Ramayana Masam 2020| വാമൊഴി രാമായണ കഥകളുമായി വയനാടൻ രാമായണങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
ഓരോ രാമായണ കാലത്തും വയനാടൻ ഗോത്ര രാമായണങ്ങൾ വ്യത്യസ്തമായ വായന ആവശ്യപെടുകയാണ്.
വയനാടിന്റെ സാംസ്കാരിക വായനയിൽ നിരവധി രാമായണങ്ങളാണ് ഉള്ളത്. ഗോത്ര സംസ്കാരത്തിന്റെ വേറിട്ട സമൂഹിക ജീവിതം അവർക്ക് നൽകിയത് വേറിട്ട രാമായണ കഥനങ്ങളാണ്. അദ്ധ്യാത്മ രാമായണ വായനയ്ക്ക് അപ്പുറത്ത് അടിയ രാമായണവും കുറുച്യ രാമായണവും വയനാടൻ ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രചുര പ്രചാരം നേടിയത് അതുകൊണ്ടാണ്.
ഉത്തരേന്ത്യയിലെ രാമകഥാ ജീവിതമല്ല വയനാടൻ രാമായണങ്ങളിലുള്ളതെന്ന് വയനാടൻ രാമായണങ്ങളെക്കുറിച്ച് പഠനം നടത്തിയ ഡോ. അസീസ് തരുവണ വ്യക്തമാക്കുന്നു.
"യഥാർഥത്തിൽ ഒരു ഒറ്റ രാമായണമല്ല ലോകത്തുള്ളത്, ഇന്ത്യയിലുള്ളത് അതുപോലെ കേരളത്തിലും വയനാട്ടിലുമുള്ളത്. അടിയ രാമായണത്തിലെ സീത ഒരു അടിയാത്തി യാണ് . അവരുടെ ജീവിത സാഹചര്യങ്ങളിലെ അടയാളപ്പെടുത്തലുകളാണ് ഓരോന്നും. അതുകൊണ്ട് തന്നെ അവരുടെ ഗോത്ര ജീവിത ഛായ അത്തരം രാമായണ വായനകളിൽ നിറയുന്നുണ്ട് ".
advertisement

വയനാട്ടിന്റെ നാടോടി ഐതിഹ്യ പരിചയപെടലുകളിൽ രാമായണ കഥ വയനാടും സമീപപ്രദേശങ്ങളിലും വ്യാപിച്ചു കിടക്കുകയാണ്. ദേശീയ പാത 766 നോട് ചേർന്ന് സുൽത്താൻ ബത്തേരി മൈസൂർ പാതയിൽ മുത്തങ്ങയിലുള്ള സീതാ ദേവി ക്ഷേത്രവും സമീപമുള്ള സീതാ കുളവും രാമായണ കഥനം പോലെ ഭക്തിപൂർവ്വമായ പരിസരങ്ങൾ ഒരുക്കുന്നുണ്ട്.
ശ്രീരാമചന്ദ്രന്റെ ആജ്ഞപ്രകാരം അനുജൻ ലക്ഷ്മണൻ ഗർഭവതിയായ സീത ദേവിയെ ഉൾക്കാട്ടിൽ ഉപേക്ഷിക്കാനെത്തി എന്നും പൊൻകുഴിയിലെ ആൽമരത്തണലിൽ ഇരുത്തി മടങ്ങി എന്നുമാണ് സങ്കല്പം. ഏകയും ദുഃഖിതയുമായ സീത കണ്ണീർ വാർത്തു. ആ കണ്ണീർ ഒഴുകി പരന്ന് രൂപം കൊണ്ടതാണ് സമീപത്തുള്ള സീതാ തീർത്ഥം എന്ന സീത കുളം. പിന്നീട് വാത്മീകി മുനി സീതാദേവിയെ കാണുകയും തന്റെ ആശ്രമത്തിലെത്തിച്ച് പരിചരിച്ചുവെന്നും ഐതിഹ്യം. ഇതിന് സമീപം ശ്രീരാമ ക്ഷേത്രവും ഉണ്ട്.
advertisement

Also Read- ഇനിയൊരു സ്വപ്നമുണ്ട് ആർട്ടിസ്റ്റ് നമ്പൂതിരിക്ക്; രാമായണം മണ്ണിൽ ചെയ്യണം
പിന്നീട് ലവ- കുശൻമാരുടെ ജനനം നടന്നുവെന്ന് പറയപ്പെടുന്ന എരിയ പള്ളി പുൽപള്ളിക്കടുത്താണ്. ശേഷം 16 വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുന്ന സീതയ്ക്ക് മുൻപിൽ നിബന്ധനകൾ വയ്ക്കപ്പെടുന്നു. തുടർന്ന് അതീവ ദുഃഖിതയായ സീത അന്തർ ധാനം ചെയ്ത ഇടം. അതിന്റെ സങ്കൽപ്പം എരിയ പള്ളിയിലുണ്ട്. ഭൂമിയിലേക്ക് ആഴ്ന്ന് പോകുന്ന സീതയുടെ മുടിക്കുത്തിൽ പിടിച്ചു നിർത്താൻ ശ്രമിച്ചപ്പോൾ സീതയുടെ മുടി അറ്റുപോയ ജഡയറ്റ കാവ് അഥവ ചേടാറ്റിൻ കാവ് പുൽപ്പള്ളി താഴെ അങ്ങാടിക്കടുത്താണ്. പുൽപള്ളി സീതാദേവിക്ഷേത്രവും സമീപത്തായുണ്ട്.
advertisement
വാത്മീകി ലവകുശൻമാർക്ക് വിദ്യ പറഞ്ഞു കൊടുത്ത വാത്മീകാ ആശ്രമം മുള്ളൻ കൊല്ലിക്കടുത്താണ്. രാമായണ കഥാ ചരിത്രം ആഖ്യാനിക്കപ്പെട്ടത് വയനാട്ടിലാണെന്ന നാടോടി വാമൊഴി ചരിത്രങ്ങളെ സാധൂകരിക്കുന്ന നിരവധി ഇടങ്ങളാണ് വയനാടൻ പ്രദേശങ്ങളിൽ വ്യാപിച്ചു കിടക്കുന്നത്.

അടിയരുടേയും കുറച്യരുടയും മുള്ളു കുറുമരുടെയും രാമായണ സങ്കൽപ്പനങ്ങൾക്കും പാട്ടുകൾക്കും വ്യത്യസ്ത കഥാ നായകർ പ്രത്യക്ഷപെടുന്നതും അതു കൊണ്ടാണ്. രാമായണങ്ങൾ ഒരോ പ്രദേശിക ജീവിതത്തിന്റെയും നാടോടി വാമൊഴികളിൽ അനവധിയാണ്. വയനാടൻ വനങ്ങളുടെയും മലകളുടെയും പുഴകളുടേയും പശ്ചാത്തലം അത്തരം വിശ്വാസ ഐതിഹ്യങ്ങൾക്ക് ബലം നൽകി. അങ്ങനെ ഓരോ രാമായണ കാലത്തും വയനാടൻ ഗോത്ര രാമായണങ്ങൾ വ്യത്യസ്തമായ വായന ആവശ്യപെടുകയാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 21, 2020 10:21 AM IST