ഹൃദയാഘാതം വർധിക്കാൻ കാരണം കോവിഡോ? രോഗം ഗുരുതരമായി ബാധിച്ചവർ കഠിന വ്യായാമം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
- Published by:Sarika KP
- news18-malayalam
Last Updated:
ഇതിനെക്കുറിച്ച് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അടുത്തിടെ വിശദമായ പഠനം നടത്തിയിരുന്നു.
ഗുജറാത്തില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പത്തു പേര്‍ മരിച്ചിരുന്നു. ഇതുനുപിന്നാലെ കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നവര്‍ കഠിന വ്യായാമങ്ങളും കഠിന ജോലികളും കുറച്ചു കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നിർദ്ദേശവും നൽകി. ഇതിനെക്കുറിച്ച് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അടുത്തിടെ വിശദമായ പഠനം നടത്തിയിരുന്നു. തുടർന്ന് കോവിഡ് രോഗം ഗുരുതരമായി ബാധിച്ചവര്‍ അധ്വാനമുള്ള ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ശുപാര്‍ശ ചെയ്തു.
“തുടര്‍ച്ചയായ അധ്വാനം, കഠിനമായ വ്യായാമം എന്നിവയിൽ നിന്ന് അവര്‍ ഒരു നിശ്ചിത കാലത്തേക്ക്, അതായത് ഒന്നോ രണ്ടോ വര്‍ഷത്തേക്ക് വിട്ടുനില്‍ക്കണം. അതുവഴി ഹൃദയാഘാതം തടയാൻ കഴിയും’എന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. ഇനി കോവിഡും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം എന്താണെന്ന് പരിശോധിക്കാം.
കോവിഡും സാർസ്-കോവി-2 പോലുള്ള കോവിഡിന്റെ വകഭേദങ്ങളും രക്തധമനിയുടെ കോശങ്ങളെ ബാധിക്കുന്നതിനാൽ ഇതുവഴി ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിക്കുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കണ്ടെത്തൽ. ഇതിന്റെ ഫലമായി രക്തധമനികൾ ദൃഢമാവുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്നത് വഴി നീരുകെട്ടി അത് ഹൃദയാഘാതത്തിലേക്ക് നയിക്കാം എന്നും ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കോവിഡ് കാരണമാകുമെന്ന് നേരത്തെ തന്നെ മറ്റു ഗവേഷകരും ഡോക്ടർമാരും സൂചന നൽകിയിരുന്നു.
advertisement
കോവിഡ് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയാക് സയൻസസ് ചെയർമാൻ ഡോ. അജയ് വ്യക്തമാക്കി. കോവിഡ് ബാധിച്ചതിന് ശേഷമുള്ള വർഷത്തിൽ ആളുകൾക്ക് ഹൃദയ സംബന്ധമായ എല്ലാ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു. ഇത് ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാക്കാനുള്ള സാധ്യത ഒന്നര മടങ്ങാണ് വർദ്ധിപ്പിക്കുന്നത്. കൂടാതെ കോവിഡിന് ശേഷം ആളുകൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയായും പ്രതീക്ഷിക്കാം.
എന്നാൽ രക്താതിസമർദ്ദം നേരിടുന്ന രോഗികളിലാണ് കോവിഡിന് ശേഷമുള്ള ഹൃദ്യയാഘാതം കൂടുതലായി കണ്ടെത്തിയതെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. അതിനാൽ ഉയർന്ന രക്തസമ്മർദ്ദം ഇതിൽ ഒരു പ്രധാന ഘടകമായി മാറുന്നുണ്ട്. അതേസമയം കോവിഡ് എങ്ങനെയാണ് ഹൈപ്പർടെൻഷന് കാരണമാകുന്നതെന്ന് വിശദീകരിക്കാൻ ഇതുവരെ പഠനങ്ങൾക്കോ ഡോക്ടർമാർക്കോ സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. എങ്കിലും രക്ത സമർദ്ദം ഹൃദയത്തെ എങ്ങനെ ബാധിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിനെ ബാധിക്കുന്ന ഹൃദയപേശികളുടെ തകരാറായ കാർഡിയോമയോപ്പതിക്ക് കോവിഡ് കാരണമാകുന്നുണ്ടെന്നാണ് ജോൺ ഹോപ്കിൻസ് മെഡിസിനിൽ നിന്നുള്ള വിദഗ്ധർ വെളിപ്പെടുത്തുന്നത്.
advertisement
അതേസമയം കോവിഡിന് ശേഷം ഇന്ത്യയിൽ ഹൃദ്യോഗങ്ങൾ വലിയ രീതിയിൽ വർധിച്ചുവരികയാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങളുടെ എണ്ണം സ്ഥിരമായി 25,000-ത്തിലധികവും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 28,000-ത്തിലധികവുമാണെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ ഇന്ത്യയിലെ 322 ജില്ലകളിലായി നടത്തിയ സർവേയിൽ, 72 ശതമാനം ആളുകളിലും 2020 മാർച്ചിനുശേഷം മസ്തിഷ്‌കാഘാതം, ഹൃദയസ്തംഭനം, ഹൃദയാഘാതം, കാൻസർ തുടങ്ങിയ രോഗവസ്ഥകൾ അധികമായതായും കണ്ടെത്തി.
advertisement
2022 ഒക്‌ടോബർ മുതൽ 2023 ഒക്‌ടോബർ വരെയുള്ള കാലയളവിൽ ഇത്തരം കേസുകളിൽ 21 ശതമാനത്തിന്റെ അധിക വർദ്ധനയും സര്‍വേയിൽ നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇത് ഇന്ത്യയിലെ മാത്രം സാഹചര്യമല്ല എന്നതാണ് വാസ്തവം. കോവിഡിന് ശേഷം അമേരിക്കയിൽ 1,43,787 ഹൃദയാഘാത മരണങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. കോവിഡിന്റെ ആദ്യ വർഷത്തിൽ ഇത് 14 ശതമാനം വർധിച്ച് 1,64,096 ആയും ഉയർന്നിരുന്നു. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് 25-44 വരെ പ്രായമുള്ള ആളുകളിൽ 29.9 ശതമാനവും 45-64 വയസ്സ് വരെ പ്രായമുള്ളവരിൽ 19.6 ശതമാനവും 65 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ 13.7 ശതമാനവും വർദ്ധിച്ചു.
advertisement
യുകെയിലാകട്ടെ കോവിഡ് ആരംഭിച്ചതിനു ശേഷം ഏകദേശം 100,000 അധിക മരണങ്ങൾ സംഭവിച്ചതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ മൂലം ആഴ്ചയിൽ 500-ലധികം ആളുകൾ അധികമായി മരണപ്പെടുന്നതായും സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ റിപ്പോർട്ട് അനുസരിച്ച് 2020 മാർച്ച് മുതൽ യുകെയിൽ 96,540 ഹൃദയ സംബന്ധമായ മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. അതേസമയം കോവിഡ് മൂലമുള്ള മരണങ്ങൾ കുറഞ്ഞങ്കിലും ഹൃദയസംബന്ധമായ അസുഖങ്ങൾ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 01, 2023 9:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
ഹൃദയാഘാതം വർധിക്കാൻ കാരണം കോവിഡോ? രോഗം ഗുരുതരമായി ബാധിച്ചവർ കഠിന വ്യായാമം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്