ചിത്രാപൗര്‍ണമിയ്ക്കായി മംഗളാദേവി ഒരുങ്ങി; കണ്ണകി ക്ഷേത്രത്തിൽ ഉത്സവം
- Published by:Anuraj GR
- news18-malayalam
Last Updated:
വർഷത്തിൽ ഒരിക്കൽ മാത്രം പ്രവേശനമുള്ള ഈ ക്ഷേത്രത്തിലേക്ക് എത്താൻ വനത്തിലൂടെ മാത്രമെ കഴിയുകയുള്ളു
കുമിളി: കേരള-തമിഴ്നാട് അതിർത്തിയിലെ ഏറെ പുരാതനമായ മംഗളാ ദേവി ക്ഷേത്രത്തിലെ ചിത്രപൌർണമി ഉൽസവം വ്യാഴാഴ്ച നടക്കും. ഉൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. വർഷത്തിൽ ഒരിക്കൽ മാത്രം പ്രവേശനമുള്ള ഈ ക്ഷേത്രത്തിലേക്ക് എത്താൻ വനത്തിലൂടെ മാത്രമെ കഴിയുകയുള്ളു. കണ്ണകി എന്നറിയപ്പെടുന്ന മംഗളാദേവിയുടെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലേത്. സംസ്ഥാനത്തെ ഏക കണ്ണകി ക്ഷേത്രമാണിത്. മധുരാപുരി ചുട്ടെരിച്ചശേഷം കണ്ണകി ഇവിടെയെത്തിയതായാണ് ഐതിഹ്യം.
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെയും തേനി ജില്ലാ കളക്ടര്‍ ആര്‍ വി ഷാജീവനയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പ് തലവന്‍മാരുടെ യോഗം ചേർന്ന് വിലയിരുത്തിയിരുന്നു.
ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതക്കും മുന്‍തൂക്കം നല്‍കി പരിസ്ഥിതി സൗഹൃദ ക്ഷേത്ര ദര്‍ശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മെയ് 5ന് നാലു മണി മുതല്‍ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാര്‍, സഹകര്‍മ്മി, പൂജ സാമഗ്രികള്‍ എന്നിവരെ ക്ഷേത്രത്തിലേക്കു കടത്തിവിടും. അഞ്ചു മണിക്ക് ആറു ട്രാക്ടറുകളിലായി ഭക്ഷണവും കയറ്റിവിടും. ഓരോ ട്രാക്ടറുകളിലും ആറു പേരില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് നിർദേശം. ട്രാക്ടറുകളില്‍ 18 വയസില്‍ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. രാവിലെ ആറു മണി മുതല്‍ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടും. ഉച്ചക്ക് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകിട്ട് 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ല.
advertisement
ഭക്തരില്‍ നിന്നും യാതൊരുവിധ തുകയും ഈടാക്കാന്‍ അനുവദിക്കില്ല. ഡിസ്‌പോസബിള്‍ പാത്രങ്ങളില്‍ കുടിവെള്ളമോ മറ്റു ഭക്ഷണമോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. ഓഫ് റോഡ് ജീപ്പ് പോലെയുള്ള നാലുചക്ര വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങള്‍ അനുവദിക്കില്ല. മദ്യം, മാംസ ഭക്ഷണം എന്നിവയും അനുവദിക്കില്ല.
ക്ഷേത്രത്തിലേക്ക് പോകാനുള്ള വാഹനങ്ങള്‍ക്ക് ആര്‍.ടി.ഒ പാസ് നല്‍കും. കുമളി ബസ്സ്റ്റാന്‍ഡില്‍ മെയ് 2,3,4 ദിവസങ്ങളില്‍ ഇരു സംസ്ഥാനങ്ങളുടെയും ആര്‍ടിഒ മാരുടെ നേതൃത്വത്തില്‍ ഫിറ്റ്‌നസ് പരിശോധിച്ച് പാസ് അനുവദിക്കും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്റ്റിക്കര്‍ വാങ്ങി വാഹനത്തില്‍ പതിപ്പിക്കണം. ഉത്സവ ദിവസം വാഹനങ്ങളില്‍ അമിതമായി ആളെ കയറ്റാന്‍ അനുവദിക്കില്ല.
advertisement
കുമളി ബസ്സ്റ്റാന്‍ഡ്, അമലാംമ്പിക സ്‌കൂള്‍, കൊക്കരകണ്ടം എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റ് ഏര്‍പ്പെടുത്തി വാഹനങ്ങള്‍ പരിശോധിക്കും. ഒന്നാം ഗേറ്റിലും ക്ഷേത്രപരിസരത്തും കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പരിസ്ഥിതി സൗഹൃദമല്ലാത്ത അലങ്കാര വസ്തുകള്‍ ഉപയോഗിക്കാന്‍ പാടില്ല. പടക്കങ്ങളും പൊട്ടിത്തെറിക്കുന്ന ഉല്‍പ്പന്നങ്ങളും പാടുളളതല്ല. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ്, എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവര്‍ത്തിക്കും. പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘം, കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും അഞ്ച് ആംബുലന്‍സുകളും മല മുകളില്‍ ഏര്‍പ്പെടുത്തും.
advertisement
പ്ലാസ്റ്റിക് ബോട്ടിലുകളില്‍ കുടിവെള്ളം അനുവദിക്കില്ല. അഞ്ച് ലിറ്റര്‍ ക്യാന്‍ ഉപയോഗിക്കാം. 13 പോയിന്റുകളില്‍ കുടിവെള്ളം ഒരുക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ ജലവകുപ്പിന് നിര്‍ദ്ദേശം നല്‍കി. മദ്യം, മറ്റ് ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവദിക്കില്ല.
മാധ്യമപ്രവര്‍ത്തകര്‍ക്കും രാവിലെ ആറുമണി മുതലായിരിക്കും പ്രവേശനം അനുവദിക്കുക. ഇരു സംസ്ഥാനങ്ങളിലെയും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസ് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വിതരണം ചെയ്യും. പാസ് കൈവശമില്ലാത്തവരെ കടത്തിവിടില്ല. ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഐഡി കാര്‍ഡ് ധരിച്ചിരിക്കണം.
advertisement
മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ താല്‍ക്കാലിക ടോയ്‌ലറ്റ് സൗകര്യം സജ്ജമാക്കും. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും അനൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്യും. ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അഗ്നിരക്ഷാസേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രപാതയില്‍ ആംപ്ലിഫയര്‍, ലൗഡ് സ്പീക്കര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ അനുവദിക്കില്ല. പരസ്യ സാമഗ്രികളും പാടില്ല. ഒരു തരത്തിലുള്ള മാലിന്യവും വനത്തില്‍ നിക്ഷേപിക്കരുത്. വനം ശുചിയായി സൂക്ഷിക്കാന്‍ ശുചിത്വമിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
May 03, 2023 7:59 PM IST