• HOME
 • »
 • NEWS
 • »
 • life
 • »
 • Navaratri | പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നുള്ള നവരാത്രി എഴുന്നള്ളത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Navaratri | പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നുള്ള നവരാത്രി എഴുന്നള്ളത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

നവരാത്രി പൂജയ്ക്കായി അനന്തപുരിയിലേക്ക് യാത്രയാകുന്ന സരസ്വതി ദേവിയ്ക്ക്  മുന്നൂറ്റി നങ്കയും വേളിമല കുമാരസ്വാമിയും കൂട്ടുപോകുന്നു എന്നാണ് വിശ്വാസം.

 • Share this:
  സജ്ജയ കുമാർ, ന്യൂസ് 18 കന്യാകുമാരി

  തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന നവരാത്രി പൂജയില്‍ പങ്കെടുക്കുന്നതിനായി ശുചീന്ദ്രം മുന്നൂറ്റി നങ്ക ദേവി , വേളിമല കുമാരസ്വാമി , സരസ്വതി ദേവീ  എന്നിവരുടെ വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പത്മനാഭപുരം  കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ടു.

  കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച മുന്നൂറ്റി നങ്കദേവിയുടെ വിഗ്രഹഘോഷയാത്ര തൈപ്പക്കുളം ക്ഷേത്രത്തില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് പത്മനാഭപുരത്തേക്ക് പുറപ്പെട്ടത്. കേരള-തമിഴ്നാട് പോലീസ് സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം കേരള പോലീസിന്‍റെ ബാന്‍ഡ് മേളത്തിന്‍റെ അകമ്പടിയോടെ പല്ലക്കില്‍ എഴുന്നള്ളിച്ച ദേവി വിഗ്രഹം വൈകിട്ടോടെ നീലകണ്ഠസ്വാമി ക്ഷേത്രത്തിലെത്തി ചേര്‍ന്നു.

  Also Read:-Navratri | ഒൻപത് ആയുധങ്ങള്‍; ദുഷ്ടശക്തികളിൽ നിന്ന് ഭക്തരെ സംരക്ഷിക്കുന്ന ദുര്‍​ഗാദേവി

  എംഎൽഎമാരായ എൻ.ദളവായ്സുന്ദരം, എം.ആർ.ഗാന്ധി, കന്യാകുമാരിജില്ലാ പൊലീസ് മേധാവി ഹരികിരൺപ്രസാദ്, തിരുവനന്തപുരം റൂറൽ അസി.കമാൻഡന്റ് കെ.എം.ജോസഫ്, കന്യാകുമാരി ഡിവൈഎസ്പി എ.രാജ, കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ ആർ.ജ്ഞാനശേഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.  വേളിമല കുമാരസ്വാമിയുടെ വിഗ്രഹഘോഷയാത്ര വെളളിയാഴ്ച പുലര്‍ച്ചയോടെ പത്മനാഭപുരം കൊട്ടാരത്തിലെത്തി. തുടര്‍ന്ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കല്‍ മാളികയില്‍ ഘോഷയാത്രയുടെ പ്രധാന ചടങ്ങായ ഉടവാള്‍ കൈമാറ്റം നടന്നു. പ്രത്യേക പൂജകള്‍ നടത്തിയ ഉടവാള്‍ കേരള പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, കൊട്ടാരം ചാർജ് ഓഫീസർ സി.എസ്.അജിത് കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ തമിഴ്നാട് മന്ത്രി പി.വി.ശേഖർബാബുവിന് കൈമാറി.

  തുടർന്ന് ദേവസ്വം കമ്മീഷ്ണർ ജെ. കുമരഗുരുപരൻ, കന്യാകുമാരി ദേവസ്വം ജെ.സി. ജ്ഞാനശേഖർ, ജില്ലാ കലക്ടർ എം. അരവിന്ദ് എന്നിവർ ഉടവാൾ ഏറ്റുവാങ്ങി എഴുന്നള്ളതിനൊപ്പം ഉടവാളുമായി പോകുന്ന ദേവസ്വം പ്രതിനിധി സുദർശന കുമാറിനെ ഏൽപ്പിച്ചു.

  തുടര്‍ന്ന് മുന്നൂറ്റി നങ്കയുടെയും വേളിമല കുമാരസ്വാമിയുടെയും സാന്നിദ്ധ്യത്തില്‍ തേവാരക്കെട്ട് ക്ഷേത്രത്തില്‍ നിന്ന് സരസ്വതിദേവിയെ പുറത്തെക്ക് എഴുന്നള്ളിച്ചു. തേവാരകെട്ട് സരസ്വതി ക്ഷേത്രത്തിലെ മൂലസ്ഥാന വിഗ്രഹം ആന പുറത്തും വേളിമലകുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക ദേവി എന്നീ ദേവഗണങ്ങളെ പല്ലക്കിലും കൊട്ടാരമുറ്റത്തെത്തിച്ചു. അവിടെ വച്ച് ദേവഗണങ്ങൾക്ക് സ്വീകരണവും പിടിപണം നൽകൽ ചടങ്ങും നടന്നു.  മന്ത്രി വി.ശിവൻകുട്ടി, എം.എൽ.എ. സി.കെ. ഹരീന്ദ്രൻ, പത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സുരേഷ്കുമാർ, സബ് കലക്ടർ അലർമേൽമങ്ക, ദേവസ്വം സൂപ്രണ്ട്മാരായ ആനന്ദ്, ശിവകുമാർ,മാനേജർ മോഹൻകുമാർ ഉൾപ്പെടെയുള്ളവർ ചടങ്ങില്‍ പങ്കെടുത്തു .

  തുടര്‍ന്ന് നടന്ന ആചാര ചടങ്ങുകള്‍ക്കും ഗംഭീര സ്വീകരണത്തിനും ശേഷം മൂന്ന് മൂര്‍ത്തികളും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. നവരാത്രി പൂജയ്ക്കായി അനന്തപുരിയിലേക്ക് യാത്രയാകുന്ന സരസ്വതി ദേവിയ്ക്ക്  മുന്നൂറ്റി നങ്കയും വേളിമല കുമാരസ്വാമിയും കൂട്ടുപോകുന്നു എന്നാണ് വിശ്വാസം.

  കന്യാകുമാരി എസ്.പി ഹരി കിരൺ പ്രസാദ്, തിരുവനന്തപുരം  അസി.കമാന്റ് കെ.എം. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ സുരക്ഷ ഒരുക്കിയിരുന്നു. വെള്ളിയാഴ്ച സന്ധ്യ കഴിഞ്ഞ് കുഴിത്തുറയിൽ വിഗ്രഹങ്ങൾ ഇറക്കി പൂജയ്ക്കായി എത്തി ചേരും. തുടര്‍ന്ന് ശനിയാഴ്ച കളിയിക്കാവിളയിൽ കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും മറ്റ് ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ വിഗ്രഹഘോഷയാത്രയെ സ്വീകരിക്കും. അന്നേ ദിവസം ഘോഷയാത്ര നെയ്യാറ്റിൻകരയിൽ വിശ്രമിക്കും. ഞായറാഴാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് എഴുന്നള്ളത്ത് എത്തിച്ചേരും. സരസ്വതി ദേവിയെ കോട്ടക്കകത്തെ നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാലയിലും, മുന്നൂറ്റി നങ്ക ദേവിയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്ക് ഇരുത്തും. തിങ്കളാഴ്ച മുതലാണ് നവരാത്രി പൂജ തുടങ്ങുക.
  Published by:Arun krishna
  First published: