ഈ പാനീയം കുടിക്കാറുണ്ടോ? പാമ്പുകടിയേക്കാൾ അപകടകരമെന്ന മുന്നറിയിപ്പ് : എങ്ങനെ ‘വിഷബാധ’യിൽ നിന്ന് രക്ഷപ്പെടാം?
- Published by:Sneha Reghu
- news18-malayalam
Last Updated:
ദിവസേന കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഒരു പാനീയത്തെ കുറിച്ച് ഇത്തരമൊരു ആരോപണം ഉയർന്നതോടെ പൊതുജനങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്കും സംശയങ്ങൾക്കും ഇടയൊരുങ്ങിയിരിക്കുകയാണ്
ഒരു കപ്പ് ചായയെച്ചൊല്ലിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപക ചർച്ച നടക്കുന്നത്. “ചായ പാമ്പ് കടിയേക്കാൾ അപകടകരമാണ്”, “രാവിലെ കുടിക്കുന്ന ചായ ശരീരത്തിൽ വിഷം പോലെ പ്രവർത്തിക്കുന്നു” തുടങ്ങിയ വാക്കുകളോടെയാണ് ചില വീഡിയോകളും പോസ്റ്റുകളുമാണ് ആളുകളെ ആശങ്കയിലാഴ്ത്തുന്നത്. ദിവസേന കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഒരു പാനീയത്തെ കുറിച്ച് ഇത്തരമൊരു ആരോപണം ഉയർന്നതോടെ പൊതുജനങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്കും സംശയങ്ങൾക്കും ഇടയൊരുങ്ങിയിരിക്കുകയാണ്.
പാലൊഴിച്ച ചായയും ഇഞ്ചിച്ചായയും വീണ്ടും ചൂടാക്കി കുടിക്കുന്നത് സുരക്ഷിതമാണോ അതോ ആരോഗ്യത്തിന് ഹാനികരമാണോ എന്നതിനെക്കുറിച്ചാണ് സംശയങ്ങൾ ഉയരുന്നത്. ബാക്കിവന്ന ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് 'X'-ൽ വന്ന ഒരു പോസ്റ്റാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. നാച്ചുറോപ്പതി വിദഗ്ധയും ആരോഗ്യ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷകയുമായി എക്സി അറിയപ്പെടുന്ന ബാർബറ ഒനീൽ ആണ് ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്.
ചായ തയ്യാറാക്കി 15–20 മിനിറ്റിനുള്ളിൽ തന്നെ അത് കുടിച്ചിരിക്കണമെന്നും, പഴയ ചായ കുടിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും ആ പോസ്റ്റ് തറപ്പിച്ചു പറയുന്നു. പോസ്റ്റിൽ ഇപ്രകാരം കുറിച്ചിരിക്കുന്നു: 'ചായ ഉണ്ടാക്കി 15–20 മിനിറ്റിനുള്ളിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. അതിനുശേഷം അത് കുടിക്കാതെ കളയണം; കാരണം, ആ സമയത്തിനുള്ളിൽ ചായ ബാക്ടീരിയകൾ വളരാൻ അനുയോജ്യമായ ഒരിടമായി മാറുന്നു.' കൂടാതെ പഴയ ചായ പ്രധാനമായും ദഹനവ്യവസ്ഥയെയും പ്രത്യേകിച്ച് കരളിനെയുമാണ് ബാധിക്കുന്നത് എന്നും ഇവർ പറയുന്നു. ജപ്പാനിൽ, 24 മണിക്കൂർ കഴിഞ്ഞ ചായ പാമ്പുകടിയേക്കാൾ അപകടകരമായി കണക്കാക്കപ്പെടുന്നുവെന്നും ചൈനയിൽ ഇത് വിഷത്തിന് തുല്യമായി' കരുതപ്പെടുന്നുവെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
advertisement
വളരെ വേഗത്തിലാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിക്കുകയും ചർച്ചയാവുകയും ചെയ്തത്. ഒരു ഉപയോക്താവ് പ്രായോഗികമായ ഒരു ചോദ്യം ഉന്നയിച്ചതോടെ ചർച്ച രസകരമായ ഒരു തലത്തിലേക്ക് മാറി. അദ്ദേഹത്തിന്റെ ചോദ്യം ഇങ്ങനെയായിരുന്നു, "നമ്മൾ വീട്ടിലുണ്ടാക്കുന്ന ഇഞ്ചിച്ചായയുടെ കാര്യമോ? ഞാൻ പലപ്പോഴും ഇഞ്ചി കഷ്ണങ്ങളാക്കി ഒരുമിച്ച് ചായയുണ്ടാക്കി വെക്കാറുണ്ട്, എന്നിട്ട് അത് പല ദിവസങ്ങളിലായി വീണ്ടും ചൂടാക്കി ഉപയോഗിക്കാറാണ് പതിവ്. ഇത് ശരിയാണോ?"
സോഷ്യൽ മീഡിയയിൽ ചായയുമായി ബന്ധപ്പെട്ട് വ്യാപക ചർച്ച നടക്കുന്ന ഈ സാഹചര്യത്തിൽ ഇവയൊക്കെ സത്യമാണോ എന്ന് തിരിച്ചറിയേണ്ടത് ആവശ്യമാണ്. അതുകൊണ്ട് തന്നെ കുറച്ച് ചായവിശേഷങ്ങൾ അറിയാം.
advertisement
പാൽച്ചായ എത്ര സമയം സൂക്ഷിക്കാം?
പാൽച്ചായ പെട്ടെന്ന് വിഷമായി മാറുന്നില്ലെങ്കിലും, 40–140°F (4–60°C) എന്ന താപനിലയിൽ ഇരിക്കുമ്പോൾ അത് സുരക്ഷിതമല്ലാതായി മാറുന്നു. ഈ താപനിലയിൽ ബാക്ടീരിയകൾ അതിവേഗം പെരുകുന്നതാണ് ഇതിന് കാരണം. പാൽ വളരെ വേഗത്തിൽ കേടാകുന്ന ഒരു വസ്തുവാണ്.
റൂം ടെമ്പറേച്ചറിൽ ചായ പുറത്തുവെച്ചിരിക്കുകയാണെങ്കിൽ രണ്ട് മണിക്കൂറിന് ശേഷം അത് കളയുന്നതാണ് ഉചിതം. നാല് മണിക്കൂറിൽ കൂടുതൽ ഒരു കാരണവശാലും പുറത്തുവെച്ച ചായ ഉപയോഗിക്കരുത്. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ വായു കടക്കാത്ത പാത്രത്തിൽ അടച്ച് 40°F-ൽ താഴെ താപനിലയിൽ സൂക്ഷിക്കുകയാണെങ്കിൽ ഒന്ന് മുതൽ മൂന്ന് ദിവസം വരെ ഇത് സുരക്ഷിതമായിരിക്കും.
advertisement
പാൽച്ചായയിലെ അപകടങ്ങൾ
പാൽച്ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് വഴി അതിൽ രൂപപ്പെട്ടേക്കാവുന്ന ബാക്ടീരിയകളോ പൂപ്പലോ പൂർണ്ണമായും നശിക്കണമെന്നില്ല. ഇത് ശരീരത്തിൽ വീക്കം ഉണ്ടാക്കിയേക്കാം. സ്ഥിരമായി ഇത്തരത്തിൽ ഉപയോഗിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. ചായ വീണ്ടും ചൂടാക്കുന്നത് ശരീരത്തിലേക്കുള്ള ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. കഫീൻ അമിതമാകുന്നത് നിർജ്ജലീകരണത്തിനും ചായയിലെ മധുരവും പാലും ശരീരഭാരം കൂടുന്നതിനും കാരണമായേക്കാം.
ഇഞ്ചിച്ചായ സുരക്ഷിതമാണോ?
പാൽ ചേർക്കാത്ത ഇഞ്ചിച്ചായ പാൽച്ചായയേക്കാൾ സുരക്ഷിതമാണ്. ഉണ്ടാക്കിയ ഉടനെ ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ 3 മുതൽ 5 ദിവസം വരെ (ചിലപ്പോൾ ഒരാഴ്ച വരെ) ഇത് ഗുണമേന്മ നഷ്ടപ്പെടാതെ ഇരിക്കും. ഓരോ തവണ ഉപയോഗിക്കുമ്പോഴും നന്നായി തിളപ്പിക്കുകയാണെങ്കിൽ ഇഞ്ചിച്ചായ ഉപയോഗിക്കുന്നത് പൊതുവേ സുരക്ഷിതമാണ്. ചായയ്ക്ക് പൂപ്പൽ, അല്ലെങ്കിൽ ദുർഗന്ധം എന്നിവ അനുഭവപ്പെട്ടാൽ അത് ഉടൻ കളയുക.നെഞ്ചെരിച്ചിൽ ഒഴിവാക്കാൻ ഒരു ദിവസം ഉപയോഗിക്കുന്ന ഇഞ്ചിയുടെ അളവ് 4 മുതൽ 5 ഗ്രാം വരെയായി പരിമിതപ്പെടുത്തണം.
advertisement
ഇഞ്ചിച്ചായയുടെ ആരോഗ്യഗുണങ്ങൾ
വീട്ടിലുണ്ടാക്കുന്ന ഇഞ്ചിച്ചായ ഒട്ടനവധി ഗുണങ്ങൾ നൽകുന്നു:
ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ നീർക്കെട്ടും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു. ദഹനം സുഗമമാക്കുന്നു. ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും മനംപുരട്ടൽ ഒഴിവാക്കാനും ഇത് മികച്ചതാണ്. ഫ്രിഡ്ജിൽ വെച്ച് ഏകദേശം 72 മണിക്കൂർ കഴിയുന്നതോടെ ഇതിന്റെ ഔഷധവീര്യം കുറഞ്ഞു തുടങ്ങും. രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ചെറിയ അളവിൽ മാത്രം നൽകുക. കുട്ടികളുടെ ശാരീരിക പ്രത്യേകതകൾ കണക്കിലെടുത്ത് ഡോക്ടറുടെ നിർദ്ദേശം തേടുന്നത് നന്നായിരിക്കും.
ചായ സുരക്ഷിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചായയുടെ ഗുണങ്ങൾ നഷ്ടപ്പെടാതിരിക്കാനും ബാക്ടീരിയബാധ ഒഴിവാക്കാനും ഇനി പറയുന്ന കാര്യങ്ങൾ ശീലിക്കുക: ആന്റിഓക്സിഡന്റുകൾ പൂർണ്ണമായി ലഭിക്കുന്നതിനും രോഗാണുബാധ ഒഴിവാക്കുന്നതിനും ദിവസവും ഫ്രഷ് ആയി ചായ ഉണ്ടാക്കി കുടിക്കുന്നതാണ് ഏറ്റവും ഉചിതം. പാൽച്ചായ ഫ്രിഡ്ജിൽ 3 ദിവസത്തിൽ കൂടുതൽ വെക്കരുത്. ഇഞ്ചിച്ചായ വായു കടക്കാത്ത പാത്രത്തിൽ 5 ദിവസം വരെ സൂക്ഷിക്കാം. ഉപയോഗിക്കുന്നതിന് മുൻപ് ചായയ്ക്ക് പുളിച്ച മണമോ നിറംമാറ്റമോ (Cloudiness) ഉണ്ടോ എന്ന് പരിശോധിക്കുക. സൂക്ഷിച്ചുവെച്ച ചായ കുടിക്കുന്നതിന് മുൻപ് നന്നായി തിളപ്പിക്കുക. പാൽ ചേർത്ത ചായയെ അപേക്ഷിച്ച് കട്ടൻ ചായ (Black tea) കേടാകാനുള്ള സാധ്യത കുറവായതുകൊണ്ട് ഇത് കൂടുതൽ സുരക്ഷിതമാണ്.
advertisement
ആയുർവേദം പറയുന്നത്?
ആയുർവേദമനുസരിച്ച്, വീണ്ടും ചൂടാക്കിയതോ സൂക്ഷിച്ചുവെച്ചതോ ആയ പാൽച്ചായ ശരീരത്തിൽ വിഷാംശങ്ങൾ രൂപപ്പെടാൻ കാരണമാകുന്നു. ഇത് നമ്മുടെ ദഹനത്തെ ദുർബലപ്പെടുത്തുന്നു. ചായ ആവർത്തിച്ച് തിളപ്പിക്കുന്നത് അതിലെ ടാനിനുകളുടെ സാന്ദ്രത കൂട്ടുകയും പ്രോട്ടീനുകളുടെ സ്വാഭാവിക ഗുണം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇത് ചായയെ വിഷതുല്യമാക്കുന്നു. ഇത്തരം ചായ കുടിക്കുന്നത് ശരീരത്തിലെ പിത്ത ദോഷത്തെ വർദ്ധിപ്പിക്കുകയും അസിഡിറ്റി, ശരീരത്തിനകത്തെ വീക്കം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ആയുർവേദം പറയുന്നത് കഫം, വാതം എന്നിവയെ നിയന്ത്രിക്കാൻ ഫ്രഷ് ആയി തയ്യാറാക്കിയ ഇഞ്ചിച്ചായയാണ് ഏറ്റവും ഉത്തമം. എന്നാൽ ഹെർബൽ ചായകൾ പോലും ഉണ്ടാക്കി രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഉപയോഗിച്ചു തീർക്കേണ്ടതാണ്.
advertisement
ചായയിലെ ആന്റിഓക്സിഡന്റുകൾ നിലനിർത്താനും രോഗാണുബാധ ഒഴിവാക്കാനും ദിവസവും പുതുതായി ചായ ഉണ്ടാക്കി കുടിക്കാണമെന്നാണ് ആയുർവേദം നിർദ്ദേശിക്കുന്നത്. ചായയിലകൾ ഇട്ട് രണ്ട് മുതൽ അഞ്ച് മിനിറ്റ് വരെ മാത്രം തിളപ്പിക്കുക. അതിൽ കൂടുതൽ സമയം തിളപ്പിക്കുന്നത് ദോഷകരമാണ്. ബാക്കിവരുന്ന ചായ പിന്നീട് ഉപയോഗിക്കാതെ കളയുന്നതാണ് ഉചിതം. ചായയിൽ പാൽ ഒഴിവാക്കുന്നതാണ് നല്ലത്. ഇഞ്ചി പോലുള്ള ഔഷധങ്ങൾ ചേർത്ത ചായകൾ കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണകരമായി കരുതപ്പെടുന്നത്. പുതുതായി തയ്യാറാക്കിയ ചായ ദഹനത്തെ സഹായിക്കുകയും ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു. എന്നാൽ പഴകിയ ചായ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും സന്തുലിതാവസ്ഥയെയും തകിടം മറിക്കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Dec 20, 2025 8:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
ഈ പാനീയം കുടിക്കാറുണ്ടോ? പാമ്പുകടിയേക്കാൾ അപകടകരമെന്ന മുന്നറിയിപ്പ് : എങ്ങനെ ‘വിഷബാധ’യിൽ നിന്ന് രക്ഷപ്പെടാം?







