കൊച്ചി: ലോട്ടറിയടിച്ച പണം സൂഷ്മതയോടെ വിനയോഗിയ്ക്കണമെന്ന് കഴിഞ്ഞ വര്‍ഷത്തെ തിരുവോണം ബമ്പര്‍ (Onam Bumper) ജേതാവ് ജയപാലന്. നിന്ന നില്പ്പില് കോടീശ്വരനായ സന്തോഷത്തില്‍ പണം ചിലവഴിച്ചാല്‍ പിന്നീട് ദുഃഖിക്കേണ്ടിവരുമെന്ന് എറണാകുളം മരട് സ്വദേശിയായ ജയപാലന് ന്യൂസ് 18 നോട് പറഞ്ഞു. ഇത്തവണത്തെ ബമ്പറും ഓട്ടോറിക്ഷാ തൊഴിലാളിയ്ക്ക് തന്നെ അടിച്ചതില്‍ സന്തോഷമുണ്ട്. നിരന്തരം ഓട്ടമോടുമ്പോള് കയ്യില്‍ പണം കാണും. അതുകൊണ്ടുതന്നെ ലോട്ടറി കാണുമ്പോള്‍ എടുക്കാന്‍ തോന്നും. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ 80 ശതമാനവും ലോട്ടറിയെടുക്കുന്നവരാണെന്നും ജയപാലന് പറയുന്നു.
ലോട്ടറി അടിച്ചുകഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തേക്ക് ആ തുക ആര്‍ക്കും കൊടുക്കുകയോ സാധനസാമഗ്രികള്‍ വാങ്ങിച്ച് പണം തീര്‍ക്കുകയോ ചെയ്യരുത്. ആദ്യം തന്നെ പണം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ മുതലും പലിശയും ഇല്ലാതാവുന്ന അവസ്ഥയാവും ഉണ്ടാവുക. ജയപാലന് നിലപാട് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സമ്മാനം അടിച്ചപ്പോള്‍ ആദ്യം ഒരമ്പരപ്പുണ്ടായിരുന്നു. കാര്യങ്ങളൊക്കെ ഭദ്രമാക്കിയ ശേഷമാണ് പുറത്തറിയിച്ചത്. സമ്മാനം അടിച്ച ടിക്കറ്റ് ഉടന്‍ ബാങ്കിലേല്പ്പിയ്ക്കുന്നത് ശ്രദ്ധിയ്ക്കുക. പണം കിട്ടിയാല്‍ ഉടന്‍ ഫിക്സ്ഡ് ഡിപ്പോസിറ്റ് ആയി രണ്ടു കൊല്ലം ഇട്ടേക്കണം. രണ്ടുതവണ നികുതി അടയ്ക്കേണ്ടിവരും. പണം ചെലവാക്കിത്തുടങ്ങിയാല്‍ പിന്നെ നികുതി അടയ്ക്കാന്‍ കാശുണ്ടാകില്ല. ആര്‍ഭാടങ്ങളില്ലാതെ ജീവിക്കുക. രണ്ടു വര്‍ഷം കഴിയുമ്പോള്‍ പണം ചെലവാക്കിത്തുടങ്ങാം. സംസ്ഥാന നികുതിയ്ക്കു പുറമെ കേന്ദ്ര നികുതിയും അടയ്ക്കേണ്ടി വരും. ഒന്നേകാല്‍ കോടിയോളം രൂപയാണ് അടയ്ക്കേണ്ടത്. ആദ്യം പണം ചിലവഴിച്ച് തീര്‍ത്താല്‍ പിന്നീട് ഈ പണം കണ്ടെത്താന്‍ മറ്റുവഴികള്‍ തേടേണ്ടി വരും.
Also Read- 25 കോടി ലഭിച്ച ഭാഗ്യശാലി ശ്രീവരാഹം സ്വദേശി അനൂപ്; ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി
പണം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ആദ്യമേതന്നെ അടിച്ചുപൊളിച്ചു ജീവിച്ചാല്‍ ബുദ്ധിമുട്ടുണ്ടാകും. ആദ്യം ജീവിക്കാനുള്ള മാര്‍ഗം കണ്ടെത്തുക. അതിനുശേഷം മറ്റുള്ളവരെ സഹായിക്കുക. ഇല്ലെങ്കില്‍ മുതലും പലിശയും എല്ലാം പോകും. സഹായം ആവശ്യപ്പെട്ടു വരുന്നവര്‍ എല്ലാ ദിവസവും ഉണ്ടായിരുന്നു. നമുക്ക് എല്ലാവരെയും സഹായിക്കാനാകില്ല. ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ട പണം പിന്നീട് മ്യൂച്ചല്‍ ഫണ്ടിലേക്ക് മാറ്റി. രണ്ടിടത്തായി കുറച്ച് സ്ഥലവും വാങ്ങി.
രണ്ടു നിലകളിലായി ഉള്ള വീടിന്റെ ട്രെസ് വര്‍ക്ക് തീര്‍ത്തതാണ് ആകെ വീട്ടില്‍ തീര്‍ത്ത ജോലി. നികുതിയും ബാധ്യതകളുമൊക്കെ തീര്‍ത്തതിനാല്‍ ഇനി നേരത്തെ വാങ്ങിയിട്ട സ്ഥലത്ത് കെട്ടിടം പണിയണം. വീടിന് ചുറ്റുമതില്‍ നിര്‍മ്മിയ്ക്കണം. കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ വാടകയ്ക്ക് നല്കിയാല് വരുമാനമാവും. രണ്ടു മൂന്നുപേര്‍ക്ക് ജോലി നല്‍കാനാവും. ഭാവി പദ്ധതികള്‍ ജയപാലന് വിശദീകരിക്കുന്നു.
Also Read- കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച് വാങ്ങിയ ടിക്കറ്റിന് അനൂപിന് 25 കോടി
ലോട്ടറി അടിച്ചശേഷം സഹായവാഗ്ദാനം തേടി എത്തുന്നവരുടെ നീണ്ട നിരയായിരുന്നു. ആര്‍ക്കും സഹായം ചെയ്തിട്ടില്ല. ലോട്ടറി അടിയ്ക്കും മുമ്പ് നല്‍കിയിരുന്ന ചില സ്വകാര്യ സഹായങ്ങളും നിര്‍ത്തി. മരുന്നും ചികിത്സാസഹായവുമൊക്കെയാണ് നല്‍കിയത്. ഗുണഭോക്താക്കളായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.
നികുതിയൊക്കെ കൊടുത്ത് ഇപ്പോഴാണ് ഫ്രീ ആയത്. ഇനി വരുമാനം കിട്ടുന്ന എന്തെങ്കിലും കാര്യം തുടങ്ങണം. അതില്‍ നിന്നു ലാഭം കിട്ടിയിട്ട് മറ്റുള്ളവരെ സഹായിക്കാന്‍ പറ്റുന്നെങ്കില്‍ സഹായിക്കണം. മക്കളുടെ പേരിലൊക്കെ പണം ഡിപ്പോസിറ്റായി നീക്കിവച്ചിട്ടുണ്ട്. ജയപാലന് കൂട്ടിച്ചേര്‍ത്തു.
Also Read- തിരുവോണം ബമ്പർ ഭാഗ്യക്കുറി 25 കോടി ലഭിച്ചത് തിരുവനന്തപുരത്ത് വിറ്റ TJ 750605 എന്ന ടിക്കറ്റിന്
ഞാന്‍ പാവപ്പെട്ടവനാണ്. എന്റെ കൂട്ടരും പാവപ്പെട്ടവരാണ്. നമുക്ക് തന്നെ കൊടുത്ത് തീര്‍ത്താല്‍ തീരില്ല. ചോദിച്ചിട്ട് കൊടുക്കാത്തതിനാല്‍ സ്വന്തക്കാരും ബന്ധുക്കാരുമൊക്കെ ശത്രുക്കളായി. നമ്മള് കൊടുത്തു കഴിഞ്ഞാല്‍ പിന്നെ നമുക്ക് ബുദ്ധിമുട്ടായില്ലേ? എല്ലാവരെയും സഹായിക്കാന്‍ പറ്റില്ല. എല്ലാവരെയും സഹായിക്കാന്‍ സമയം കിട്ടിയിട്ടില്ലല്ലോ. ഫിക്സ്ഡ് ഡിപ്പോസിറ്റില്‍ ഇട്ടേക്കുകയല്ലേ. പലിശയൊക്കെ കൊടുത്തുകഴിഞ്ഞ് വരവുചെലവ് അറിഞ്ഞതിനുശേഷമേ എന്തെങ്കിലുമൊക്കെ ചെയ്യാനാകൂ.
ലോട്ടറിയടിച്ച പണം വെറുതെ ലഭിയ്ക്കുന്നതാണെന്ന് ചിലര്‍ക്ക് പരിഹാസമുണ്ട്. പക്ഷെ പണിയെടുത്തുണ്ടാക്കുന്ന പണം കൊണ്ടാണ് ലോട്ടറി വാങ്ങുന്നത്. ഭാഗ്യത്തിന്റെ ഘടകം ലോട്ടറി നേട്ടത്തില്‍ ഉണ്ടെങ്കിലും വെറുതെ കിട്ടുന്ന പണമെന്ന് പുച്ഛിക്കുന്നത് ശരിയല്ല. ചിലര്‍ക്ക് ജോലിയുടെ രൂപത്തിലോ ലോട്ടറിയുടെ രൂപത്തിലോയെക്കെ ഭാഗ്യമെത്താം. എടുക്കാതെ ലോട്ടറിയടിയ്ക്കില്ലെന്നതിനാല് ഇടയ്ക്കെങ്കിലും ലോട്ടറിയെടുത്ത് ഭാഗ്യം പരീക്ഷിയ്ക്കാന്‍ തയ്യാറാവണമെന്നും ജയപാലന് പറയുന്നു.
ലോട്ടറിയടിച്ചശേഷം ഉയര്‍ന്ന ഭീഷണികളുടെ പശ്ചാത്തലത്തില്‍ മൊബൈല്‍ഫോണ്‍ പോലും ജയപാലന് ഉപയോഗിയ്ക്കുന്നില്ല. ഫോണ്‍ വഴി എവിടെയുണ്ടെന്നറിഞ്ഞ് അപായപ്പെടുത്തിയാലോ എന്ന് ഭയമുണ്ട്. അടുത്തിടെ ഒരു ഫോണെടുത്തെങ്കിലും വീട്ടുകാരുമായി മാത്രമേ ബന്ധപ്പെടാറുള്ളൂ. പുറത്താര്‍ക്കും നമ്പര്‍ നല്‍കിയിട്ടുമില്ല.
ഓട്ടോ ഡ്രൈവറായിരുന്ന ജയപാലന് ബമ്പർ അടിച്ചതിനുശേഷവും ഇതേ തൊഴില്‍ ചെയ്തു തന്നെയാണ് ജീവിക്കുന്നത്. ഇത്തവണത്തെ ബമ്പർ ലോട്ടറി രണ്ടെണ്ണം ജയപാലന് എടുത്തിരുന്നു. മനസ്സിനിണങ്ങിയ നമ്പറുകള്‍ തിരഞ്ഞ് ആലപ്പുഴ വരെ പോയെങ്കിലും ലഭിച്ചിട്ടില്ല. തൃപ്പൂണിത്തുറയില്‍നിന്ന് ഒരു തൃശൂര്‍ ടിക്കറ്റും ഒരു ആലപ്പുഴ ടിക്കറ്റുമാണ് ജയപാലന് ഇത്തവണയെടുത്തത്. ഉയര്‍ന്ന ടിക്കറ്റുകള്‍ ലഭിച്ചില്ലെന്ന് ഉറപ്പായതിനാല്‍ സാവധാനം പരിശോധിയ്ക്കാമന്നാണ് കരുതുന്നതെന്നും ജയപാലന് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.