ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ ആൾദൈവമായ സ്വാമി നിത്യാനന്ദയെ ഇന്ത്യ വേട്ടയാടുന്നുവെന്ന പരാതിയുമായി നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യമായ ‘കൈലാസ’യിലെ പ്രതിനിധി എത്തിയത് വാര്‍ത്തയായിരുന്നു. ഫെബ്രുവരി 22 -ാം തിയതി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള 19 -ാമത് യോഗത്തിലാണ് ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ’ പ്രതിനിധിയായി മാ വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തത്.
ഐക്യരാഷ്ട്രസഭയിലെ ഇവരുടെ പരാമര്‍ശം വ്യാപകമായി ചര്‍ച്ചയായതോടെ വിശദീകരണവുമായി വിജയപ്രിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. “ഇന്ത്യയ്ക്ക് വളരെ ഉന്നതമായ സ്ഥാനമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ നൽകുന്നത് എന്നും ഭഗവാന്‍ നിത്യാനന്ദയെ ജന്മനാട്ടിലെ ഹിന്ദുവിരുദ്ധർ വേട്ടയാടുന്നുവെന്നാണ് ഞങ്ങള്‍ പറഞ്ഞതെന്നും” മാ വിജയപ്രിയ പറഞ്ഞു. “ഇന്ത്യയെ ഉന്നതമായ സ്ഥാനത്ത് കാണുന്നവരാണ് ഞങ്ങള്‍. ഗുരുപീഠത്തെപ്പോലെ അങ്ങേയറ്റം ആ രാജ്യത്തെ ബഹുമാനിക്കുന്നു” എന്നും വിജയപ്രിയ വീഡിയോയിൽ പറഞ്ഞു.
I would like to clarify that I stated that the SPH Bhagavan Nithyananda Paramashivam is persecuted in his birthplace by certain anti-Hindu elements.
The United States of KAILASA holds India in high regard and respects India as its Gurupeedam.
Thank you
Ma Vijayapriya Nithyananda pic.twitter.com/s5TYGJtSnM— KAILASA’s SPH Nithyananda (@SriNithyananda) March 2, 2023
തന്റെ പരാമര്‍ശം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചുവെന്നും വിജയപ്രിയ ആരോപിച്ചു. ചില ഹിന്ദു വിരുദ്ധ മാധ്യമങ്ങളാണ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചത് എന്നും വിജയപ്രിയ കൂട്ടിച്ചേർത്തു.
Also read: നിത്യാനന്ദയുടെ ‘കൈലാസ’ എവിടെയാണ്? അങ്ങോട്ട് പോകാനൊക്കുമോ?
” ഇത്തരം ഹിന്ദു വിരുദ്ധ ശക്തികള്‍ക്കെതിരെ ഇന്ത്യൻ സര്‍ക്കാര്‍ നടപടിയെടുക്കണം. നിത്യാനന്ദയ്‌ക്കെതിരെയും കൈലാസത്തിനെതിരെയും അക്രമങ്ങള്‍ അഴിച്ചുവിടുന്നവർക്കെതിരെ നടപടി എടുക്കണം. ഇന്ത്യന്‍ ജനസംഖ്യയുടെ മൂല്യങ്ങളെയും വിശ്വാസങ്ങളെയും ആണ് ഇത്തരം ശക്തികള്‍ നശിപ്പിക്കുന്നത്,” വിജയപ്രിയ പറഞ്ഞു.
വിവാദ ആള്‍ദൈവം നിത്യാനന്ദയെ സംരക്ഷിക്കണമെന്ന് നിത്യാനന്ദയുടെ സാങ്കല്‍പിക രാജ്യമായ കൈലാസയുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍പ്രതിനിധികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അപ്രസക്തമാണെന്ന് യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.എന്നാല്‍ വിഷയങ്ങളില്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നിലവില്‍ നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. കര്‍ണ്ണാടകയിലെ രാംനഗരയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2010ലാണ് പരാതി നല്‍കിയത്. തുടര്‍ന്ന് നിത്യാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. 2020ല്‍ നിത്യാനന്ദ രാജ്യം വിട്ടതായാണ് വിവരം.
കൂടാതെ ആശ്രമത്തിലെ കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് ഗുജറാത്തിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കൂടാതെ ലൈംഗികാരോപണങ്ങളും നിത്യാനന്ദയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ രാജ്യം വിട്ടതും സ്വന്തമായി ‘കൈലാസ’ എന്ന പേരിൽ ഒരു രാജ്യം സൃഷ്ടിച്ചതായി അവകാശവാദം ഉന്നയിക്കുന്നതും
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസുകളിൽ നിന്ന് രക്ഷ നേടിയാണ് നിത്യാനന്ദ രാജ്യം വിട്ടത്. എന്നാൽ നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യം എവിടെയാണെന്ന് മാത്രം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടെയാണ് രാജ്യത്തിന്റെ പ്രതിനിധി യുഎന്‍ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.