പാലക്കാട്: പാലക്കാട്: ഐഐടി പ്രവേശനം നേടി നാടിന്റെ അഭിമാനമായി കൽക്കണ്ടിയൂർ ആദിവാസി ഊരിലെ കൃഷ്ണദാസ്. പാലക്കാട് ഐഐടിയിൽ തന്നെ പ്രവേശനം നേടി ചരിത്രം സൃഷ്ടിച്ചാണ് കൃഷ്ണദാസിന്റെ നേട്ടം.
അട്ടപ്പാടിയിൽ നിന്നും ഐ ഐ ടി പ്രവേശനം നേടുന്ന ആദ്യത്തെ വിദ്യാർത്ഥിയാണ് കൃഷ്ണദാസ്. പാലക്കാട് ഐഐടിയിൽ തന്നെ പ്രവേശനം ലഭിച്ചുവെന്നതാണ് കൃഷ്ണദാസിന് ഇരട്ടി സന്തോഷം നൽകുന്നത്. കൽക്കണ്ടിയൂർ ആദിവാസി ഊരിലെ മാക്കുലൻ - സാവിത്രി ദമ്പതികളുടെ മൂത്ത മകനാണ് കൃഷ്ണദാസ്.
നാലാം ക്ലാസിന് ശേഷം അട്ടപ്പാടിയിൽ നിന്നും നൂറ് കിലോമീറ്റർ അകലെയുള്ള പാലക്കാട് പട്ടഞ്ചേരിയിലായിരുന്നു തുടർ പഠനം. പട്ടഞ്ചേരി ട്രൈബൽ ഹോസ്റ്റലിൽ താമസിച്ച് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൃഷ്ണദാസിന്റെ മികവ് കണ്ട വണ്ടിത്താവളം KKM HSS ലെ റിട്ടയേർഡ് പ്രിൻസിപ്പൽ വിജയശേഖരൻ എല്ലാ പിന്തുണയും നൽകി. പ്രത്യേക പരിശീലനം നൽകി.
അകത്തേത്തറ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ കൃഷ്ണദാസ് ഐഐടിയിൽ എംടെക്കിന് പ്രവേശനം നേടാനുള്ള ശ്രമത്തിലായിരുന്നു. വിജയശേഖരൻ മാസ്റ്റർ കൃഷ്ണദാസിനെ വീട്ടിൽ താമസിപ്പിച്ച് ഗേറ്റ് പരീക്ഷാ പരിശീലനത്തിനുള്ള എല്ലാ സൗകര്യവും നൽകി.
കൃഷ്ണദാസിന് ഐഐടിക്ക് പ്രവേശനം ലഭിച്ചതോടെ വിജയശേഖരൻ മാസ്റ്റർക്കും നിറഞ്ഞ സന്തോഷം. കർഷകരാണ് കൃഷ്ണദാസിന്റെ മാതാപിതാക്കളായ മാക്കുലനും സാവിത്രിയും. രണ്ടു സഹോദരൻമാരുണ്ട്. സോമരാജും, മഹേഷും. അവരും വിദ്യാർത്ഥികളാണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.