മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഭീഷണി സന്ദേശമെത്തിയതായി റിപ്പോര്‍ട്ട്. ശിവരാത്രി ആഘോഷങ്ങള്‍ സമാധാനമായി സംഘടിപ്പിക്കണമെങ്കില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കണമെന്നാണ് ഭീഷണി. ബ്രിസ്ബെയ്നിലെ ഗായത്രി മന്ദിര്‍ ക്ഷേത്രത്തിന് നേരെയാണ് ഭീഷണി.
ഓസ്ട്രേലിയയില്‍ ഇതിനോടകം മൂന്ന് ഹിന്ദു ക്ഷേത്രങ്ങളാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ തകര്‍ത്തത്. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭീഷണി സന്ദേശം എത്തിയത്.
ഗായത്രി മന്ദിര്‍ ക്ഷേത്രം പ്രസിഡന്റ് ജയ് റാം, വൈസ് പ്രസിഡന്റ് ധര്‍മ്മേഷ് പ്രസാദ് എന്നിവരെയാണ് ഫോണിലൂടെ ഒരാള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഗുരുദ്വേഷ് സിംഗ് എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. ഹിന്ദു സമുദായം ഖലിസ്ഥാന്‍ പ്രത്യയശാസ്ത്രത്തെ അനുകൂലിക്കണമന്നായിരുന്നു ഇയാളുടെ ആവശ്യം.
പാകിസ്ഥാനിലെ നന്കാന സാഹിബില്‍ നിന്നാണ് താന്‍ വിളിക്കുന്നതെന്നാണ് ഇയാള്‍ പറഞ്ഞത്. താനൊരു ഇന്ത്യ-വിരോധിയാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഓസ്ട്രേലിയയിലെ ഹിന്ദുക്കളോട് ഖലിസ്ഥാന്‍ ആശയത്തെ പിന്തുണയ്ക്കാന്‍ പറയണം എന്നായിരുന്നു ഇയാളുടെ ആവശ്യം.
” ഖാലിസ്ഥാനുമായി ബന്ധപ്പെട്ട് ഒരു കാര്യം നിങ്ങളെ അറിയിക്കാനുണ്ട്. നിങ്ങള്‍ മഹാശിവരാത്രി ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ? എന്നാല്‍ നിങ്ങളുടെ പൂജാരിയോട് പറയൂ ഖലിസ്ഥാനെ പിന്തുണയ്ക്കാന്‍. ഖലിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിക്കാന്‍ അദ്ദേഹത്തോട് പറയൂ. ശിവരാത്രി വേളയില്‍ അഞ്ച് തവണ ഈ മുദ്രാവാക്യം വിളിക്കാന്‍ അദ്ദേഹത്തോട് പറയണം,’ എന്നായിരുന്നു ഇയാള്‍ പറഞ്ഞത്.
‘മതപരമായ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സഹിക്കാനാകില്ല. ഹിന്ദുക്കള്‍ക്ക് ഈ മതത്തില്‍ വിശ്വസിച്ച് , ഭയമില്ലാതെ മുന്നോട്ട് പോകാനുള്ള അവകാശമുണ്ട്,’ എന്നാണ് ക്ഷേത്രത്തിന്റെ വൈസ് പ്രസിഡന്റ് ധര്‍മ്മേഷ് പ്രസാദ് പറഞ്ഞത്.
അതേസമയം ഇതാദ്യമായല്ല ഭീഷണി സന്ദേശം എത്തുന്നത്. ഒരു അമേരിക്കന്‍ നമ്പറില്‍ നിന്ന് നിരവധി തവണയാണ് ക്ഷേത്രത്തിന് എതിരെ ഭീഷണി സന്ദേശം എത്തിയത് എന്ന് ക്ഷേത്രത്തിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ നീലിമ പറഞ്ഞു.
നേരത്തെ ഓസ്ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റില്‍ മൂന്ന് ഹിന്ദുക്ഷേത്രങ്ങളാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ തകര്‍ത്തത്. മുമ്പ് മെല്‍ബണിലെ കാളി മാതാ ക്ഷേത്രത്തിന് നേരെയും ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു. പൂജയും ഭജനും നിര്‍ത്തിവെയ്ക്കണമെന്നും അല്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കുമെന്നായിരുന്നു ഭീഷണി.
Also Read- Maha Shivratri 2023 | ശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ആലുവ മണപ്പുറം
ക്ഷേത്രങ്ങള്‍ തകര്‍ത്ത സംഭവം ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ കാര്യമായി ബാധിച്ചിരുന്നു. അതില്‍ നിന്നും അവര്‍ മുക്തരായി വരുന്നതേയുള്ളു. അതിനിടെയാണ് പുതിയ ഭീഷണി സന്ദേശം എത്തുന്നത്.
ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് മെല്‍ബണിലെ ആല്‍ബര്‍ട്ട് പാര്‍ക്കിനടുത്തുള്ള ഹരേ കൃഷ്ണ ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്. ക്ഷേത്ര മതിലുകള്‍ പൊളിച്ചിരുന്നു. അതില്‍ ഹിന്ദുസ്ഥാന്‍ മുര്‍ദാബാദ് എന്നും എഴുതിയിരുന്നു.
ജനുവരി 16ന് വിക്ടോറിയ സ്റ്റേറ്റിലെ തന്നെ മറ്റൊരു ക്ഷേത്രവും ആക്രമിക്കപ്പെട്ടിരുന്നു. കാരം ഡൗണ്‍സിലെ ശ്രീ ശിവ വിഷ്ണു ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്.
മെല്‍ബണിലെ സ്വാമി നാരായണന് ക്ഷേത്രത്തിന് നേരെ ജനുവരി 12നാണ് ആക്രമണമുണ്ടായത്. ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങളും ക്ഷേത്ര പരിസരത്ത് അക്രമികള്‍ എഴുതിവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.