(ഡോ. സക്കീര്‍ താബ്രിസ്, സീനിയര്‍ കണ്‍സള്‍ട്ടന്റ്-യൂറോളജി, യുറോ-ഓങ്കോളജി, ആന്‍ഡ്രോളജി, ട്രാന്‍സ്പ്ലാന്റ് ആന്റ് എഎംപി: റോബോട്ടിക് സര്‍ജറി.
ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍, റിച്ച്‌മണ്ട് റോഡ് ബാംഗ്ലൂര്‍)
ഇന്നത്തെ ജീവിതരീതിയിലെ മാറ്റങ്ങളും കോവിഡ് വ്യാപനവും മറ്റ് പ്രശ്‌നങ്ങളും പുരുഷന്‍മാരുടെ പ്രത്യുല്‍പ്പാദന ആരോഗ്യത്തില്‍ കാര്യമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ജീവിത ശൈലിയിലെ ആരോഗ്യകരമായ ചില മാറ്റങ്ങളിലൂടെ ഇതിൽ മാറ്റം വരുത്താനാകും. അവ എന്തൊക്കെയെന്ന് നോക്കാം.
1. വ്യായാമം
ജീവിതശൈലിയില്‍ പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. നീന്തല്‍, സൈക്ലിംഗ് തുടങ്ങി ഏതെങ്കിലും വ്യായാമം പ്രതിദിനം 45 മിനിറ്റ് നേരം ചെയ്യുന്നത് ഉത്തമമാണ്. ഇത് നിങ്ങളുടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ധിപ്പിക്കുന്നു. കൂടാതെ ബീജത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നു. എന്‍ഡോര്‍ഫിന്‍ റിലീസ് ചെയ്യാനും ഇത് സഹായിക്കുന്നു.
2. സമ്മര്‍ദ്ദം കുറച്ച് വിശ്രമിക്കുക
നിത്യജീവിതത്തിലെ സമ്മര്‍ദ്ദങ്ങൾ പ്രത്യുല്‍പ്പാദന ആരോഗ്യത്തെ ബാധിക്കും. ലൈംഗിക സംതൃപ്തി കുറയ്ക്കാനും ഇവ കാരണമാകുന്നു.സമ്മര്‍ദ്ദം വര്‍ധിക്കുന്നത് ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് കൂടാന്‍ കാരണമാകും. ഇത് ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ പ്രതികൂലമായി ബാധിക്കും. വിഷാദം പോലുള്ള മാനസിക രോഗങ്ങള്‍ കൃത്യസമയത്ത് കണ്ടെത്തി അവ ചികിത്സിച്ച് ഭേദമാക്കേണ്ടതാണ്. അതിലൂടെ മികച്ച പ്രത്യുല്‍പ്പാദന ആരോഗ്യം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. പുകവലിയാണ് മറ്റൊരു പ്രശ്‌നം. ഈ ശീലം പുരുഷന്‍മാരിലെ ബീജത്തിന്റെ അളവ് കുറയാൻ കാരണമാകും. അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ അത്തരം ശീലങ്ങള്‍ ഒഴിവാക്കുക.
3. മികച്ച ആരോഗ്യത്തില്‍ മികച്ച ലൈംഗികാരോഗ്യവും ഉള്‍പ്പെടുന്നു
ശീഘ്രസ്‌ഖലനം, ഉദ്ധാരണക്കുറവ് എന്നീ പ്രശ്‌നങ്ങള്‍ പണ്ട് മുതൽ ദമ്പതികള്‍ക്കിടയില്‍ സംഭവിക്കുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളാണ്. മുമ്പ് രഹസ്യമാക്കി വെച്ചിരുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഇന്ന് ഡോക്ടര്‍മരോട് പറയാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും ദമ്പതികള്‍ മുന്നോട്ട് വരുന്നുണ്ട്. ഭൂരിഭാഗം പേര്‍ക്കും മരുന്ന് നല്‍കുന്നതിനെക്കാള്‍ ഉപരി കൗണ്‍സിലിംഗ് നല്‍കുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നുമുണ്ട്. അതോടൊപ്പം സുരക്ഷിതമായ രീതിയിൽ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഹെര്‍പ്‌സ്, സിഫിലിസ്, ഗൊണേറിയ എന്നീ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സഹായിക്കുന്നു.
4) ഭക്ഷണക്രമത്തിലെ മാറ്റം
ജങ്ക് ഫുഡ്, പ്രോസസ്സ്ഡ് ഫുഡ് എന്നിവ പ്രത്യുല്‍പ്പാദന ആരോഗ്യത്തെയും മോശമായി ബാധിക്കുന്ന ഒന്നാണ്. പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പുരുഷന്‍മാരിലെ ബീജത്തിന്റെ അളവും ഗുണനിലവാരവും വര്‍ധിപ്പിക്കുന്നു. അതിനാല്‍ വിറ്റാമിന്‍-ഇ, ഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ ഭക്ഷണമായ മുട്ട, വാല്‍നട്ട്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.