപ്പെടുക്കുകയും ചെയ്തിരുന്നു. ഒഎംസിയുടെ ഋഗ്വേദതർജമയുടെ കുറിപ്പുകൾ ഇരുനൂറുപേജിന്റെ പതിനാലു ബുക്കുകളിൽ തയാറാക്കിയത് അടുത്തിടെ കണ്ടുകിട്ടിയപ്പോളാണ് എന്തൊരു ഭ്രാന്തൻ കാലമായിരുന്നു അതെന്ന് ഞാൻതന്നെ അമ്പരന്നത്.

  അക്കാലത്ത് രവിശങ്കറിന്റെ ഒരു കാർട്ടൂൺ വന്നതോർക്കുന്നു. ആശയമിങ്ങനെയാണ്: ഒരു സാമ്പത്തിക ശാസ്ത്രഗ്രന്ഥമെഴുതാൻ ഒരുങ്ങിയപ്പോൾ അതാ ‘ദാസ് ക്യാപിറ്റൽ’ പണ്ടേ ആരോ എഴുതിവച്ചിരിക്കുന്നു. എന്നാൽ ഇതിഹാസനോവലെഴുതാമെന്നു വിചാരിച്ചു. അപ്പോഴാണ് ‘ഖസാക്കിന്റെ ഇതിഹാസം’ കണ്ടത്. എന്നാൽ ഇത്തിരി ആത്മീയചിന്തയാകാം എന്നു വിചാരിച്ചപ്പോൾ ‘ഭഗവദ്ഗീത’ പണ്ടേ ചമച്ചിരിക്കുന്നു. കാർട്ടൂണിസ്റ്റാവുകയല്ലാതെ പിന്നെന്തു വഴി?
  എന്റെ അവസ്ഥയും ഇങ്ങനെയായിരുന്നു. ഓരോ കൃതിയും വായിക്കുമ്പോൾ ഞാൻ എഴുതാനാഗ്രഹിച്ചത് അതിലും മനോഹരമായി ഇതാ എഴുതിയിരിക്കുന്നു എന്നോ ഇതിലേറെ എനിക്ക് എഴുതാൻ കഴിയില്ലെന്നോ ഒക്കെ തോന്നി. അങ്ങനെ എഴുത്തിൽനിന്ന് ഓടിയൊളിച്ചു.

  പത്താംക്ലാസിൽ പഠിക്കുമ്പോൾ മാതൃഭൂമി ചെറുകഥാ മൽസരത്തിൽ സമ്മാനം നേടിയ കഥയാണ് ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്നത്. 2013ൽ വീണ്ടും എഴുതിത്തുടങ്ങുമ്പോൾ ആദ്യമെഴുതിയതും കഥയായിരുന്നു-‘ദൈവമരത്തിലെ ഇല’. അതുകഴിഞ്ഞു ‘സമാധാനത്തിന്റെ വഴികൾ’,‘ദൈവവിചാരം’ എന്നീ കഥകൾ. അന്ന് ഭാഷാപോഷിണിയുടെ എഡിറ്റർ ഇൻചാർജ് ആയിരുന്ന കെ.സി. നാരായണൻ സാർ പറഞ്ഞിട്ടാണ് നോവലിൽ ഫോക്കസ് ചെയ്യുന്നത്. ആദ്യമെഴുതിയ നോവൽ ‘തമോവേദം.’ പിന്നീട് ‘പ്രാണസഞ്ചാരം’, ’കൽപ്രമാണം’ തുടങ്ങിയവ. ഇവയെല്ലാം നന്നായി സ്വീകരിക്കപ്പെട്ടതോടെ നോവലെഴുത്തിൽ സജീവമായി.

  പത്രപ്രവർത്തകരുടെ ജോലിയുടെ തിരക്കുകൾ ഊഹിക്കാവുന്നതേയുള്ളു. ഔദ്യോഗിക ജോലിയെ ബാധിക്കാതെ എങ്ങനെയാണ് എഴുത്ത് മുന്നോട്ടു കൊണ്ടുപോകുന്നത്? വിരമിച്ചശേഷം ചെയ്യാൻ നിശ്ചയിച്ച വലിയ പ്രോജക്ടുകൾ എന്തെങ്കിലുമുണ്ടോ?

  ഔദ്യോഗിക ജോലി, എഴുത്തുജോലി, സാധാരണ ജീവിതം എന്നിങ്ങനെയൊന്നും വിഭജിക്കാൻ എനിക്കറിയില്ല. ഓഫീസിൽ ആണെങ്കിലും ഏജൻസി വാർത്തകളുടെ മൊഴിമാറ്റമോ വാർത്തകളുടെ എഡിറ്റിങ്ങോ ഒക്കെയാണല്ലോ. അതും ക്രിയേറ്റീവ് ജോലിതന്നെയാണ്. ഞാനത് ആസ്വദിക്കുന്നു. ഈ ജോലിയല്ലാതെ വേറൊന്നും എനിക്കറിയില്ല. തൊഴിൽപരമായി ജീവിതത്തിൽ പത്രപ്രവർത്തകൻ അല്ലാതെ മറ്റൊന്നുമാകാൻ ആഗ്രഹിച്ചിട്ടുമില്ല.
  ജീവിതത്തിൽ പല സന്ദർഭങ്ങളിലും ഒരു ഒളിച്ചോട്ടമെന്ന നിലയിലാണ് ഞാൻ എഴുത്തിന്റെ കൈ കോർത്തുപിടിച്ചിട്ടുള്ളത്. മനസ്സിനെ വല്ലാതെ ബാധിക്കുന്ന ഘട്ടങ്ങളിൽ എഴുത്ത് ആശ്വാസമാണ്. ഏതു ചൂടിൽനിന്നും ആശ്വാസം തേടി ഓടിയെത്താനുള്ള തണലും തുരുത്തുമാണത്. അവിടെ ഞാൻ പലതരം ജീവിതങ്ങൾ സ്വപ്നം കാണുന്നു. പലരുടെ ജീവിതങ്ങൾ ജീവിക്കുന്നു. ജീവിതങ്ങളെ നിയന്ത്രിക്കുന്നു. അതു രസമുള്ള കാര്യമാണ്. ചിലസമയങ്ങളിൽ എഴുത്തിലും മാനസികസമ്മർദം വല്ലാതെയാകും. കഥാപാത്രങ്ങളുടെ മോശം പെരുമാറ്റംപോലും യഥാർഥജീവിതത്തിലെ മൂ‍ഡിനെ ബാധിക്കും. ഇപ്പോൾ വീട്ടിൽ എല്ലാവർക്കും ഇതറിയാം. അതുകൊണ്ടു കുഴപ്പമില്ല.
  അടുത്ത ദിവസം എന്താണു സംഭവിക്കാനിരിക്കുന്നത് എന്നുപോലും നിശ്ചയമില്ലാത്ത ജീവിതത്തിൽ നാലുകൊല്ലത്തിനുശേഷം വിരമിക്കുമ്പോൾ ചെയ്യാനുദ്ദേശിക്കുന്നവ ആസൂത്രണം ചെയ്യുന്നതിൽ അർഥമില്ല. ഞാൻ പൊതുവേ ജീവിതം അങ്ങനെ പ്ലാൻ ചെയ്യുന്നൊരാളല്ല. വരുന്നിടത്തുവച്ചു കാണാം എന്നൊരു മട്ടുണ്ട് പലപ്പോഴും. എങ്കിലും മുഗൾ ചക്രവർത്തിമാരുടെ ജീവിതവും മഹാഭാരതവുമായി ബന്ധപ്പെട്ട ചില വലിയ പ്രോജക്ടുകൾ സമയമെടുത്ത് ചെയ്യണമെന്നുണ്ട്. എഴുതുന്നതല്ല, അതിലേക്ക് ആവശ്യമായ വിഭവങ്ങൾ ശേഖരിക്കുന്നതാണു പ്രയാസം. ചില ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരെപ്പോലെ കുറെപ്പേരെ സഹായികളായി നിയമിച്ച് റിസർച്ച് ചെയ്യിച്ചൊന്നുമല്ലല്ലോ നമ്മളുടെ എഴുത്ത്.  എഴുത്തിനനുസരിച്ച് അംഗീകാരം ലഭിച്ചതായി തോന്നുന്നില്ല. എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ?

  അംഗീകാരമോ പുരസ്കാരമോ ഉദ്ദേശിച്ചത്? ഇന്നും എഴുത്തുകാരൻ എന്നതിനേക്കാൾ ഞാൻ ആനന്ദിക്കുന്നത് വായനക്കാരൻ എന്ന നിലയാണ്. ഞാൻ വായിച്ചുകൂട്ടിയ പുസ്തകങ്ങൾക്ക് കണക്കില്ല. തിരുവനന്തപുരത്ത് പഠിക്കുന്ന കാലത്ത് പുസ്തകം വാങ്ങാനും ഭക്ഷണം കഴിക്കാനും കൂടി പണം തികയാതിരുന്ന സാഹചര്യങ്ങളിൽ പുസ്തകം വായിച്ച് വിശപ്പടക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, പുരസ്കാരം കിട്ടാത്തതിനെപ്പറ്റി ഞാൻ ആശങ്കപ്പെടുന്നില്ല. പക്ഷേ, അനർഹമായ മറ്റു കൃതികൾക്ക് അതു കിട്ടുമ്പോൾ ചിലപ്പോഴെങ്കിലും വായനക്കാരൻ എന്ന നിലയിൽ ഞാൻ ഉള്ളിൽ ക്ഷോഭിക്കാറുണ്ട്.

  സെൽഫ് പ്രമോഷൻ വേണ്ടത്ര ചെയ്യുന്നില്ലെന്ന് എന്നെപ്പറ്റി പൊതുവേ കുറ്റപ്പെടുത്തിക്കാണാറുണ്ട്. ശരിയാണുതാനും. പരമാവധി ഞാൻ ചെയ്യുന്നത് പുസ്തകമിറങ്ങുമ്പോൾ ഫെയ്സ്ബുക്കിൽ ചിലതു പോസ്റ്റ് ചെയ്യുകയെന്നതാണ്. അതിൽക്കൂടുതലൊന്നും എനിക്കുവയ്യ. സെൽഫ് പ്രമോഷൻ നടത്തി വായിപ്പിക്കേണ്ടതല്ല, സാഹിത്യം എന്ന് കരുതുന്നൊരാളാണ് ഞാൻ. അർഹമായതെങ്കിൽ നിലനിൽക്കും.. അർഹമായതേ നിലനിൽക്കാവൂ.
  പുരസ്കാരങ്ങളെ വിലകുറച്ചു കാണുന്നില്ല, പക്ഷേ, അതു തേടിവരുമ്പോളാണ് വില. ‘കൽപ്രമാണം’, ‘മറപൊരുൾ’ ‘കുഞ്ഞാലിത്തിര’ തുടങ്ങിയ കൃതികൾക്ക് അർഹമായ അംഗീകാരം ലഭിച്ചില്ലല്ലോയെന്ന് പലരും ചൂണ്ടിക്കാട്ടുമ്പോൾ എന്നിലെ വായനക്കാരനും അതു ശരിവയ്ക്കാറുണ്ട്. പക്ഷേ, എഴുത്തുകാരൻ എന്ന നിലയിൽ എനിക്കതു പ്രശ്നമല്ല.

  അടുത്തിടെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയൊരു പുസ്തകവായനക്കാരന്റെ വിരുദ്ധജീവിതത്തെപ്പറ്റി കവർസ്റ്റോറി വന്നു. വിരുദ്ധ ജീവിതം എന്നു പറഞ്ഞത് സജീവൻ എന്ന അദ്ദേഹം മോഷണശിക്ഷയ്ക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിക്കുകയാണെന്നതിനാലാണ്. പക്ഷേ, ഇപ്പോഴും അദ്ദേഹത്തിനു കൂട്ട് പുസ്തകങ്ങളാണ്. ലോകസാഹിത്യമപ്പാടെ വായിച്ചുകൂട്ടുന്ന ആ മനുഷ്യന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളുടെ പട്ടികയും വാർത്തയോടൊപ്പം പത്രത്തിൽ കൊടുത്തിരുന്നു. അതിലൊന്ന് എന്റെ ‘പെണ്ണരശ്’ എന്ന നോവലായിരുന്നു. ഇതൊക്കെയാണ് വലിയ അംഗീകാരമായി ഞാൻ കരുതുന്നത്.

  മറ്റ് എഴുത്തുകാരുടെ പിന്തുണ, വായനക്കാരുടെ പിന്തുണ അതൊക്കെ എങ്ങനെയാണ്?

  കഴിയുന്നത്ര സാഹിത്യവേദികളിൽനിന്നു മാറിനിൽക്കുന്ന ആളാണു ഞാൻ. അതുകൊണ്ടുതന്നെ മനോരമയ്ക്കു പുറത്തെ എഴുത്തുകാരുമായി വലിയ അടുപ്പമൊന്നുമില്ല. പുസ്തകം വായിച്ച് കഥാകൃത്ത് അഷ്ടമൂർത്തി ഇടയ്ക്ക് വിളിച്ചിട്ടുണ്ട്. സാനുമാഷും സിപിഎമ്മിലെ എസ്.രാമചന്ദ്രൻപിള്ളയും കോൺഗ്രസിലെ രമേശ് ചെന്നിത്തലയും വി.ഡി. സതീശനുമൊക്കെ ‘മറപൊരുൾ’ വായിച്ചു ബന്ധപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തല എന്റെ ഏതു പുസ്തകമിറങ്ങിയാലും ആദ്യം വായിച്ച് അഭിപ്രായം അറിയിക്കുന്ന ആളാണ്. എന്നാൽ നേരിട്ട് ഞങ്ങൾ കണ്ടിട്ടുപോലുമില്ല. ‘മറപൊരുൾ’ വായിച്ച് സാനുമാഷും ‘തമോവേദം’ വായിച്ച് വി.കെ.ശ്രീരാമനും കത്തെഴുതിയിട്ടുണ്ട്. എസ്.ഹരീഷിന്റെ നോവലിനെപ്പറ്റി ഒരു പുസ്തകമെഴുതിയതുവഴി അദ്ദേഹവുമായി അടുപ്പമുണ്ടെന്നു പറയാം.‌
  ഡിസി ബുക്സിനു പുറമേ എസ്പിസിഎസ്, ഗ്രീൻ ബുക്സ്, പൂർണ, ലോഗോസ്, സൈകതം തുടങ്ങിയ പ്രസിദ്ധീകരണസ്ഥാപനങ്ങളും എന്റെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരു പ്രസിദ്ധീകരിച്ചാലും എന്റെ പുസ്തകം തേടിപ്പിടിച്ചു വായിക്കുന്നവരുണ്ട്. ആരെഴുതി എന്നല്ലാതെ എന്തെഴുതി എന്നു നോക്കുന്ന കാമ്പുള്ള വായനക്കാരുടെ വിപുലമായ സംഘവും എന്നെ തേടിവരാറുണ്ട്. അവരൊന്നും സോഷ്യൽമീഡിയയിൽ സജീവമല്ല. പക്ഷേ, ഓരോ പുസ്തകവുമിറങ്ങിക്കഴിഞ്ഞും വിളിക്കുന്നവർ. അടുത്തതെപ്പോൾ എന്ന് വിളിച്ചു ചോദിക്കുന്നവർ ഒക്കെയുണ്ട്. ഇവരിൽ ചിലർ പിന്നീട് കുടുംബസുഹൃത്തുക്കൾ തന്നെയായി.

  എസ്.ഹരീഷുമായുള്ള അടുപ്പം കൊണ്ടാണോ ‘മീശമാഹാത്മ്യം’ എന്ന പുസ്തകം എഴുതിയത്?

  അതെഴുതിയതിനുശേഷമാണ് ഹരീഷുമായി അടുക്കുന്നത്. ‘മീശ’ എന്ന നോവൽ എന്നെ ഒരുപാട് ആകർഷിച്ച ഒന്നാണ്. പക്ഷേ, വിവാദം അതിനെ തകർക്കുന്നതുപോലെ തോന്നി. നോവൽ വായിക്കുകപോലും ചെയ്യാതെ അതിനെ ചവിട്ടിത്തേച്ചവരാണു പലരും. അതുകൊണ്ടുതന്നെ ആ രചനയെപ്പറ്റി ഗൗരവത്തോടെ എന്തെങ്കിലും എഴുതുക എന്നതു വായനക്കാരൻ എന്ന നിലയിൽ എന്റെ കടമയായി ഞാൻ കണ്ടു. ഡിസി ബുക്സ് ഉടൻ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളത്തിലെ മികച്ച കൃതികളിലൊന്നാണു ‘മീശ’യെന്നു ഞാൻ കരുതുന്നു. ഹരീഷിനു മാത്രം എഴുതാൻ കഴിയുന്ന ഒന്ന്. ഭാവിയിൽ കൂടുതൽ ആഴത്തിൽ പഠിക്കേണ്ട കൃതി. അതിനുള്ള ഉപാധിയായി ‘മീശമാഹാത്മ്യ’ത്തെ കണ്ടാൽ മതി.

  നിരൂപകരുടെ സമീപനം എന്താണ്?

  എനിക്കറിയില്ല. പുരസ്കാരം കിട്ടുന്നവരെ പുകഴ്ത്തുന്ന നിരൂപകരാണല്ലോ ഏറെയും. ‘ദൈവവിചാരം’ പ്രസിദ്ധീകരിച്ച സമയത്ത് പത്തുവർഷത്തിനുള്ളിൽ വായിച്ച മികച്ച കഥയാണെന്ന് ആരോ എഴുതിക്കണ്ടു. ‘തമോവേദം’ മുതൽ ‘മറപൊരുൾ’ വരെയുള്ള നോവലുകളെപ്പറ്റി ഷാജി ജേക്കബ് വിശദമായ ആസ്വാദനം എഴുതിയിരുന്നു. പിന്നീട് എന്തുകൊണ്ടോ എഴുതിക്കണ്ടില്ല. ഡോ.ജിസാ ജോസ് ആദ്യകാലത്ത് എന്റെ കൃതികളെപ്പറ്റി വിശദമായ പഠനം എഴുതുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ജിസയും നോവലെഴുത്തിലേക്ക് തിരിഞ്ഞല്ലോ.
  ജി.ആർ. ഇന്ദുഗോപന്റെ ‘മണൽ ജീവികൾ’, എന്റെ ‘കൽപ്രമാണം’ എന്നീ നോവലുകളെ അടിസ്ഥാനമാക്കിയുള്ള വിശദമായ പഠനം ഓക്സ്ഫെഡ് യൂണിവേഴ്സിറ്റിയുടെ ഇക്കോളജിക്കൽ ജേണലിൽ (ISLE-ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ് ഇൻ ലിറ്ററേച്ചർ ആൻഡ‍് എൻവയോൺമെന്റ്) അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇംഗ്ലിഷ് അസിസ്റ്റന്റ് പ്രഫസറായ ആർ ശ്രീജിത് വർമയുടേതാണ് പഠനം.
  എന്റെ ഒരു കൃതിക്കും ഇതുവരെ മറ്റൊരാളെക്കൊണ്ട് അവതാരികപോലും ഞാൻ എഴുതിപ്പിച്ചിട്ടില്ല. ‘ഇതാ, ഇതുവായിക്കൂ, ഗംഭീരമാണ്’ എന്ന് ഒരു അവതാരികയെഴുത്തുകാരന്റെ പ്രമാണപത്രം എനിക്കാവശ്യമില്ല. കാരണം, എന്റെ കൃതിയെ വായനക്കാരൻ എന്ന നിലയിൽ മാറിനിന്നു പരിശോധിക്കാനും വിലയിരുത്താനും വിമർശിക്കാനും എനിക്കുസ്വയം കഴിയാറുണ്ട്.

  സ്വന്തം രചനകളിൽ ഏറ്റവും പ്രിയപ്പെട്ടവ ഏതാണ്?

  എല്ലാം പ്രിയപ്പെട്ടതാണ്. എങ്കിലും മടങ്ങിവരവിൽ ആദ്യം എഴുതിയ കഥകളിലൊന്ന് എന്ന നിലയിൽ ‘ദൈവവിചാര’ത്തോട് പ്രത്യേക ഇഷ്ടമുണ്ട്. ഇതുവരെ എഴുതിയവയിൽ ഏറ്റവും വേദനയോടെ എഴുതിയത് ‘പെണ്ണരശ്’ആണ്. അതിലെ ‘വയലറ്റ് രാജകുമാരി’ എന്റെ എന്നത്തെയും പ്രണയസ്വപ്നമാണ്. ഭാഷാപരമായി ഒരുപാട് പ്രത്യേകതകൾക്ക് ആ നോവലിൽ ശ്രമിച്ചിട്ടുണ്ട്. ആ നിലയ്ക്ക് അതിനോടും പ്രത്യേക ഇഷ്ടമുണ്ട്.
  ‘തമോവേദ’വും ‘മറപൊരുളും’ രണ്ടതിരുകളിലുള്ള രചനകളാണ്. ഒന്ന് അരാജകജീവിതത്തിന്റെ അങ്ങേയറ്റത്തും മറ്റേത് ആധ്യാത്മികജീവിതത്തിന്റെ ഇങ്ങേയറ്റത്തും. ‘തമോവേദം’ എന്റെ ആദ്യത്തെ നോവലാണ്. അതു വായിച്ച് നാടുകാണാൻ വന്ന കുറെ പേരുണ്ട്. ‘മറപൊരുൾ’ എനിക്ക് വേറെ തലത്തിലുള്ള ഒരുപാട് വായനക്കാരെ നേടിത്തന്ന രചനയാണ്.
  ‘കൽപ്രമാണ’മാകട്ടെ, തീവ്രമായ അനുഭവങ്ങളിൽ നിന്നുണ്ടായ പുസ്തകമാണ്. എന്റെ നാടിനടുത്തുള്ള ഒരു ഗ്രാമത്തിലെ ഞാൻ കണ്ട കാഴ്ചകളുടെ നേർസാക്ഷ്യം. ആദ്യം എൻബിഎസ് പ്രസിദ്ധീകരിച്ച നോവൽ പിന്നീട് ലോഗോസ് പുനഃപ്രസിദ്ധീകരിച്ചു. ‘കൽപ്രമാണം’ കൂടുതൽ ഗൗരവമുള്ള പഠനം അർഹിക്കുന്ന ഒന്നാണ്. ആ നിലയ്ക്ക് ആ പുസ്തകത്തെയും ഹൃദയത്തോടു ചേർത്തുവയ്ക്കുന്നു. കേരളത്തിന്റെ പരിസ്ഥിതി മുന്നേറ്റത്തിന് പിന്തുണയെന്ന നിലയിൽ ‘കൽപ്രമാണം’ ആർക്കും സൗജന്യമായി അച്ചടിച്ചു വിതരണം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. റോയൽറ്റി എനിക്ക് ആവശ്യമില്ല.

  അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കാം

  രാജീവ് ശിവശങ്കർ

  പത്തനംതിട്ട ജില്ലയിലെ കോന്നി മങ്ങാരം കാരുവള്ളിൽ വീട്ടിൽ ജനനം. മാതൃഭൂമി ചെറുകഥാ മൽസരത്തിൽ പുരസ്‌കാരജേതാവാണ്. പ്രാണസഞ്ചാരം തോപ്പിൽ രവി പുരസ്‌കാരവും. ദൈവമരത്തിലെ ഇല മനോരാജ് സ്മാരക കഥാപുരസ്കാരവും നേടി. ഇപ്പോൾ മലയാള മനോരമ കോട്ടയം യൂണിറ്റിൽ അസിസ്റ്റന്റ് എഡിറ്റർ.
  ഭാര്യ പി.എസ്. രാജശ്രീ (അധ്യാപിക). മകൾ: നിള
  വിലാസം: കാരുവള്ളിൽ, കോന്നി പിഒ, പത്തനംതിട്ട ജില്ല. പിൻ: 689691
  ഇ–മെയിൽ: rajeevsnila@gmail.com
  ഫെയ്‌സ്‌ബുക്ക്: rajeevsivashankar
  ഫോൺ-94478 01058

  കൃതികളും പ്രസിദ്ധീകരിച്ച വർഷവും

  നോവലുകൾ

  തമോവേദം (2013)
  പ്രാണസഞ്ചാരം(2013)
  കൽപ്രമാണം (2014)
  പുത്രസൂക്‌തം(2015)
  കാറൽ മാർക്‌സ്; കൈലാസം വീട് (2016)
  മറപൊരുൾ (2016)
  കലിപാകം (2017)
  പെണ്ണരശ് (2018)
  ദിവ്യം (2019)
  കുഞ്ഞാലിത്തിര(2019)
  നാഗഫണം (2020)
  റബേക്ക (2021)
  പടം (2022)
  ജാലം (2022)

  നോവലെറ്റുകൾ

  മരണവാരിധി (2020)

  കഥാസമാഹാരം

  ദൈവമരത്തിലെ ഇല(2015)
  ഗൂഢം (2017)

  ആസ്വാദനം, പഠനം
  മീശ മാഹാത്മ്യം (2021)
  Published by:Rajesh V
  First published: