ഈ രാജ്യത്തെ യുവതീയുവാക്കള്‍ പങ്കാളികളെ വാടകയ്‌ക്കെടുക്കാന്‍ കാരണമെന്ത്?
- Published by:meera_57
- news18-malayalam
Last Updated:
വിവാഹം കഴിക്കുന്നതിനായുള്ള കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദമാണ് ഈ രീതി വ്യാപകമാകുന്നതിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍
പങ്കാളിയെ വാടകയ്‌ക്കെടുക്കുക എന്ന സമ്പ്രദായത്തെപ്പറ്റി കേട്ടിട്ടുണ്ടോ? അദ്ഭുതപ്പെടേണ്ട. ഈ സംവിധാനം വ്യാപകമായി ഉപയോഗിച്ചുവരുന്ന രാജ്യമാണ് വിയറ്റ്‌നാം. വിയറ്റ്‌നാമിലെ യുവതീയുവാക്കളാണ് വ്യാജ പങ്കാളികളെ വാടകയ്‌ക്കെടുക്കുന്നത്. വിവാഹം കഴിക്കുന്നതിനായുള്ള കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദമാണ് ഈ രീതി വ്യാപകമാകുന്നതിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കരിയറില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകുന്ന യുവതീയുവാക്കള്‍ക്ക് മേല്‍ കുടുംബം വിവാഹം കഴിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തുന്നത് പതിവാണ്. തങ്ങള്‍ക്ക് പറ്റിയൊരു പങ്കാളിയെ ലഭിക്കാത്ത ചിലര്‍ ഒരു പങ്കാളിയെ വാടകയ്ക്ക് എടുത്ത് കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.
കരിയറില്‍ ശ്രദ്ധ ചെലുത്തിവരികയായിരുന്നു മിന്‍ഹ് തൂ എന്ന 30കാരി കുടുംബത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ ഈ വര്‍ഷമാദ്യമാണ് ഒരു കാമുകനെ വാടകയ്‌ക്കെടുത്തത്. ലൂണാര്‍ ന്യൂഇയറിന് കാമുകനെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് മിന്‍ഹിന്റെ മാതാപിതാക്കള്‍ വാശിപിടിച്ചു. തുടര്‍ന്നാണ് വാടകയ്‌ക്കെടുത്ത കാമുകനോടൊപ്പം മിന്‍ഹ് വീട്ടിലേക്ക് പോയത്.
advertisement
"വീട്ടിലെത്തിയ അയാള്‍ എന്റെ അമ്മയെ പാചകത്തില്‍ സഹായിച്ചു. എന്റെ ബന്ധുക്കളോട് സൗമ്യമായി പെരുമാറി. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്റെ അച്ഛനും അമ്മയും ഇത്രയധികം സന്തോഷിച്ച് കാണുന്നത്," മിന്‍ഹ് തൂ പറഞ്ഞു.
സമാനമായ കഥ തന്നെയാണ് ഖാന്‍ എന്‍ഗോക്ക് എന്ന 33കാരിയ്ക്കും പറയാനുള്ളത്. മാതാപിതാക്കളുമായി അത്ര രസത്തിലായിരുന്നില്ല ഖാന്‍. അവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായാണ് ഒരു കാമുകനെ വാടകയ്ക്ക് എടുത്തതെന്ന് ഖാന്‍ പറഞ്ഞു. കുടുംബത്തിന് തന്റെ കാമുകനെ പരിചയപ്പെടുത്തിയെന്നും അതിനുശേഷം തന്റെ മാതാപിതാക്കളുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിച്ചുവെന്നും ഇവര്‍ പറഞ്ഞു.
advertisement
ഇത്തരത്തില്‍ വാടകയ്ക്ക് പങ്കാളികളെ നല്‍കുന്ന ചില പ്ലാറ്റ്‌ഫോമുകളും വിയറ്റ്‌നാമില്‍ വേരുറപ്പിച്ചുവരുന്നു. അത്തരം സേവനം നല്‍കുന്നയാളാണ് ഹ്യു തുവാന്‍ എന്ന 25കാരന്‍. ഹാനോയ് സ്വദേശിയാണ് ഇദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷമായി ഈ ബിസിനസ് രംഗത്ത് ശ്രദ്ധ പതിപ്പിച്ചുവരികയാണ് ഇയാള്‍. 10 യുഎസ് ഡോളര്‍ മുതല്‍ 20 യുഎസ് ഡോളര്‍ വരെയാണ് ഹ്യു കസ്റ്റമറിനോടൊപ്പമുള്ള ഔട്ടിംഗിന് ഈടാക്കുന്നത്. കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് 40 യുഎസ് ഡോളര്‍(3387 രൂപ) ആണ് ഹ്യൂ കസ്റ്റമറില്‍ നിന്ന് വാങ്ങുന്നത്.
advertisement
"ഞാന്‍ സ്ഥിരമായി ജിമ്മില്‍ പോകാറുണ്ട്. സംഗീതം, പാചകം എന്നിവ പഠിക്കുന്നു. കൂടാതെ മറ്റുള്ളവരോട് നന്നായി സംസാരിക്കാനായി എന്റെ ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തിവരുന്നു. അതിലൂടെ എന്റെ കസ്റ്റമേഴ്‌സിന്റെ ആഗ്രഹത്തിനൊത്ത് ഉയരാന്‍ സാധിക്കും," എന്ന് ഹ്യു പറഞ്ഞു.
മാസത്തില്‍ 3-4 പേര്‍ക്കാണ് താന്‍ സേവനം നല്‍കുന്നതെന്നും തന്റെ ജോലിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണിതെന്നും ഹ്യൂ വ്യക്തമാക്കി. വൈകാരികമായ ബന്ധം, ലൈംഗികാതിക്രമം എന്നിവ പാടില്ലെന്ന കര്‍ശന കരാറിന്റെ അടിസ്ഥാനത്തിലാണ് പങ്കാളികളെ വാടകയ്‌ക്കെടുക്കുന്ന സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
എന്നാല്‍ വാടകയ്‌ക്കെടുത്ത പങ്കാളികളാണ് തങ്ങളുടെ മുമ്പിലെത്തിയതെന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അത് അവരെ വൈകാരികമായി തളര്‍ത്തുമെന്നും ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു. കൂടാതെ പങ്കാളിയെ വാടകയ്‌ക്കെടുക്കുന്നതിന് വിയറ്റ്‌നാമില്‍ നിയമസാധുതയില്ലെന്നും ഈ സംവിധാനം ഉപയോഗിക്കുന്ന സ്ത്രീകള്‍ കൂടുതല്‍ ജാഗരൂകരായിരിക്കണമെന്നും വിദഗ്ധര്‍ പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 02, 2024 4:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഈ രാജ്യത്തെ യുവതീയുവാക്കള്‍ പങ്കാളികളെ വാടകയ്‌ക്കെടുക്കാന്‍ കാരണമെന്ത്?