സാലുമരദ തിമ്മക്ക; മരങ്ങളുടെ അമ്മയായ പത്മശ്രീ ജേതാവായ പരിസ്ഥിതി പ്രവര്‍ത്തക ഇനി ഓർമ
- Published by:meera_57
- news18-malayalam
Last Updated:
മരങ്ങള്‍ വളര്‍ത്താനും പരിപാലിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്ത തിമ്മക്ക 80 വര്‍ഷത്തിനിടയില്‍ 385 ആല്‍മരങ്ങളും 8,000 മറ്റ് മരങ്ങളും നട്ടുപിടിപ്പിച്ചു
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും പത്മശ്രീ ജേതാവുമായിരുന്ന സാലുമരദ തിമ്മക്ക (Saalumarada Thimmakka) അന്തരിച്ചു. 114 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് തിമ്മക്ക മരിച്ചത്.
കര്‍ണാടകയിലെ ഒരു ഹൈവേയില്‍ റോഡിന്റെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം നൂറുകണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ചതോടെയാണ് തിമ്മക്ക ശ്രദ്ധയാകര്‍ഷിച്ചത്. ഇങ്ങനെയാണ് അവര്‍ക്ക് 'മരങ്ങളുടെ നിര' എന്ന് അര്‍ത്ഥമുള്ള 'സാലുമരദ' എന്ന പേര് ലഭിച്ചത്. പ്രദേശത്ത് പച്ചപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും തിമ്മക്കയുടെ ശ്രമങ്ങള്‍ സുപ്രധാന പങ്കുവഹിച്ചു.
2023 ഒക്ടോബര്‍ മുതല്‍ തിമ്മക്കയുടെ ആരോഗ്യസ്ഥിതി വഷളായികൊണ്ടിരിക്കുകയായിരുന്നു. കടുത്ത ആസ്ത്മ ബാധയെ തുടര്‍ന്ന് അവരെ അപ്പോളോ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായി ചികിത്സ നല്‍കിയിട്ടും അവരുടെ നില മെച്ചപ്പെട്ടില്ല. ഇതിനിടയില്‍ ഹൃദയസംബന്ധമായ അസുഖങ്ങളും തിമ്മക്കയെ ബാധിച്ചു. ഇതോടെ ആരോഗ്യം കൂടുതല്‍ വഷളായി. ഇത് മരണത്തിലേക്ക് നയിച്ചു.
advertisement
തുംകൂരിലെ ഗുബ്ബി താലൂക്കിലാണ് തിമ്മക്ക ജനിച്ചത്. അവിടെ ഒരു ക്വാറിയില്‍ തൊഴിലാളിയായിരുന്നു തിമ്മക്കയും ഭര്‍ത്താവും. അവിടെ ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് മരങ്ങള്‍ നട്ടുപിടിപ്പിച്ചാണ് അവര്‍ തന്റെ പരിസ്ഥിതി പ്രവര്‍ത്തനം ആരംഭിച്ചത്. മരങ്ങള്‍ വളര്‍ത്താനും പരിപാലിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്ത തിമ്മക്ക 80 വര്‍ഷത്തിനിടയില്‍ 385 ആല്‍മരങ്ങളും 8,000 മറ്റ് മരങ്ങളും നട്ടുപിടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവരുടെ അക്ഷീണ സമര്‍പ്പണത്തിന് 2019-ല്‍ രാജ്യം തിമ്മക്കയെ പത്മശ്രീ നല്‍കി ആദരിച്ചു. കുട്ടികളില്ലാത്ത തിമ്മക്ക മരങ്ങളെ സ്‌നേഹം നല്‍കി സ്വന്തം മക്കളെ പോലെ പരിപാലിച്ചു. ഇത് തന്നെയാണ് അവരെ ആല്‍മരങ്ങളുടെ അമ്മ, വൃക്ഷ മാതാവ് തുടങ്ങിയ പേരുകള്‍ക്ക് അര്‍ഹയാക്കിയത്. പരിസ്ഥിതിയോടുള്ള അവരുടെ പ്രതിബദ്ധതയ്ക്ക് മറ്റ് നിരവധി അംഗീകാരങ്ങളും തിമ്മക്കയെ തേടിയെത്തിയിരുന്നു.
advertisement
1955-ല്‍ നാഷണല്‍ സിറ്റിസണ്‍സ് അവര്‍ഡ് തിമ്മക്കയ്ക്ക് ലഭിച്ചതോടെയാണ് അവരുടെ പരിസ്ഥിതി സംഭാവനകള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. അന്താരാഷ്ട്ര തലത്തില്‍ വരെ തിമ്മക്കയുടെ പ്രശസ്തിയെത്തി. ലോസ് ഏഞ്ചല്‍സിലും കാലിഫോര്‍ണിയയിലെ ഓക് ലന്‍ഡിലും തിമ്മക്കയോടുള്ള ബഹുമാനാര്‍ത്ഥം 'തിമ്മക്കാസ് റിസോഴ്‌സസ് ഫോര്‍ എന്‍വയേണ്‍മെന്റല്‍ എജ്യുക്കേഷന്‍' എന്ന പേരില്‍ പരിസ്ഥിതി സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ 2020-ല്‍ കര്‍ണാടക സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി തിമ്മക്കയെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയും ചെയ്തു.
1991-ല്‍ ഭര്‍ത്താവിന്റെ മരണശേഷം തിമ്മക്ക പരിസ്ഥിതി സംരക്ഷണത്തിനായി സ്വയം സമര്‍പ്പിച്ചു. ജൂണ്‍ 30-ന് അവരുടെ 111-ാം ജന്മദിനത്തില്‍ ഹുലിക്കലിനും കുഡൂരിനും ഇടയിലുള്ള 45 കിലോമീറ്റര്‍ ദൂരം ഹൈവേയില്‍ ഇരുവശങ്ങളിലും മരങ്ങള്‍ നട്ടുപിടിപ്പിച്ച് തിമ്മക്ക ഏവരുടെയും പ്രശംസ നേടി.
advertisement
ഈ ഭാഗം സംരക്ഷിത വന മേഖലയായി പ്രഖ്യാപിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. 2019-ല്‍ റോഡ് വീതി കൂട്ടാനുള്ള പദ്ധതി ഈ മരങ്ങള്‍ക്ക് ഒരു ഭീഷണിയായി. എന്നാല്‍ പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയെയും ഉപമുഖ്യമന്ത്രി ജി പരമേശ്വരയെയും തിമ്മക്ക സമീപിച്ചു. ഇതോടെ അവരുടെ പ്രിയപ്പെട്ട മരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബദലുകള്‍ സര്‍ക്കാര്‍ അന്വേഷിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 15, 2025 10:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
സാലുമരദ തിമ്മക്ക; മരങ്ങളുടെ അമ്മയായ പത്മശ്രീ ജേതാവായ പരിസ്ഥിതി പ്രവര്‍ത്തക ഇനി ഓർമ


