• HOME
  • »
  • NEWS
  • »
  • life
  • »
  • പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ പ്രതിരോധശേഷി കുറയുമെന്ന് പുതിയ പഠനം

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ പ്രതിരോധശേഷി കുറയുമെന്ന് പുതിയ പഠനം

രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് അണുബാധയ്ക്കെതിരായ ശരീരത്തിന്‍റെ പ്രതിരോധം ദുർബലമാക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പഠനത്തിൽ വ്യക്തമായത്

  • Share this:

    പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്ന് പുതിയ പഠനം. മൗണ്ട് സീനായിലെ ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് അണുബാധയ്ക്കെതിരായ ശരീരത്തിന്‍റെ പ്രതിരോധം ദുർബലമാക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് പഠനത്തിൽ വ്യക്തമായത്.

    എലികളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് രോഗപ്രതിരോധത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ തലച്ചോറിന്റെ പ്രതികരണത്തിന് കാരണമാകുമെന്ന് ആദ്യമായി തെളിയിക്കുന്ന പഠനമാണിത്. പ്രഭാതഭക്ഷണം സംബന്ധിച്ച പുതിയ പഠന റിപ്പോർട്ട് ഇമ്മ്യൂണിറ്റി ജേണലിൽ പ്രസിദ്ധീകരിച്ചു.

    “രാവിലത്തെ ഉപവാസം ആരോഗ്യകരമാണെന്ന അവബോധം വർദ്ധിച്ചുവരികയാണ്, ഉപവാസത്തിന്റെ ഗുണങ്ങൾക്ക് ധാരാളം തെളിവുകളുണ്ട്. എന്നാൽ രാവിലെ ഭക്ഷണം കഴിക്കാതിരിക്കുന്നത് ദോഷകരമായി ബാധിക്കുമെന്ന് ഞങ്ങളുടെ പഠനം തെളിയിച്ചിട്ടുണ്ട്,” ഗവേഷക സംഘത്തിലെ പ്രധാനിയായ ഫിലിപ്പ് സ്വിർസ്കി പറഞ്ഞു.

    “പഠനത്തിൽ നാഡീവ്യൂഹവും രോഗപ്രതിരോധവും തമ്മിലുള്ള ബന്ധത്തെ എടുത്തു കാണിക്കുന്നുണ്ട്. ഏതാനും മണിക്കൂറുകൾ മാത്രമുള്ള താരതമ്യേന ചെറിയ ഉപവാസം മുതൽ 24 മണിക്കൂർ കഠിനമായ ഉപവാസം വരെയുള്ളവ രോഗപ്രതിരോധ വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പഠനത്തിലൂടെ മനസിലാക്കാൻ ഗവേഷകർ ശ്രമിച്ചത്.

    Also Read- എന്താണ് കരൾരോഗം? കാരണങ്ങളും ലക്ഷണങ്ങളും അറിയാം

    പഠനത്തിന് ഉപയോഗിച്ച എലികളെ രണ്ടു വിഭാഗങ്ങളായി തിരിച്ചു. ഒരു കൂട്ടർക്ക് ഉറക്കമുണർന്ന ഉടൻ തന്നെ പ്രഭാതഭക്ഷണം നൽകി. രണ്ടാമത്തെ വിഭാഗത്തിലെ എലികൾക്ക് പ്രഭാത ഭക്ഷണം നൽകിയില്ല. രണ്ടു വിഭാഗത്തിലെയും എലികളുടെ നാലു മണിക്കൂറിനും എട്ടു മണിക്കൂറിനും ശേഷമുള്ള രക്ത സാംപിൾ പരിശോധിച്ചു. രാവിലെ ഭക്ഷണം നൽകാതിരുന്ന എലികളുടെ രക്തത്തിൽ മോണോസൈറ്റിന്‍റെ അളവിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. ഇത് പ്രതിരോധശേഷിയിൽ നിർണായക പങ്ക് വഹിക്കുന്ന വെളുത്ത രക്താണുക്കളുടെ അളവിലും കാര്യമായ വ്യത്യാസത്തിന് ഇടയാക്കി. എന്നാൽ രാവിലെ ഭക്ഷണം നൽകിയ എലികളിൽ മോണോസൈറ്റിന്‍റെ അളവിൽ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല.

    Published by:Anuraj GR
    First published: