(എഴുതിയത്: ബെംഗളൂരു കാവേരി ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റും അപസ്മാരരോഗ വിദഗ്ധനുമായ ഡോ. സോണിയ താംബെ.)
അപസ്മാരം തലച്ചോറിനെ ബാധിക്കുന്ന ഒരു തകരാറാണ്. കൈകാലുകൾ വിറയ്ക്കുക, പെട്ടെന്നുള്ള വീഴ്ച, ആശയക്കുഴപ്പം, പെട്ടന്ന് ബോധം നഷ്ടപ്പെടൽ, വിചിത്രമായ വൈകാരിക ചേഷ്ടകൾ, ഉത്കണ്ഠ, മനോവിഭ്രാന്തി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. അപസ്മാരം ഏത് പ്രായത്തിലുമുള്ള ആളുകളെയും ലിംഗഭേദമില്ലാതെ ബാധിക്കുമെങ്കിലും സ്ത്രീകളിലെ അപസ്മാരം പ്രത്യേക ആശങ്കകൾ ഉണ്ടാക്കുന്നതാണ്.
അപസ്മാരവും ആർത്തവ ചക്രവും
സ്ത്രീകളിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഹോർമോണുകൾ ഈസ്ട്രജനും പ്രൊജസ്ട്രോണും ആണ്. ഈസ്ട്രജൻ പ്രോ – കൺവൾസന്റ് (അപസ്മാരം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു), പ്രോജസ്റ്ററോൺ ആൻറി – കൺവൾസന്റും ആണ് (അപസ്മാരം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു). ഒരു സ്ത്രീയുടെ ശരീരത്തിൽ ഹോർമോണുകളുടെ അളവിലും സന്തുലിതാവസ്ഥയിലും മാറ്റങ്ങൾ സംഭവിക്കുമ്പോൾ ഇതുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രായപൂർത്തിയാകൽ, ഗർഭധാരണം, ആർത്തവവിരാമം എന്നിവയിലുടനീളം അപസ്മാരം ഉണ്ടാകാനുള്ള സാധ്യത കൂടുതലായി കാണാം. ചില സ്ത്രീകൾക്ക് അവരുടെ ആർത്തവചക്രത്തിന്റെ പ്രത്യേക സമയങ്ങളിൽ അപസ്മാരം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് ആർത്തവത്തിന് തൊട്ടുമുമ്പ്, ഇതിനെ “കാറ്റാമെനിയൽ അപസ്മാരം” എന്ന് വിളിക്കുന്നു.
അപസ്മാരവും ഗർഭനിരോധന മാർഗങ്ങളും
മിക്ക കേസുകളിലും അപസ്മാരത്തിനെതിരെ മരുന്നുകൾ ഉപയോഗിക്കുന്നതിനാൽ ഹോർമോൺ മരുന്നുകൾ ഉപയോഗിച്ചുളള ഗർഭനിരോധനം ഫലപ്രദമാകില്ല. ഒന്നുകിൽ കോണ്ടം/ഡയഫ്രം പോലെയുള്ള ഗർഭനിരോധന മാർഗങ്ങൾ അല്ലെങ്കിൽ ഗർഭാശയത്തിനുള്ളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയാകും ഏറ്റവും അനുയോജ്യം.
സ്ത്രീകളിലെ അപസ്മാരവും ഫെർട്ടിലിറ്റിയും
പല പഠനങ്ങളും അനുസരിച്ച് അപസ്മാരം ബാധിച്ച സ്ത്രീകൾക്ക് കുട്ടികൾ കുറവാണ്. ജനന വൈകല്യം, ലൈംഗിക അപര്യാപ്തത, അനോവുലേറ്ററി സൈക്കിളുകൾ (അണ്ഡമില്ലാത്ത ആർത്തവ സൈക്കിളുകൾ), പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്നിവയെല്ലാം ഇവരെ ബാധിക്കാനിടയുണ്ട്. എന്നിരുന്നാലും 2018 ലെ പഠനമനുസരിച്ച് വന്ധ്യതയോ അനുബന്ധ തകരാറുകളോ മുൻകൂട്ടി കണ്ടെത്താത്ത സ്ത്രീകൾ അപസ്മാരം ഇല്ലാത്ത അവരുടെ സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ സമാനമായ ഗർഭധാരണ നിരക്കാണ് രേഖപ്പെടുത്തുന്നത്.
അപസ്മാരവും ഗർഭധാരണവും:
അപസ്മാരം ബാധിച്ച മിക്ക സ്ത്രീകൾക്കും അസന്തുലിതമായ ഗർഭകാലമാണ് ഉണ്ടാവുക. വാൾപ്രോയിക് ആസിഡ്, കാർബമാസാപൈൻ, ഫിനോബാർബിറ്റൽ, ഫെനിറ്റോയിൻ, ടോപ്പിറമേറ്റ് പോലെയുള്ള ചില മരുന്നുകൾ ഗർഭസ്ഥ ശിശുവിന് ജനന വൈകല്യങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഏറ്റവും സാധാരണമായ ജനന വൈകല്യമെന്ന് പറയുന്നത് നട്ടെല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. സ്പൈന ബൈഫിഡ, ഹൃദയ വൈകല്യങ്ങൾ എന്നിവയും ഉണ്ടാകാം. കൂടാതെ കുട്ടിക്ക് സംസാരം, ഭാഷ എന്നിവ വൈകാനുള്ള സാധ്യതയും ഉണ്ട്. എങ്കിലും അപസ്മാരം ബാധിച്ച സ്തീകൾക്ക് ഗർഭധാരണം സാധ്യമാണ്. അവർക്ക് കുഞ്ഞിന്റെ വളർച്ച പരിശോധിക്കാൻ കൂടുതൽ തവണ ഡോക്ടറെ കാണേണ്ടി വരും. സാധാരണയിൽ കൂടുതൽ രക്ത പരിശോധനകളും സ്കാനുകളും ആവശ്യമായി വന്നേക്കാം.
Also read-Health Tips | മെൻസ്ട്രൽ കപ്പിന്റെ ഗുണങ്ങൾ എന്തെല്ലാം? സാനിറ്ററി പാഡുകളേക്കാൾ നല്ലതോ?
മുലയൂട്ടലും അപസ്മാരത്തിനുള്ള മരുന്നുകളും
നവജാതശിശുവിന് മുലപ്പാൽ നൽകുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും പ്രതിരോധശേഷിക്കും ഉൾപ്പെടെ അത്യാവശ്യമാണ്. അതൊഴിവാക്കാൻ കഴിയില്ല. മുലപ്പാലിൽ മിക്ക ആൻറിസെയ്സർ മരുന്നിന്റെയും അളവ് വളരെ കുറവാണ്, അതുകൊണ്ട് തന്നെ അപസ്പമാര രോഗമുള്ളവർ കുഞ്ഞിന് മുലയൂട്ടുന്നത് സുരക്ഷിതമാണ്. എങ്കിലും കരുതലെന്ന നിലയ്ക്ക് കുഞ്ഞ് ദീർഘനേരം ഉറങ്ങുന്ന സമയത്ത് മരുന്ന് കഴിക്കുക. മരുന്ന് കഴിക്കുന്നതിന് തൊട്ടുമുൻപ് കുഞ്ഞിന് പാലൂട്ടുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pregnancy, Women health