MT Vasudevan Nair| എം ടിക്ക് ഇന്ന് ജന്മദിനം; നവതിയുടെ പടിവാതിൽക്കലേക്ക് മലയാളത്തിന്റെ മഹാപ്രതിഭ

Last Updated:

അക്ഷരങ്ങളെ നക്ഷത്രങ്ങളാക്കി മലയാളത്തിന്റെ ആകാശത്തു വിതച്ച മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ ജന്മദിനം

തിരുവനന്തപുരം: ജൂലൈ 15. അക്ഷരങ്ങളെ നക്ഷത്രങ്ങളാക്കി മലയാളത്തിന്റെ ആകാശത്തു വിതച്ച മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ ജന്മദിനം. നവതിയുടെ പടിവാതിൽക്കലേക്കെത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ.
ഇന്നു കേരളം അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടുകയാവും. പക്ഷേ മാടത്തു തെക്കേപ്പാട്ടു വാസുവിന് ശരിക്കു പിറന്നാൾ മറ്റൊരു ദിവസമാണ്. കർക്കടത്തിലെ ഉതൃട്ടാതി നാളിൽ. കർക്കടകം മറ്റന്നാൾ തുടങ്ങുകയേയുള്ളൂ. ഉതൃട്ടാതി ചൊവ്വാഴ്ചയുമാണ്. ആ ദിവസത്തെക്കുറിച്ച് സമൃദ്ധമായതൊന്നും ഓർക്കാനില്ലാത്ത ഒരു ഉണ്ണി കടന്നുവരുന്നുണ്ട്; പിറന്നാളിന്റെ ഓർമ എന്ന കഥയിൽ. മകന്റെ പിറന്നാളിന് ഇടങ്ങഴി അരി കൂടുതൽ ചോദിച്ചതിന് കാരണവരുടെ തല്ലുകൊണ്ട അമ്മയുടെ കുട്ടിയാണ്. പഞ്ഞമാസത്തിലെ ആ ഉണ്ണിയാണ് പിന്നെ അക്ഷരംകൊണ്ടു മുഴുവൻ മലയാളികളെയും ഊട്ടിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള കാലം മുഴുവൻ മലയാളിയായി ജനിക്കുന്നവരെ ഊട്ടാൻ പോകുന്നതും.
advertisement
എഴുത്തിന്റെ രണ്ടുകരകളിലൂടെ നടന്നായിരുന്നു ആ കുട്ടിക്കാലം. നാലപ്പാട്ട് നാരായണമേനോന്റെയും ബാലാമണിയമ്മയുടേയും മാധവിക്കുട്ടി എന്ന കമലാസുരയ്യയുടേയും ഒക്കെ പുന്നയൂർക്കുളമാണ് അച്ഛന്റെ നാട്. അമ്മ അമ്മാളുവമ്മ അക്കിത്തത്തിന്റെ നാടായ കൂടല്ലൂരിൽ. കുടിപ്പള്ളിക്കൂടത്തിൽ നിന്ന് മലമക്കാവിലേയും കൂടല്ലൂരിലേയും സ്‌കൂളുകളിലേക്കുള്ള മാറ്റം. ആ കഷ്ടപ്പാടു തന്നെയാണ് ആ ബാല്യത്തിന്റെ കരുത്തായതും. സിലോണിൽ നിന്ന് വല്ലപ്പോഴും വരുന്ന അച്ഛൻ ഒരിക്കൽ ഒപ്പം കൂട്ടിയ ഒരു സഹോദരനുണ്ട്; നിന്റെ ഓർമയ്ക്ക് എന്ന കഥയിൽ.
advertisement
എത്ര അഴിച്ചാലും തീരാത്ത അത്തരം പ്രഹേളികകൾ കണ്ടു വളർന്നയാളിൽ നിന്ന് പതിനേഴാം വയസ്സിൽ ആദ്യ കഥ. ചിത്രകേരളം മാസികയിൽ വന്ന വിഷുക്കൈനീട്ടം. കൈനീട്ടങ്ങൾ കിട്ടാതിരുന്ന കൗമാരക്കാരൻ മലയാളത്തിനു നൽകിയ ആദ്യ വിഷുക്കൈനീട്ടം. പട്ടാമ്പി, ചാവക്കാട് ബോർഡ് സ്‌കൂളുകളിലെ അധ്യാപകൻ. പിന്നെ പാലക്കാട് എംബി ട്യൂട്ടോറിയലിൽ. ഇടയ്ക്കു കുറച്ചുനാൾ തളിപ്പറമ്പിൽ ഗ്രാമസേവകനും. അവിടെ നിന്നാണ് മാതൃഭുമിയുടെ പത്രാധിപ സമിതിയിലേക്ക് എം ടി വാസുദേവൻ നായർ എന്ന പേരു കടന്നു വരുന്നത്.
advertisement
പത്രാധിപ സമിതിയിൽ എത്തും മുൻപേ തന്നെ വളർത്തുമൃഗങ്ങൾ എന്ന കഥയ്ക്കു മാതൃഭൂമിയിൽ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. അവിടെ തുടങ്ങി പാതിരാവും പകൽവെളിച്ചവും എന്ന ആദ്യ നോവലിലൂടെ രാപകലില്ലാത്ത എഴുത്തിന്റെ മാമാങ്കം. പിന്നെ മലയാളത്തിന്റെ പടിപ്പുര തുറന്ന നാലുകെട്ട്. അഞ്ചുവർഷം തികയും മുൻപ് മുറപ്പെണ്ണ് എന്ന സിനിമയുടെ തിരക്കഥ. അതു നിർമാല്യം എന്ന പണിക്കുറ്റം തീർന്ന സൃഷ്ടിയുടെ കാപ്പുകെട്ടൽ മാത്രമായിരുന്നു. മഞ്ഞും കാലവും രണ്ടാമൂഴവും: അസുരവിത്തും വിലാപയാത്രയും വാനപ്രസ്ഥവും: ജ്ഞാനപീഠത്തോളം എത്തും മുൻപ് നേടിയ അസംഖ്യം പുരസ്‌കാരങ്ങൾ. പത്മഭൂഷണിലെത്തിയ രാജ്യത്തിന്റെ ആദരം. എൺപത്തിയൊൻപതാം പിറന്നാളിലുമുണ്ട്, എപ്പോഴും കഥയന്വേഷിച്ചു നടക്കുന്ന, പഴയ അതേ ഉണ്ണിയുടെ മനസ്സ്...
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
MT Vasudevan Nair| എം ടിക്ക് ഇന്ന് ജന്മദിനം; നവതിയുടെ പടിവാതിൽക്കലേക്ക് മലയാളത്തിന്റെ മഹാപ്രതിഭ
Next Article
advertisement
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
  • പ്രധാനമന്ത്രി മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ ക്രിസ്മസ് ശുശ്രൂഷയിൽ പങ്കെടുത്തു

  • ക്രിസ്മസിന്റെ ആത്മാവ് സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു

  • സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ സന്ദേശം ക്രിസ്മസ് ശുശ്രൂഷയിൽ പ്രതിഫലിച്ചുവെന്ന് മോദി പറഞ്ഞു

View All
advertisement