• HOME
 • »
 • NEWS
 • »
 • life
 • »
 • 'സ്ത്രീകളെ പൊതുരംഗത്ത് നിന്നും തടയുന്ന താലിബാന്‍ ശൈലി കേരളത്തില്‍ കൊണ്ടുവരാനുള്ള ശ്രമം കരുതലോടെ കാണണം'; കെഎന്‍എം വനിതാ വിഭാഗം

'സ്ത്രീകളെ പൊതുരംഗത്ത് നിന്നും തടയുന്ന താലിബാന്‍ ശൈലി കേരളത്തില്‍ കൊണ്ടുവരാനുള്ള ശ്രമം കരുതലോടെ കാണണം'; കെഎന്‍എം വനിതാ വിഭാഗം

അന്ധവിശ്വാസങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണെന്നും അവരെ രക്ഷിക്കാന്‍ സമൂഹം ബോധപൂര്‍വ്വം ഇടപെടണമെന്നും എം ജി എം സംസ്ഥാന പ്രസിഡന്‍റ് സുഹ്റ മമ്പാട് പറഞ്ഞു.

 • Share this:

  മലപ്പുറം: സ്ത്രീകളുടെ പള്ളിപ്രവേശവും പൊതുരംഗ പ്രവേശവും തടയാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് കെ എൻ എം വനിതാ വിഭാഗമായ മുസ്‌ലിം ഗേൾസ്‌ ആൻഡ് വിമൻസ് മൂവ്മെന്റ് (എം ജി എം). എടവണ്ണ ജാമിഅ നദ്വിയ്യ വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്.

  ഇസ്ലാമിക സംസ്കാരം കാത്ത് സൂക്ഷിച്ചു കൊണ്ടു സ്ത്രീകള്‍ക്ക് പൊതു രംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇസ്ലാമിക ചരിത്രവും ലോകവും അതിനു സാക്ഷിയാണ്. ഇസ്ലാമിക ലോകത്തെ സ്ത്രീകള്‍ വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നത് കണ്ണ് തുറന്നു കാണണം. ഇതൊന്നും കാണാതെ സ്ത്രീകളുടെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നത് അത്യന്തം അപലപനീയമാണെന്ന് മുസ്‌ലിം ഗേൾസ്‌ ആൻഡ് വിമൻസ് മൂവ്മെന്റ് അഭിപ്രായപ്പെട്ടു . സ്ത്രീകളെ പൊതുരംഗത്ത് നിന്നും തടയുന്ന താലിബാന്‍ ശൈലി കേരളത്തില്‍ കൊണ്ടുവരാനുള്ള ശ്രമം കരുതലോടെ കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

  ഒരു ഭാഗത്ത് കപട ആത്മീയത കൊണ്ട് സ്ത്രീ നവോത്ഥാന പരിശ്രമങ്ങള്‍ക്ക് തടസ്സം നില്‍ക്കുകയും മറ്റൊരു ഭാഗത്ത് പുരോഗമനത്തിന്‍റെ മറവില്‍ സ്ത്രീകളെ അവഹേളിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സമൂഹത്തില്‍. എല്‍ ജി ബി ടി ക്യു യുടെയും ലൈംഗിക ന്യുനപക്ഷ സംരക്ഷണത്തിന്‍റെയും മറവില്‍ സമൂഹത്തില്‍ നില നില്‍ക്കുന്ന ധാര്‍മിക സദാചാര മൂല്യങ്ങള്‍ തകര്‍ക്കാന്‍ വ്യാപകമായ ശ്രമം നടക്കുകയാണ്. ധാര്‍മികസമൂഹത്തെ തകര്‍ക്കാനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന് വ്യക്തമാണ്. പെണ്‍കുട്ടികളുടെ കഴിവുകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ സമൂഹം തയ്യാറാവണമെന്നും എം ജി എം ആവശ്യപ്പെട്ടു.

  Also Read-സദാചാരമൂല്യങ്ങൾ സംരക്ഷിക്കാത്ത സമൂഹത്തിനു നിലനിൽപ്പില്ലെന്നു കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു: കെഎൻഎം വനിതാ വിഭാഗം

  എം ജി എം സംസ്ഥാന പ്രസിഡന്‍റ് സുഹ്റ മമ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണെന്നും അവരെ രക്ഷിക്കാന്‍ സമൂഹം ബോധപൂര്‍വ്വം ഇടപെടണമെന്നും സുഹ്റ മമ്പാട് പറഞ്ഞു. കപട ആത്മീയ കേന്ദ്രങ്ങളില്‍ ചെന്ന് പണവും അഭിമാനവും നശിപ്പിക്കുന്ന സഹോദരിമാര്‍ കണ്ണ് തുറക്കണം. മതം വിറ്റ് മനുഷ്യരെ പറ്റിക്കുന്നവരെ കരുതിയിരിക്കണമെന്നും അവര്‍ പറഞ്ഞു. കാമ്പസുകളില്‍ പെണ്‍കുട്ടികളെ ലക്ഷ്യം വെച്ച് പല റാക്കറ്റുകളും പ്രവര്‍ത്തിക്കുയാണ്. കണ്ണും കാതും തുറന്ന് വയ്ക്കാന്‍ രക്ഷിതാക്കളും അക്കാദമിക സമൂഹവും തയ്യാറാവണമെന്നും അവര്‍ പറഞ്ഞു.

  സ്ത്രീകളെ പൊതുരംഗത്ത് നിന്നും വിലക്കാൻ ആഹ്വാനം നൽകുന്നവരുടെ യാഥാസ്ഥിതികത്വം സമൂഹം തിരിച്ചറിയുമെന്നും സുഹ്റ മമ്പാട് പറഞ്ഞു. എം.ജി.എം എടവണ്ണ മണ്ഡലം പ്രസിഡന്‍റ് കെ. സി. ഷാഹിന സ്വലാഹിയ്യ അധ്യക്ഷത വഹിച്ചു. ജാമിഅഃ നദ്വിയ്യഃ എം.ജി.എം. സ്റ്റുഡന്‍റ്സ് യൂണിയന്‍ പുറത്തിറക്കുന്ന മാഗസിന്‍ ‘മിശ്ക്കാത്ത്’ എം.ജി.എം. ജനറല്‍ സെക്രട്ടറി ഷമീമ ഇസ്ലഹിയ്യ പ്രകാശനം ചെയ്തു. ആയിഷ ചെറുമുക്ക്, മുഹമ്മദലി മിഷ്കാത്തി, അന്‍സാര്‍ നെന്‍മണ്ട, മുഹ്സിന മുഹ്സിന്‍, സക്കീന നജാത്തിയ, ഫിദ ഫാത്തിമ നരിക്കുനി, ബാസില പി. പി. പട്ടാമ്പി, സഫ. എസ്. തിരുവനന്തപുരം, മിസ്രിയ പി., ഹലീമ ലേഖ എന്നിവര്‍ സംസാരിച്ചു.

  Published by:Arun krishna
  First published: