തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോണ്‍ ഉപയോഗം ഹൈക്കോടതി നിരോധിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ക്ഷേത്രപരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായാണ് തീരുമാനമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഭക്തർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇക്കാര്യം ഉറപ്പ് വരുത്താൻ തമിഴ്‌നാട് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ക്ഷേത്രപരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായാണ് തീരുമാനമെന്നും കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ആർ മഹാദേവൻ, ജെ സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിനാണ് നിർദ്ദേശം നൽകിയത്. വ്യവസ്ഥകൾ നടപ്പാക്കാൻ കോടതി ക്ഷേത്രങ്ങളുടെ അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ സ്വദേശി എം സീതാരാമൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ബെഞ്ചിന്റെ ഉത്തരവ്.
advertisement
Also Read- വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച എംബിഎ വിദ്യാർത്ഥിയെ കൊണ്ട് പാത്രങ്ങൾ കഴുകിച്ചു
മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കുന്നതിനായി തിരുച്ചെന്തൂർ ക്ഷേത്രം അധികൃതർ ഫലപ്രദമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കോടതി വിലിരുത്തി. തിരുച്ചെന്തൂർ ക്ഷേത്രപരിസരത്ത് മാന്യമായ ഡ്രസ് കോഡ് വേണമെന്നും മധുര ബെഞ്ച് നിരീക്ഷിച്ചു.
ക്ഷേത്രങ്ങൾ മഹത്തായ സ്ഥാപനങ്ങളാണ്, അവ പരമ്പരാഗതമായി എല്ലാവരുടെയും ജീവിതത്തിന്റെ കേന്ദ്രമാണ്. ഇത് ഒരു ആരാധനാലയം മാത്രമല്ല, ജനങ്ങളുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ക്ഷേത്രം വാഗ്ദാനം ചെയ്യുന്ന ദൈവികതയും ആത്മീയതയും അനുഭവിക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഭക്തരെ ഇപ്പോഴും ആകർഷിക്കുന്ന ഒരു സജീവ പാരമ്പര്യമാണിത്. ഈ അനുഭവത്തെ പിന്തുണയ്ക്കുന്ന സംവിധാനങ്ങളും ഘടനകളും ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
advertisement
ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച് എല്ലാ വ്യക്തികൾക്കും സ്വതന്ത്രമായി മതത്തിൽ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അർഹതയുണ്ടെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു. എന്നിരുന്നാലും, ക്ഷേത്രപരിസരത്തിനകത്ത് പ്രവർത്തിക്കാനുള്ള അത്തരം സ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. ക്ഷേത്രത്തിന്റെ ആരാധനാ മര്യാദയും പവിത്രതയും നിലനിർത്തുന്നുവെന്ന് ക്ഷേത്രഭാരവാഹികൾ ഉറപ്പാക്കണം. അതിനാൽ, ക്ഷേത്ര ദർശനത്തിൽ നിന്ന് ഭക്തരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിൽ പരിസരത്തിനകത്ത് മൊബൈൽ ഫോണുകളുടെയും ക്യാമറകളുടെയും ഉപയോഗം ബന്ധപ്പെട്ട അധികാരികൾക്ക് നിയന്ത്രിക്കാവുന്നതാണ്.
1947 ലെ തമിഴ്‌നാട് ക്ഷേത്രപ്രവേശന നിയമവും ക്ഷേത്രത്തിന്റെ ചുമതലയുള്ള ട്രസ്റ്റികൾക്കോ ഏതെങ്കിലും അധികാരികൾക്കോ പരിസരത്ത് പവിത്രതയും വിശുദ്ധിയും നിലനിർത്തുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാക്കാൻ അധികാരം നൽകുന്നുവെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു. അതേസമയം, ഭക്തർക്ക് പൊതുവെയുള്ള അവകാശങ്ങൾക്കും സൗകര്യങ്ങൾക്കും എതിരായ വിധത്തിലുള്ള നിയന്ത്രണങ്ങൾ പാടില്ലെന്നും ചട്ടങ്ങൾ അനുശാസിക്കുന്നു.
advertisement
ഭക്തർക്ക് ശല്യം ഉണ്ടാകാതിരിക്കാൻ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധനം കൊണ്ടുവരികയും വിജയകരമായി നടപ്പാക്കുകയും ചെയ്തതായി ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഗുരുവായൂൽ ക്ഷേത്രം, മധുര മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം, തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ മൊബൈൽ ഫോൺ നിരോധനം നിലവിലുണ്ട്. ഈ ക്ഷേത്രങ്ങളിൽ ഓരോന്നും പരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് മൊബൈൽ ഫോൺ നിക്ഷേപിക്കുന്നതിന് പ്രത്യേക സുരക്ഷാ കൗണ്ടറുകൾ ഉണ്ട്.
advertisement
തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്ത് മൊബൈൽ ഫോൺ നിരോധനം, മാന്യമായ ഡ്രസ് കോഡ് തുടങ്ങിയ എല്ലാ നടപടികളും അധികൃതർ ഇതിനകം സ്വീകരിച്ചിരുന്നു എന്ന വസ്തുത കണക്കിലെടുത്ത്, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജഡ്ജിമാർ കമ്മീഷണർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലെയും നിർദ്ദേശങ്ങൾ പാലിക്കാൻ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിനോടും നിർദേശിച്ചു.
നവംബർ 14 മുതൽ തിരുച്ചെന്തൂർ ക്ഷേത്രത്തിൽ ഭക്തർക്കും ക്ഷേത്രത്തിൽ ജോലി ചെയ്യുന്നവർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല. സെൽഫോണുകൾ നിക്ഷേപിക്കുന്നതിനും ടോക്കണുകൾ നൽകുന്നതിനും സെക്യൂരിറ്റി കൗണ്ടർ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി തിരുച്ചെന്തൂർ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. സെൽഫോണുകൾ എടുക്കരുതെന്ന് മുന്നറിയിപ്പ് ബോർഡുകൾ വച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ സെൽഫോണുകൾ കൈവശം വച്ചാൽ അത് പിടിച്ചെടുക്കും, തിരികെ നൽകില്ല, ഈ വിവരങ്ങൾ പൊതു സംവിധാനത്തിലും അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ വരുന്ന ഭക്തർ തമിഴ്നാടിന്റെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കുന്ന വസ്ത്രം ധരിക്കണമെന്നും ഇതു സംബന്ധിച്ച സൂചനാ ബോർഡുകൾ ക്ഷേത്രത്തിൽ സ്ഥാപിക്കുമെന്നും തിരുച്ചെന്തൂർ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കൂട്ടിച്ചേർത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2022 11:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോണ്‍ ഉപയോഗം ഹൈക്കോടതി നിരോധിച്ചു