(ഡോ. എൻ സപ്ന ലുല്ല, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി ലീഡ് കൺസൾട്ടന്റ് , ആസ്റ്റർ സിഎംഐ ഹോസ്പിറ്റൽ, ബാംഗ്ലൂർ)
അമ്മയാകാൻ തയ്യാറെടുക്കുന്ന എല്ലാ സ്ത്രീകൾക്കും കിട്ടാറുള്ള പൊതു ഉപദേശമാണ് രണ്ട് പേർക്ക് കഴിക്കുക എന്നുള്ളത്. അമ്മയാകാൻ പോകുന്ന സ്ത്രീ ആരോഗ്യപരമായ ശരീരഭാരം നിലനിർത്താനും, കുട്ടിയ്ക്ക് ആവശ്യമായ പോഷകം കിട്ടുമെന്ന് ഉറപ്പാക്കാനും വേണ്ടിയാണ് ഇത്തരത്തിൽ നിർദ്ദേശിക്കുന്നത്.
എന്നിരുന്നാലും, രണ്ടുപേർക്ക് വേണ്ടി ഭക്ഷണം കഴിക്കുന്നത് പലപ്പോഴും ഗർഭിണികളുടെ ശരീരഭാരം കൂടുതൽ വർദ്ധിപ്പിക്കുന്നു. ഇത് സ്ത്രീകളിൽ അമിതവണ്ണത്തിനുള്ള സാധ്യത കൂട്ടുന്നു.
എന്താണ് അമിതവണ്ണം?
അമിതവണ്ണം നിങ്ങളുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് വികസിപ്പിക്കുന്ന അവസ്ഥയാണ്. ഒരാളുടെ ബോഡി മാസ് ഇൻഡക്സ് (BMI) അടിസ്ഥാനമാക്കിയാണ് ഇത് അളക്കുന്നത്. സാധാരണയായി BMI 25 നും 29.8 നും ഇടയിലുള്ള ആളുകളെ അമിതഭാരമുള്ളവരായാണ് പരിഗണിക്കുന്നത്. BMI 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ളത് പൊണ്ണത്തടിയായാണ് കണക്കാക്കുന്നത്.
അമിതവണ്ണത്തെ മൂന്ന് തലങ്ങളിൽ തരം തിരിച്ചിരിക്കുന്നു, ബിഎംഐ അടിസ്ഥാനമാക്കിയാണിത്.
1. കാറ്റഗറി I അമിതവണ്ണം: BMI 30–34.9
2. കാറ്റഗറി II അമിതവണ്ണം: BMI 35–39.9
3. കാറ്റഗറി III അമിതവണ്ണം: 40 അല്ലെങ്കിൽ അതിൽ കൂടുതലുള്ള BMI.
അമിതവണ്ണം നിങ്ങളുടെ ഗർഭകാലത്തെ എങ്ങനെ ബാധിക്കും?
ഗർഭകാലത്തെ അമിതവണ്ണം അമ്മയാകാൻ പോകുന്ന സ്ത്രീകൾ പലപ്പോഴും അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ്. ഇത് ഒന്നിലധികം സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സാധാരണയായി സ്ത്രീകൾക്ക് അമിതവണ്ണം കാരണം താഴെപ്പറയുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട് –
1. ഗർഭകാല ഹൈപ്പർടെൻഷൻ: ഉയർന്ന രക്തസമ്മർദ്ദം. ഇത്
ഗർഭാവസ്ഥയുടെ ആദ്യ മൂന്ന് മാസം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനിടയുണ്ട്.
2. പ്രീ-എക്ലാംസിയ: ഗർഭധാരണ സമയത്ത് അല്ലെങ്കിൽ പ്രസവത്തിനു തൊട്ടുപിന്നാലെ അമിതവണ്ണമുള്ള സ്ത്രീകൾക്ക് പലപ്പോഴും കരൾ വീക്കം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. വൃക്കയ്ക്ക് സംഭവിക്കുന്ന തകരാർ, അപസ്മാരം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയും അനുഭവപ്പെട്ടേക്കാം.
3. മാക്രോസോമിയ: ഈ അവസ്ഥയിൽ, ഗർഭസ്ഥശിശു സാധാരണയേക്കാൾ വലുതാവുകയും ഇത് ജനന സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് കാരണമാവുകയും ചെയ്യും.
4. ഗർഭകാല പ്രമേഹം: ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന് അമിതവണ്ണം പലപ്പോഴും കാരണമാകാറുണ്ട്. ഇതുമൂലം പല അമ്മമാർക്കും സിസേറിയൻ നടത്തേണ്ടിവരുന്നു. ജസ്റ്റേഷണൽ ഡയബറ്റിസ് രോഗനിർണയം നടത്തുന്നവർക്കും പിന്നീട് പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. ഇത് ജനിക്കുന്ന കുട്ടിയിലേയ്ക്കും പകരാനുള്ള സാധ്യതയുണ്ട്.
5. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ: ഈ അവസ്ഥയിൽ ഒരു വ്യക്തി ഉറങ്ങുമ്പോൾ ശ്വാസോച്ഛ്വാസം കുറച്ചുനേരം നിലയ്ക്കുന്നു. ഗർഭകാലത്ത് സ്ലീപ് അപ്നിയ ഉണ്ടാകുന്നത് സ്ത്രീകൾക്ക് കൂടുതൽ ക്ഷീണം തോന്നിക്കുകയും ചെയ്യും. പ്രീ-എക്ലാംസിയ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ – ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുണ്ടാക്കാനിടയുണ്ട്.
6. ജനന വൈകല്യങ്ങൾ: അമിതവണ്ണമുള്ള ഗർഭിണികൾ പ്രസവിച്ച കുട്ടികൾക്ക് ജനനവൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ, ഹൃദയ സംബന്ധമായ വൈകല്യങ്ങൾ തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ട്.
Also Read- Health | കൗമാരക്കാർ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം? അവ എങ്ങനെ പരിഹരിക്കാം?
7. പരിശോധന നടപടിക്രമങ്ങളിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ: അമിതവണ്ണം ഗർഭകാലത്തെ പരിശോധകളെ പലതരത്തിൽ തടസ്സപ്പെടുത്താറുണ്ട്. അമിതവണ്ണമുള്ളവരിൽ അൾട്രാസൗണ്ട് പരിശോധന, പ്രസവസമയത്ത് ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് നിരീക്ഷിക്കുക തുടങ്ങിയവയെല്ലാം സങ്കീർണ്ണമാകാറുണ്ട്.
ആരോഗ്യകരമായ ഗർഭധാരണം എങ്ങനെ ഉറപ്പാക്കാം?
അപകടസാധ്യതകൾ ഉണ്ടെങ്കിലും അമിതവണ്ണമുള്ള സ്ത്രീകൾക്ക് ആരോഗ്യകരമായ ഗർഭധാരണം സാധ്യമാണ്. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ അമിതവണ്ണമുള്ള സ്ത്രീകൾക്ക് ആരോഗ്യം നിലനിർത്താൻ കഴിയും.
● ഭാരം കുറയ്ക്കാനുള്ള വ്യായാമ രീതി പിന്തുടരുക. കുറഞ്ഞത് 30 മിനിറ്റെങ്കിലും നീന്തൽ, നടത്തം തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുക.
● ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുക. ഉയർന്ന അളവിൽ പ്രോട്ടീനുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
● അരി ആഹാരം കഴിക്കുന്നത് നിയന്ത്രിക്കുക
● പഞ്ചസാര ഒഴിവാക്കുക, പകരം പ്രകൃതിദത്തമായി മധുരമുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കുക.
നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശാനുസരണം ഡയറ്റിൽ മാറ്റം വരുത്തുക. കൃത്യമായി നിർദ്ദേശങ്ങൾ പാലിച്ചാൽ നിങ്ങൾക്കും ആരോഗ്യകരമായ ഗർഭധാരണവും സുഖകരമായ പ്രസവവും സാധ്യമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.