Health Tips | കാൻസറിനെക്കുറിച്ചുള്ള മുൻവിധികളകറ്റാം; സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സാധാരണ കാൻസറുകളിൽ മൂന്നിൽ രണ്ട് ഭാഗമെങ്കിലും കൃത്യ സമയത്തുള്ള രോഗനിർണയത്തിലൂടെ സുഖപ്പെടുത്താവുന്നതുമാണ്.
ഓരോ വർഷവും ദശലക്ഷക്കണക്കിന് സ്ത്രീകളാണ് ലോകമെമ്പാടും കാൻസർ ബാധിതരാകുന്നത്. ഈ തോത് കുറക്കുകയും കാൻസറിനെക്കുറിച്ചുള്ള മിഥ്യകളെയും തെറ്റായ വിവരങ്ങളെയും കുറിച്ച് അവബോധം വളർത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. കാൻസർ മൂലമുള്ള ഏതാണ്ട് 40 ശതമാനം മരണങ്ങളും തടയാവുന്നവയാണ്. സാധാരണ കാൻസറുകളിൽ മൂന്നിൽ രണ്ട് ഭാഗമെങ്കിലും കൃത്യ സമയത്തുള്ള രോഗനിർണയത്തിലൂടെ സുഖപ്പെടുത്താവുന്നതുമാണ്. ബോധവൽക്കരണ പരിപാടികൾ, പ്രതിരോധ നടപടികൾ, പതിവ് സ്ക്രീനിംഗ് പ്രോഗ്രാമുകൾ, നേരത്തെയുള്ള കണ്ടെത്തൽ, ഉചിതമായ ചികിത്സ എന്നിവയിലൂടെ ഓരോ വർഷവും നിരവധി സ്ത്രീകളുടെ ജീവൻ രക്ഷിക്കാൻ കഴിയും.
ഓരോ വ്യക്തിയും വ്യത്യസ്തരായിരിക്കുന്നതു പോലെ, ഓരോ തരം കാൻസറും വ്യത്യസ്തമാണ്. എല്ലാവർക്കും ഒരേ തരം ചികിൽസയും പറ്റില്ല. സ്തനാർബുദം, ഗർഭാശയമുഖം കാൻസർ, ഗർഭപാത്രത്തിലെ കാൻസർ, അണ്ഡാശയത്തിലെ കാൻസർ, ശ്വാസകോശത്തിലെ കാൻസർ, വൻകുടലിലെ കാൻസർ, സ്കിൻ കാൻസർ എന്നിവയെല്ലാം ഇന്ത്യയിലെ സ്ത്രീകളിൽ സാധാരണ കണ്ടുവരുന്ന അർബുദങ്ങളാണ്.
പാരമ്പര്യ, ജനിതക, പാരിസ്ഥിതിക ഘടകങ്ങൾ, ജീവിതശൈലി എന്നിവ അനുസരിച്ച് കാൻസർ വരാനുള്ള സാധ്യത വ്യത്യാസപ്പെടുന്നു. കുടുംബ ചരിത്രം, പ്രായം, പൊണ്ണത്തടി, മദ്യം, പുകയിലയുടെ ഉപയോഗം, ഭക്ഷണക്രമം (വറുത്ത ഭക്ഷണങ്ങൾ, ചുവന്ന മാംസം), പ്രത്യുൽപാദന ചരിത്രം (നേരത്തേയുള്ള ആർത്തവവിരാമം, അല്ലെങ്കിൽ വൈകിയുള്ള ആർത്തവവിരാമം, വന്ധ്യത) എന്നിവയെല്ലാം ഇതിന് കാരണമാകാറുണ്ട്. ഇതോടൊപ്പം. ശുചിത്വമില്ലായ്മ , നേരത്തെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്, ഒന്നിലധികം പങ്കാളികളോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്, തുടങ്ങിയ കാര്യങ്ങളെല്ലാം പ്രതിരോധശേഷി കുറക്കാൻ ഇടയാക്കുന്നു.
advertisement
ഇതു കൂടാതെ, റേഡിയേഷൻ എക്സ്പോഷർ, രാസവസ്തുക്കളുമായുള്ള അമിതമായ സമ്പർക്കം, ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി), ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി), ഹെപ്പറ്റൈറ്റിസ് വൈറസുകൾ, ഹെലിക്കോബാക്റ്റർ പൈലോറി എന്നിവയെല്ലാം കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.
ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നത്, ചിട്ടയായ വ്യായാമം, യോഗ, നടത്തം, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കൽ, ആരോഗ്യകരമായ ഭക്ഷണരീതി, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉപയോഗം, വറുത്തതും എരിവുള്ളതുമായ ഭക്ഷണം കഴിക്കുന്നത് കുറക്കുന്നത്, മാംസം, കലോറി എന്നിവയുടെ നിയന്ത്രണം, വ്യക്തിശുചിത്വം പാലിക്കൽ, തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ ക്യാൻസർ വരാനുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.
advertisement
കാൻസർ നേരത്തേ കണ്ടെത്തുന്നതിന് ഫലപ്രദമായ പല മാർഗങ്ങളുമുണ്ട്. ഇത് മരണസാധ്യത ഏകദേശം 80 ശതമാനത്തോളം കുറയ്ക്കും. 40 വയസിന് മുകളിലുള്ള, കുടുംബത്തിൽ കാൻസർ ചരിത്രമുള്ളതോ അല്ലാത്തതോ ആയ സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമോഗ്രഫി, സെർവിക്കൽ പാപ്-സ്മിയർ ടെസ്റ്റ്, അണ്ഡാശയത്തിന്റെയും ഗർഭാശയത്തിന്റെയും സ്ക്രീനിംഗ്, കോൾപോസ്കോപ്പി, സിഗ്മോയിഡോസ്കോപ്പി രക്തപരിശോധന, എന്നിവയ്ക്ക് വിധേയരാകുന്നത് നല്ലതാണ്.
കാൻസർ സൂചന നൽകുന്ന ചില മുന്നറിയിപ്പുകളും അവഗണിക്കരുത്. സ്തനങ്ങളിൽ ഏതെങ്കിലും വീക്കം, മുഴകൾ, വലിപ്പ വ്യത്യാസം എന്നിവ കാണുകയാണെങ്കിൽ അത് പരിശോധിക്കണം. യോനിയിൽ നിന്നും അസാധാരണമായ തരത്തിലുള്ള ഡിസ്ചാർജ്, പാടുകൾ, രക്തസ്രാവം, വിട്ടുമാറാത്ത അൾസർ, ചർമത്തിലെ മാറ്റങ്ങൾ, വിട്ടുമാറാത്ത ചുമ, ശബ്ദത്തിലെ മാറ്റം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറുവേദന എന്നിവ ഉണ്ടെങ്കിലും ശ്രദ്ധിക്കണം. ഇടുപ്പെല്ലിലെ വേദന, നിരന്തരമായ വയറുവീക്കം, അമിതമായ ശരീരഭാരം, വിശപ്പില്ലായ്മ, എന്നീ ലക്ഷണങ്ങളും ശ്രദ്ധിക്കണം.
advertisement
ഓരോ കാൻസറിനുമുള്ള ചികിത്സയും രോഗനിർണയവും വ്യത്യസ്തമാണ്. സാധാരണ കാൻസർ ചികിത്സയിൽ ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ഹോർമോൺ തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നിവയെല്ലാം ഉൾപ്പെടുന്നു. നേരത്തെ തന്നെ കണ്ടെത്തിയാൽ കാൻസർ സുഖപ്പെടുത്താവുന്നതാണ്. ശരീരത്തിലെ വിവിധ ശരീരഭാഗങ്ങളിലേക്ക് വ്യാപിച്ചാൽ പോലും സുഖപ്പെടുത്താൻ പറ്റുന്ന കാൻസറുണ്ട്.
കാൻസർ രോഗികൾക്ക് കൂടുതൽ കാലം ജീവിക്കാനും അവരുടെ ജീവിതശൈലി മെച്ചപ്പെടുത്താനും കഴിയുന്ന ഫലപ്രദമായ ചികിത്സകൾ ഇപ്പോൾ ലഭ്യമാണ്. ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും നമ്മൾ സംസാരിക്കുന്നതിനൊടൊപ്പം, നമുക്ക് സ്ത്രീകളുടെ ആരോഗ്യത്തിനും മുൻഗണന നൽകാം.
advertisement
(ഡോ. പുഷ്പ നാഗ സി എച്ച്, റേഡിയേഷൻ ഓങ്കോളജി വിഭാഗം, ആസ്റ്റർ സിഎംഐ ഹോസ്പിറ്റൽ, ബാംഗ്ലൂർ)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 15, 2023 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | കാൻസറിനെക്കുറിച്ചുള്ള മുൻവിധികളകറ്റാം; സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?