(ഡോ.തേജി ദിവാൻ, കൺസൾട്ടന്റ്-ഒബ്സ്ട്രെറ്റിക്സ് & ഗൈനക്കോളജി)
ആർത്തവസമയത്ത് സാനിറ്ററി പാഡുകൾക്കു പകരം സ്ത്രീകൾ ഉപയോഗിക്കുന്നതാണ് മെൻസ്ട്രൽ കപ്പ്. ആർത്തവസമയത്ത് യോനിയിലാണ് ഇത് വെയ്ക്കുക. ഇത് ആർത്തവ രക്തം പുറത്തേയ്ക്കു വരാതെ കപ്പിനുള്ളിൽ തന്നെ ശേഖരിയ്ക്കും. മെഡിക്കൽ ഗ്രേഡ് സിലിക്കൺ, ലാറ്റക്സ് അല്ലെങ്കിൽ തെർമോപ്ലാസ്റ്റിക് ഐസോമർ കൊണ്ടാണ് സാധാരണയായി മെൻസ്ട്രൽ കപ്പുകൾ നിർമിക്കുന്നത്. ഒരു മണിയുടെ ആകൃതിയാണ് മെൻസ്ട്രൽ കപ്പിന് ഉള്ളത്. ഇവ യോനിയിൽ വെക്കുന്നതിനും നീക്കം ചെയ്യുന്നതിനും മുകളിലായി ഒരു തണ്ടു പോലെയുള്ള ഭാഗമുണ്ട്.
സാനിറ്ററി പാഡുകളും ടാംപോണുകളും
സാനിറ്ററി പാഡുകൾ അല്ലെങ്കിൽ ടാംപോണുകൾ പ്രധാനമായും മരത്തിന്റെ പൾപ്പിൽ നിന്നുള്ള അവശിഷ്ടങ്ങൾ, പോളിമറുകൾ, സുഗന്ധമുള്ള ചില വസ്തുക്കൾ, മുതലായവ ഉപയോഗിച്ചാണ് നിർമിക്കുന്നത്. ആർത്തവ സമയത്തെ രക്തം ആഗീരണം ചെയ്യാനായി ഇവയിൽ ചില രാസവസ്തുക്കളും ചേർക്കുന്നുണ്ട്. ഇത് ജെല്ലി രൂപത്തിലേക്ക് മാറ്റും. ഇത്തരം രാസവസ്തുക്കൾ യോനിയിലെ അണുബാധക്കും ഡിസ്ചാർജിനും കാരണമാകും. സാനിറ്ററി പാഡുകളും ടാംപോണുകളും ഉപയോഗിക്കുന്ന ചിലരിൽ പെൽവിക് അണുബാധകളും സങ്കീർണമായ ബാക്ടീരിയ, ഫംഗസ് അണുബാധകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മെൻസ്ട്രൽ കപ്പുകളിൽ രാസവസ്തുക്കൾ ഉപയോഗിച്ചിട്ടില്ല. ഇത് ഉപയോഗിക്കുന്ന സ്ത്രീകളിൽ ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Also read-Health Tips | സുരക്ഷിതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍; അറിയേണ്ടതെല്ലാം
മെൻസ്ട്രൽ കപ്പിന്റെ ഗുണങ്ങൾ
പത്തു വർഷം ഉപയോഗിക്കാം എന്നതാണ് മെൻസ്ട്രൽ കപ്പിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന്. ആർത്തവസമയത്തെ ഫ്ലോയുടെ അടിസ്ഥാനത്തിൽ 4 മുതൽ 12 മണിക്കൂർ വരെ ഇവ ഉപയോഗിക്കാം. അതിനു ശേഷം അവ പുറത്തെടുത്ത് കഴുകി വീണ്ടും ഉപയോഗിക്കാം.
ഇതിനെല്ലാം പുറമേ, ഖരമാലിന്യങ്ങൾ കുറക്കുന്നു എന്നതാണ് മെൻസ്ട്രൽ കപ്പുകളുടെ മറ്റൊരു പ്രത്യേകത. ചില ഡിസ്പോസിബിൾ സാനിറ്ററി പാഡുകളും പ്ലാസ്റ്റിക് ടാംപോണുകളും അഴുകാൻ 25 വർഷം വരെയെടുക്കും. ഇവ പരിസ്ഥിതിക്ക് വലിയ ദോഷമാണ് ഉണ്ടാക്കുന്നത്.
ഇന്ന് വിപണിയിൽ വ്യത്യസ്‌ത തരത്തിലും വലിപ്പത്തിലുമുള്ള മെൻസ്ട്രൽ കപ്പുകളുണ്ട്. മെൻസ്ട്രൽ കപ്പുകളെക്കുറിച്ചോ നിങ്ങൾക്ക് അനുയോജ്യമായത് ഏതാണ് എന്നതിനെക്കുറിച്ചോ കൂടുതൽ സംശയം ഉണ്ടെങ്കിൽ ഏതെങ്കിലും ഗൈനക്കോളജിസ്റ്റിനെ കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.