അയോധ്യയിലേക്കുള്ള ശ്രീരാമ പ്രതിമകളൊരുക്കി ബംഗാളിലെ മുസ്ലീം ശില്‍പ്പികള്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ഫൈബറില്‍ തീര്‍ത്ത വിഗ്രഹങ്ങളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്
രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യയിലേക്ക് ശ്രീരാമ പ്രതിമകള്‍ നിര്‍മ്മിച്ച് അയയ്ക്കാനുള്ള ഒരുക്കത്തിലാണ് പശ്ചിമ ബംഗാളിലെ രണ്ട് മുസ്ലീം ശില്‍പ്പികള്‍. നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ മുഹമ്മദ് ജലാലുദ്ദിന്‍, അദ്ദേഹത്തിന്റെ മകന്‍ ബിട്ടു എന്നിവരാണ് ഈ ശില്‍പ്പികള്‍. അയോധ്യ ക്ഷേത്ര പരിസരത്ത് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ശ്രീരാമ വിഗ്രഹം നിര്‍മ്മിക്കുന്നത്. ഓണ്‍ലൈനിലൂടെ ഇവരുടെ വൈദഗ്ധ്യത്തെപ്പറ്റി അറിഞ്ഞ ക്ഷേത്രം അധികൃതരാണ് ശ്രീരാമ പ്രതിമകള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്.
ഫൈബറില്‍ തീര്‍ത്ത വിഗ്രഹങ്ങളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. കളിമണ്‍ വിഗ്രഹങ്ങളെക്കാള്‍ വിലയുള്ളതാണ് ഫൈബര്‍ വിഗ്രഹങ്ങള്‍ എന്ന് ജലാലുദ്ദിന്‍ പറയുന്നു. മാത്രമല്ല പ്രതികൂല കാലാവസ്ഥയിലും ഏറെക്കാലം ഈടുനില്‍ക്കുന്നവയാണ് ഫൈബര്‍ വിഗ്രഹങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. ഒരു പൂര്‍ണകായ ഫൈബര്‍ വിഗ്രഹത്തിന് ഏകദേശം 2.8 ലക്ഷം രൂപയാണ് വില. ''മതം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. നമ്മുടെ രാജ്യത്ത് നിരവധി മതവിഭാഗങ്ങളുണ്ട്. എല്ലാ മതസ്ഥരും ഒന്നിച്ച് നില്‍ക്കണം. ശ്രീരാമവിഗ്രഹം നിര്‍മ്മിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ സഹോദര്യ സന്ദേശമാണ് സമൂഹത്തിന് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്,'' ജലാലുദ്ദിന്‍ പറഞ്ഞു.
advertisement
'' രാമവിഗ്രഹത്തെക്കൂടാതെ ദുര്‍ഗ്ഗാ ദേവി, ജഗദാത്രി എന്നിവരുടെ പ്രതിമകളും ഞാന്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവയ്‌ക്കെല്ലാം സ്വീകാര്യത ലഭിച്ചിട്ടുമുണ്ട്,'' എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി ഹിന്ദു ദൈവങ്ങളുടെ ഫൈബര്‍ പ്രതിമകള്‍ നിര്‍മ്മിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒരു പൂര്‍ണകായ പ്രതിമ തയ്യാറാക്കാന്‍ ഏകദേശം ഒന്നരമാസത്തോളം സമയം വേണ്ടിവരുമെന്ന് ജലാലുദ്ദിന്റെ മകനായ ബിട്ടു പറയുന്നു. 30-35 ആളുകള്‍ ആണ് ഒരു പ്രതിമ നിര്‍മ്മിക്കാന്‍ ആവശ്യമായി വരികയെന്നും ബിട്ടു പറഞ്ഞു. ഉത്തര്‍പ്രദേശിലേക്ക് ഈ പ്രതിമകള്‍ എത്തിക്കാന്‍ 45 ദിവസം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ayodhya,Faizabad,Uttar Pradesh
First Published :
December 16, 2023 4:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
അയോധ്യയിലേക്കുള്ള ശ്രീരാമ പ്രതിമകളൊരുക്കി ബംഗാളിലെ മുസ്ലീം ശില്‍പ്പികള്‍