ഇന്ത്യയിൽ 10 കോടിയിലധികം പ്രമേഹരോഗികൾ; കേരളവും പുതുച്ചേരിയും ദേശീയ ശരാശരിക്ക് ഇരട്ടി
- Published by:user_57
- news18-malayalam
Last Updated:
2019ൽ 7 കോടി പ്രമേഹരോഗികളാണ് രാജ്യത്തുണ്ടായിരുന്നത്. നാല് വർഷം കൊണ്ട് 44 ശതമാനം വർദ്ധനവാണ് ഉണ്ടായത്
ഇന്ത്യയിൽ ഇപ്പോൾ 10 കോടിയിലധികം പ്രമേഹരോഗികളുണ്ടെന്ന് റിപ്പോർട്ട്. യുകെ മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഐസിഎംആർ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2019ൽ 7 കോടി പ്രമേഹരോഗികളാണ് രാജ്യത്തുണ്ടായിരുന്നത്. നാല് വർഷം കൊണ്ട് 44 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഈ വിഷയത്തിൽ അടിയന്തിര നടപടി ആവശ്യമാണെന്നും ഐസിഎംആർ പറയുന്നു.
രാജ്യത്തെ 13.6 കോടിയോളം ആളുകൾക്ക്, അതായത് ജനസംഖ്യയിലെ 15.3 ശതമാനം പേർക്കും, പ്രീ ഡയബറ്റിസ് ഉണ്ട്. ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് പ്രമേഹരോഗികളുടെ എണ്ണത്തിൽ മുന്നിൽ. ഗോവയിൽ ജനസംഖ്യയിലെ 26.4 ശതമാനം പേർ പ്രമേഹ രോഗികളാണ്, പുതുച്ചേരിയിൽ 26.3 ശതമാനം പേരും, കേരളത്തിൽ 25.5 ശതമാനം പേരും പ്രമേഹരോഗികളാണ്. 11.4 ശതമാനം ആണ് ദേശീയ ശരാശരി. ഇതിന് ഇരട്ടിയാണ് ഈ സംസ്ഥാനങ്ങളിലെ പ്രമേഹ രോഗികളുടെ എണ്ണം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബീഹാർ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി.
advertisement
“ഗോവ, കേരളം, തമിഴ്‌നാട്, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ പ്രമേഹ രോഗികളെ അപേക്ഷിച്ച്, പ്രീ ഡയബറ്റിക് രോഗികളുടെ എണ്ണം കുറവാണ്. പുതുച്ചേരിയിലും ഡൽഹിയിലും ഈ കണക്കുകൾ ഏതാണ്ട് തുല്യമാണ്”, പഠനം നടത്തിയ അംഗങ്ങളിൽ ഒരാളും, മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ പ്രസിഡന്റുമായ ഡോ. രഞ്ജിത് മോഹൻ അഞ്ജന പറഞ്ഞു. പ്രമേഹ രോഗികൾ കുറവുള്ള സംസ്ഥാനങ്ങളിൽ പലതിലും, പ്രീ-ഡയബറ്റിസ് ഉള്ള ആളുകളുടെ എണ്ണം കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ 4.8 ശതമാനം പ്രമേഹ രോഗികളാണുള്ളത്. രാജ്യത്ത് ഏറ്റവും കുറവ് പ്രമേഹരോഗികൾ ഉള്ള സംസ്ഥാനവും യുപിയാണ്. എന്നാൽ ദേശീയ ശരാശരി 15.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഉത്തർപ്രദേശിൽ 18 ശതമാനം പ്രീ ഡയബറ്റിക് രോഗികളാണ് ഉള്ളത്. “യുപിയിൽ പ്രമേഹ രോഗികളായ നാലിൽ ഒരാൾക്കും, പ്രീ-ഡയബറ്റിസ് ഉണ്ടായിരുന്നു. സിക്കിം ഇതിൽ നിന്നും വേറിട്ടു നിൽക്കുകയാണ്. ഇവിടെ പ്രമേഹ രോഗികളുടെ എണ്ണവും പ്രീ ഡയബറ്റിക് രോഗികളുടെ എണ്ണവും ഏതാണ്ട് തുല്യമാണ്. ഇത്തരം പ്രവണതകൾക്കു പിന്നിലെ കാരണങ്ങൾ പഠിക്കേണ്ടതുണ്ട്”, ഡോ.രഞ്ജിത് മോഹൻ അഞ്ജന പറഞ്ഞു.
advertisement
രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ ഉയർന്നു കാണപ്പെടുന്നവരും എന്നാൽ ടൈപ്പ്-2 പ്രമേഹമുള്ളവരായി കണക്കാക്കാൻ പറ്റാത്തതുമായി രോഗികളെയാണ് പ്രീ-ഡയബറ്റിക് രോഗികൾ എന്നു വിളിക്കുന്നത്. ജീവിതശൈലിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ, പ്രീ-ഡയബറ്റിസ് ഉള്ള മുതിർന്നവർക്കും കുട്ടികൾക്കുമെല്ലാം ഭാവിയിൽ പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
“പ്രീ-ഡയബറ്റിസ് ഉള്ളവരിൽ മൂന്നിലൊന്ന് ആളുകൾക്കും ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രമേഹം വരാൻ സാധ്യതയുണ്ട്. മൂന്നിലൊന്ന് പേർ പ്രീഡയബറ്റിക് ആയി തുടരുകയും ചെയ്യാം. ആരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി, വ്യായാമം എന്നിവയിയൂടെ പ്രമേഹം വരാതെ ശ്രദ്ധിക്കുന്നവരും ഉണ്ട്”, സീനിയർ ഡയബറ്റോളജിസ്റ്റ് ആയ ഡോ വി. മോഹൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 09, 2023 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇന്ത്യയിൽ 10 കോടിയിലധികം പ്രമേഹരോഗികൾ; കേരളവും പുതുച്ചേരിയും ദേശീയ ശരാശരിക്ക് ഇരട്ടി