ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം
- Published by:Sarika KP
- news18-malayalam
Last Updated:
കലാപരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് നടൻ ഉണ്ണിമുകുന്ദൻ നിർവഹിക്കും.
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം. രാവിലെ കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ ചടങ്ങുകൾക്ക് ആരംഭമാകും മാർച്ച് ഏഴിനാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന പൊങ്കാല മഹോത്സവം മാർച്ച് എട്ടിന് നടക്കുന്ന കുരുതി തർപ്പണത്തോടെ കൊടിയിറങ്ങും. ഉത്സവത്തിന്റെ അവസാന ദിവസമായ മാർച്ച് ഏഴിനാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.
കലാപരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് നടൻ ഉണ്ണിമുകുന്ദൻ നിർവഹിക്കും. ചടങ്ങിൽ പ്രശസ്ത സാമൂഹ്യപ്രവർത്തക ഡോ. പി.ഭാനുമതിക്ക് ആറ്റുകാൽ അംബാ പുരസ്‌കാരം നൽകി ആദരിക്കും. നിയന്ത്രണങ്ങളില്ലാതെ ഇക്കുറി നിരത്തുകളിൽ ഭക്തർക്ക് പൊങ്കാല അർപ്പിക്കാം.
രാവിലെ 10.30-ന് പണ്ടാര അടുപ്പിൽ തീ പകരും. തന്ത്രി ബ്രഹ്‌മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തി ബ്രഹ്‌മശ്രീ പി കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ പകർന്നശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും, സഹമേൽശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകരും.
advertisement
പൊങ്കാലയ്‌ക്കായി ഭക്ത ലക്ഷങ്ങൾ എത്തുന്നതിനാൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ആറ്റുകാൽ പൊങ്കാല ദിവസം കെഎസ്ആർടിസിയുടെ 400 ബസുകൾ സർവീസ് നടത്തും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനകൾക്കൊപ്പം സഞ്ചരിക്കുന്ന മൊബൈൽ ലാബ് പ്രവർത്തിക്കും. 3,300 പോലീസ് ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കും. മാർച്ച് ആറ് വൈകിട്ട് ആറ് മണി മുതൽ മാർച്ച് ഏഴ് വൈകിട്ട് ആറ് മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. കൊറോണ മഹാമാരിയ്‌ക്ക് ശേഷം വിപുലമായ ചടങ്ങുകളോടെയാണ് ആറ്റുകാൽ പൊങ്കാലക്കായി നാടൊരുങ്ങുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 26, 2023 11:41 AM IST