Sabarimala| ശബരിമല നടതുറന്നു; ഇന്ന് ഉത്രാടസദ്യ
- Published by:Rajesh V
- news18-malayalam
Last Updated:
പതിവ് പൂജകൾക്കും അഭിഷേകത്തിനും ശേഷം രാവിലെ 10.30ന് സന്നിധാനത്തെ തെക്കേ നിലവറയോടു ചേർന്നുള്ള അന്നദാനപ്പുരയിലാണ് ഉത്രാടസദ്യ വിളമ്പുന്നത്
പത്തനംതിട്ട : ഓണനാളുകളിലെ പൂജകൾക്കായി ശബരിമല നട തുറന്നു. ഞായറാഴ്ച വൈകിട്ട് 5ന് നട തുറക്കുമ്പോള്‍ വലിയ തോതിൽ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. സന്നിധാനം താഴെതിരുമുറ്റത്തും വലിയ നടപ്പന്തലിലും തീർത്ഥാടകർ തിങ്ങി നിറഞ്ഞിരുന്നു. മലയാളികളായ തീർത്ഥാടകരാണ് ഇന്നലെ കൂടുതലായി എത്തിയത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് നടതുറന്നത്.
Also Read- തിരുവാതിര കളിച്ച് എസ്ഐ ഉൾപ്പെടെയുള്ള പുരുഷ പൊലീസുകാർ; കൊടുങ്ങല്ലൂർ സ്റ്റേഷനിലെ അടിപൊളി ഓണാഘോഷം വൈറൽ
ശബരിമലയില്‍ ഇന്ന് ഉത്രാടസദ്യ നടക്കും. മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയുടെ വകയായിട്ടാണ് സദ്യ സമർപ്പിക്കുന്നത്. പതിവ് പൂജകൾക്കും അഭിഷേകത്തിനും ശേഷം രാവിലെ 10.30ന് സന്നിധാനത്തെ തെക്കേ നിലവറയോടു ചേർന്നുള്ള അന്നദാനപ്പുരയിലാണ് ഉത്രാടസദ്യ വിളമ്പുന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരും സന്നിധാനം കീഴ്ശാന്തിയും പരികർമ്മികളും ചേർന്ന് അയ്യപ്പ ചിത്രത്തിനുമുന്നിൽ സദ്യ വിളമ്പും.
advertisement
5000 പേർക്കുളള സദ്യവട്ടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചങ്ങനാശ്ശേരി കുറിച്ചി പുതുമന ഇല്ലത്ത് മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുളള 21 അംഗ പാചക വിദഗ്ദ്ധരാണ് സദ്യ തയ്യാറാക്കുന്നത്. സന്നിധാനത്ത് തിരുവോണം നാളിൽ ദേവസ്വം ജീവനക്കാരുടെയും അവിട്ടംനാളിൽ സന്നിധാനം പൊലീസ് ഉദ്യോഗസ്ഥരുടെയും ചതയംനാളിൽ ഒരു ഭക്തന്റെയും വഴിപാടായാണ് സദ്യ ഒരുക്കുന്നത്. ഓണനാളിലെ പൂജകൾ പൂർത്തിയാക്കി 31ന് രാത്രി 10ന് നടഅടയ്ക്കും. കന്നിമാസ പൂജകൾക്കായി സെപ്തംബർ 17ന് വൈകിട്ട് 5ന് നടതുറക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
August 28, 2023 9:41 AM IST