ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ് കാപ്പി. ചൂടുള്ള ഒരു കപ്പ് കാപ്പി ഇല്ലാതെ ഒരു ദിവസം ആരംഭിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. ആളുകൾക്ക് കാപ്പിയോടുള്ള സ്നേഹത്തിന്റെയും ആസക്തിയുടെയും അളവ് കണക്കിലെടുക്കുമ്പോൾ, ഈ പ്രിയപ്പെട്ട പാനീയത്തിനായി ഒരു ദിവസം മാറ്റി വയ്ക്കുന്നതിൽ അതിശയിക്കാനില്ല.
എല്ലാ വർഷവും, കാപ്പിയുടെ ഉപയോഗം ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒക്ടോബർ 1 അന്താരാഷ്ട്ര കോഫി ദിനമായാണ് ആചരിക്കുന്നത്. എന്നാൽ കാപ്പി ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിക്കുന്ന നിരവധി ആളുകളുമുണ്ട്.
എല്ലാ ദിവസവും രാവിലെ നിങ്ങൾക്ക് ഒരു കപ്പ് ചൂട് കാപ്പി ലഭിക്കുന്നതിന് പിന്നിൽ നിരവധിയാളുകളുടെ പരിശ്രമങ്ങളുണ്ട്. കോഫി ഫാമുകളിലെ നിരവധി തൊഴിലാളികളാണ് ഇതിനായി അശ്രാന്തമായി പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര കാപ്പി ദിനത്തിൽ, ഈ തൊഴിലാളികളുടെയും കാപ്പി വ്യവസായവുമായി ബന്ധപ്പെട്ട ആളുകളുടെയും കഠിനാധ്വാനവും പരിശ്രമവുമാണ് അംഗീകരിക്കപ്പെടുന്നത്.
അന്താരാഷ്ട്ര കാപ്പി ദിനത്തിന്റെ ചരിത്രം
ആദ്യമായി, 2015ലാണ് അന്താരാഷ്ട്ര കോഫി ദിനം ആഘോഷിച്ചത്. 2014ൽ എല്ലാ കാപ്പി പ്രേമികൾക്കുമായി ഈ ദിവസം സമർപ്പിക്കാൻ അന്താരാഷ്ട്ര കോഫി ഓർഗനൈസേഷൻ (ICO) തീരുമാനിച്ചു. എന്നാൽ ആദ്യത്തെ ഔദ്യോഗിക കോഫി ദിനാചരണം 2015ൽ മിലാനിലാണ് നടന്നത്. എന്നാൽ, വിവിധ രാജ്യങ്ങൾ അവരുടെ സ്വന്തം ദേശീയ കോഫി ദിനങ്ങൾ വ്യത്യസ്ത തീയതികളിൽ ആഘോഷിക്കുകയും ചെയ്തിരുന്നു.
1997ൽ, ICO ആദ്യമായി ചൈനയിൽ അന്താരാഷ്ട്ര കോഫി ദിനം ആഘോഷിച്ചിരുന്നു. പിന്നീട് 2009 ൽ തായ്‌വാനിൽ ഈ ദിവസം ആഘോഷിച്ചു. 2005 നവംബർ 17 നാണ് നേപ്പാൾ ആദ്യത്തെ അന്താരാഷ്ട്ര കോഫി ദിനം ആചരിച്ചത്.
കാപ്പി ദിനത്തിന്റെ പ്രാധാന്യം
കാപ്പി വ്യവസായത്തിൽ ഉൾപ്പെട്ടിരിക്കുന്ന മേഖലകളുടെയും തൊഴിലാളികളുടെയും എണ്ണം കണക്കിലെടുക്കുമ്പോൾ, കാപ്പി ഉപയോഗത്തെ പരിപാലിക്കാൻ മാത്രമല്ല, ഈ മേഖലയും അതുമായി ബന്ധപ്പെട്ട ആളുകളും അനുഭവിക്കുന്ന അനീതികൾക്കായി ശബ്ദമുയർത്താനുമായാണ് ഈ ദിനം ആചരിക്കുന്നത്. കാപ്പിയുടെ ന്യായമായ വ്യാപാരം പ്രോത്സാഹിപ്പിക്കുകയും ലോകമെമ്പാടുമുള്ള കാപ്പി കർഷകരുടെ ദുരിതം ശ്രദ്ധയിൽ കൊണ്ടുവരികയുമാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.
കാപ്പിച്ചിനോ, ഫ്രാപ്പുച്ചിനോ മുതൽ ഡബിൾ-ഷോട്ട് എസ്പ്രെസോ വരെ കോഫി പ്രേമികൾക്ക് പ്രിയപ്പെട്ട വൈവിധ്യമാർന്ന കാപ്പി വിഭവങ്ങൾ നിരവധിയാണ്. അതിനാൽ, കാപ്പിയെക്കുറിച്ച് കൂടുതൽ അറിവ് നേടുകയും അവയിൽ നിന്ന് നിർമ്മിച്ച വിവിധതരം കാപ്പികളും വിഭവങ്ങളും പരീക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ ദിവസം ആഘോഷമാക്കി മാറ്റാനുള്ള ഏറ്റവും നല്ല മാർഗം. കരൾ സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് ദിവസവും കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് അടുത്തിടെ ചില പഠന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സതാംപ്റ്റൻ സർവകലാശാലയിലെ ഡോ: ഒലിവർ കെന്നഡി അടുത്തിടെ നടത്തിയ ഗവേഷണത്തിലാണ് കാപ്പി ദിവസവും കുടിക്കുന്ന ആളുകൾക്ക് കാപ്പി കുടിക്കാത്ത ആളുകളേക്കൾ കരൾ രോഗം വരാനുള്ള സാധ്യത 21 ശതമാനം കുറവാണെന്ന് കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.