Maha Shivratri 2023 | നാളെ മഹാശിവരാത്രി ; കന്യാകുമാരി ജില്ലയ്ക്ക് അവധി;ശിവാലയ ഓട്ടം ഇന്ന് മുതൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കന്യാകുമാരിയിലെ 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ കാൽനടയായി ദർശനം നടത്തുന്ന ശിവാലയ ഓട്ടം ഇന്ന് ആരംഭിക്കും
നാഗർകോവിൽ: മഹാശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയ്ക്ക് നാളെ ഫെബ്രുവരി 18 ന് കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പകരം മാർച്ച് 25 പ്രവർത്തി ദിവസമായിരിക്കും. അതേസമയം, ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കന്യാകുമാരിയിലെ 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ കാൽനടയായി ദർശനം നടത്തുന്ന ശിവാലയ ഓട്ടം ഇന്ന് ആരംഭിക്കും.

ഇന്ന് വൈകിട്ട് തിരുമല ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ശിവാലയ ഓട്ടം നാളെ ശിവരാത്രി ദിവസം വൈകിട്ടോടെയും അടുത്ത ദിവസം അതിരാവിലെയുമായി തിരുനട്ടാലം ക്ഷേത്രത്തിൽ അവസാനിക്കും. ശിവരാത്രി നാളിൽ ദ്വാദശരുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ പ്രത്യേകത. ഈ ദിവസം ലക്ഷക്കണക്കിന് ഭക്തരാണ് ദർശന സായൂജ്യം തേടി കന്യാകുമാരി ജില്ലയിലെ 12 ക്ഷേത്രങ്ങളിൽ എത്തുന്നത്.
advertisement
തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങളിൽ കാൽനടയായി ദർശനം നടത്തുന്നതാണ് വഴിപാട്. നടന്നും വാഹനങ്ങളിലും ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ഈ രണ്ടു ദിവസങ്ങളിൽ ദർശനം നടത്തുക പതിവാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ ഇവിടെ ദർശനത്തിന് എത്തും. തമിഴ്നാട് സർക്കാരിന്റെ (ദേവസ്വത്തിന്) കീഴിൽ ഉള്ള ഈ 12 ക്ഷേത്രങ്ങളിലും ശിവരാത്രി ദിനത്തിൽ എത്തുന്ന ലക്ഷകണക്കിന്ന് ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നത് ജില്ലാ ഭരണകൂടം ആണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
February 17, 2023 11:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Maha Shivratri 2023 | നാളെ മഹാശിവരാത്രി ; കന്യാകുമാരി ജില്ലയ്ക്ക് അവധി;ശിവാലയ ഓട്ടം ഇന്ന് മുതൽ