2023 ഫെബ്രുവരി 18 ശനിയാഴ്ചയാണ് ഇത്തവണ മഹാശിവരാത്രി. മഹാദേവനെയും പാർവതി ദേവിയേയും ഒരുമിച്ച് പൂജിക്കുന്ന ദിവസം. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി കണക്കാക്കുന്ന ശിവന്റെയും പാർവതി ദേവിയുടെയും ഐക്യത്തെ അടയാളപ്പെടുത്തുന്നതാണ് മഹാശിവരാത്രിയെന്ന് വിശ്വസിക്കപ്പെടുന്നത്. ഈ ദിവസം വ്രതമെടുക്കുന്നത് ദാമ്പത്യ ജീവിതം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.
അറിവില്ലായ്മയെയും അന്ധകാരത്തെയും അകറ്റി ലക്ഷ്യബോധത്തോടെ ജീവിതത്തിൽ മുന്നോട്ട് പോകാൻ പുതിയ വെളിച്ചം നൽകുന്ന രാത്രിയാണ് മഹാശിവരാത്രി. മഹാശിവരാത്രിക്ക് പിന്നിലെ കഥയെന്തെന്ന് ?
മഹാശിവരാത്രിക്ക് പിന്നിലെ കഥ
ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി മഥനം നടത്തി.അപ്പോൾ ഉയർന്നു വന്ന കാളകൂടം എന്ന വിഷം ലോകത്തിന്റെ രക്ഷയ്ക്കായി പരമശിവന്‍ കുടിച്ചു.എന്നാൽ ഈ വിഷം ശരീരത്തിലെത്തി ഭഗവാന് ആപത്ത് സംഭവിക്കാതിരിക്കാൻ പാർവതി ദേവി അദ്ദേഹത്തിൻറെ കഴുത്തിൽ മുറുകെ പിടിച്ചു. അതേസമയം തന്നെ വിഷം ഭൂമിയില്‍ വീണ് വിനാശം വരുത്താതിരിക്കാനായി ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു.
പരമശിവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം. പാർവതി കഴുത്തിൽ പിടിച്ചിരിക്കുന്നത് കാരണം ശരീരത്തിലേക്കും വായ പൊത്തിപ്പിടിച്ചിരിക്കുന്നത് കാരണം പുറത്തേക്കും പോകാൻ കഴിയാതെ വിഷം പരമ ശിവന്റെ കണ്ഠത്തില്‍ ഉറച്ചു പോയതിനെ തുടർന്നാണ് ഭഗവാന് നീലകണ്ഠന്‍ എന്ന പേര് വന്നത്.
മഹാശിവരാത്രിയില്‍ ദിനത്തിൽ മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുമെന്നാണ് വിശ്വാസം. ഈ ദിവസം ഉപവസിക്കുകയും ഭഗവാനെ ആരാധിക്കുകയും ചെയ്യുന്നതിലൂടെ അവിവാഹിതകൾക്ക് ഉത്തമനായ ഭര്‍ത്താവിനെ ലഭിക്കുമെന്നും വിശ്വാസമുണ്ട്.
വിവാഹ തടസമുള്ള പെണ്‍കുട്ടികൾ മഹാശിവരാത്രി നാളില്‍ നോമ്പ് അനുഷ്ഠിക്കണം എന്നും വിവാഹ തടസ്സം നീങ്ങാന്‍ ഉപവാസം വളരെ ഫലപ്രദമാകും എന്നും കണക്കാക്കപ്പെടുന്നു. വ്രതം അനുഷ്ഠിക്കുന്നതിലൂടെ മഹാദേവന്റെ അനുഗ്രഹത്തോടൊപ്പം ജീവിതത്തില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.