ജോലി കഴിഞ്ഞില്ലെങ്കിൽ ജീവനക്കാര്‍ക്ക് ഓഫീസില്‍ കിടന്നുറങ്ങാം; ഓഫര്‍ ലെറ്ററിനൊപ്പം മെത്തയും നല്‍കി യുഎസ് കമ്പനി
- Published by:meera_57
- news18-malayalam
Last Updated:
ഒരു കിടക്ക നിങ്ങള്‍ക്ക് ആദ്യ ദിവസം തന്നെ ഓഫീസില്‍ നിന്നും ലഭിച്ചാലോ?
ജീവനക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങളും ആക്‌സസറികളും നല്‍കിയാണ് ഇന്ന് പല കമ്പനികളും പുതിയ നിയമനം നടത്തുന്നത്. പ്രത്യേകിച്ചും ടെക്‌നോളജി കമ്പനികള്‍. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ആദ്യ ദിവസം തന്നെ എച്ച്ആര്‍ ജീവനക്കാരി അല്ലെങ്കില്‍ ജീവനക്കാരന്‍ നിങ്ങള്‍ക്ക് ആവശ്യമായ എല്ലാം നല്‍കുന്നു. ഒരു ലാപ്‌ടോപ്പ്, വെല്‍കം കിറ്റ്, ഡയറി എന്നിവയാണ് സാധാരണയായി കമ്പനി ആദ്യം ജോലിയില്‍ കയറുന്ന ജീവനക്കാരന് നല്‍കുന്നത്. എന്നാല്‍, ഒരു കിടക്ക നിങ്ങള്‍ക്ക് ആദ്യ ദിവസം തന്നെ ഓഫീസില്‍ നിന്നും ലഭിച്ചാലോ...?
അല്പം അസാധാരണമായി തോന്നുന്നില്ലേ...?എന്നാല്‍ ഇതില്‍ അതിശയിക്കാനൊന്നുമില്ല. ചില കമ്പനികള്‍ യഥാര്‍ത്ഥത്തില്‍ ഇതും ചെയ്യുന്നു. തങ്ങളുടെ ജീവനക്കാർക്ക് ഒരു കിടക്ക പോലും നൽകുന്നു. ഇത്തരത്തില്‍ ഓഫര്‍ ലെറ്ററിനൊപ്പം ഒരു കിടക്കയും തനിക്ക് കമ്പനിയില്‍ നിന്ന് ലഭിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് യുഎസില്‍ നിന്നുള്ള ഒരു യുവാവ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നില്‍ ആണ് ഈ അനുഭവം പങ്കിട്ടിട്ടുള്ളത്. പുതിയ ജീവനക്കാര്‍ക്ക് തങ്ങളുടെ കമ്പനി ഓഫര്‍ ലെറ്ററിനൊപ്പം ഒരു മെത്തയും നല്‍കുന്നുവെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
advertisement
ഒരു മെത്ത നല്‍കിയാണ് ഈ യുഎസ് കമ്പനി തങ്ങളുടെ ജൂനിയര്‍ ജീവനക്കാരെ സ്വാഗതം ചെയ്യുന്നത്. എന്നാല്‍ ഇത് ജീവനക്കാര്‍ക്ക് ഉച്ചസമയത്ത് ഉറങ്ങാന്‍ വേണ്ടിയല്ല. മറിച്ച് രാത്രി വൈകിയുള്ള ജോലി കഴിഞ്ഞ് ഓഫീസില്‍ തന്നെ കിടന്നുറങ്ങാന്‍ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പോസ്റ്റില്‍ വിശദമാക്കുന്നുണ്ട്. ഇത് വീട്ടിലേക്കുള്ള യാത്ര സമയം ഒഴിവാക്കാന്‍ ജീവനക്കാരെ സഹായിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ജോലി-ജീവിത സന്തുലിതാവസ്ഥ ഒരു ചൂടന്‍ ചര്‍ച്ചാ വിഷയമായിരിക്കുന്ന ഇക്കാലത്ത് ജീവനക്കാര്‍ ഓഫീസില്‍ വൈകുവോളം ജോലി ചെയ്യുകയും അവിടെ തന്നെ കിടന്നുറങ്ങുകയും ചെയ്യുന്നത് അര്‍ത്ഥവത്തായ ചില ജോലികളുടെ ഭാഗമാണെന്നാണ് അദ്ദേഹം പോസ്റ്റിൽ അവകാശപ്പെട്ടിട്ടുള്ളത്.
advertisement
പുലര്‍ച്ചെ നാല് മണി വരെ ജീവനക്കാര്‍ ജോലി ചെയ്യേണ്ടിവരുന്നത് സാധാരണമാണെന്നും അദ്ദേഹം പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്. കമ്പനിയുടെ പുരോഗതിക്കായി തന്റെ ടീം ആഴ്ചയില്‍ ഏഴ് ദിവസം ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു. പുലര്‍ച്ചെ നാല് മണിക്ക് ജോലി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ ആഗ്രഹിക്കാത്തപ്പോള്‍ കിടക്ക ഒരു സൗകര്യമാണെന്നും അദ്ദേഹം വിശദമാക്കി. ക്രമരഹിതമായി പ്രവര്‍ത്തിക്കുന്ന ക്രാക്ക്ഡ് ആയിട്ടുള്ള എഞ്ചിനീയര്‍മാരെ തങ്ങള്‍ എപ്പോഴും തിരയുന്നതായും അദ്ദേഹം വ്യക്തമാക്കി.
തന്റെ കമ്പനിയില്‍ ചേരാനുള്ള ആഹ്വാനവും അദ്ദേഹത്തിന്റെ പോസ്റ്റിലുണ്ട്. ജോലിയില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ തങ്ങളുടെ ഇമെയില്‍ കമന്റ് ചെയ്യാന്‍ പോസ്റ്റില്‍ അദ്ദേഹം പറയുന്നു. ഏഴ് ദിവസം ജോലി ചെയ്യാന്‍ തയ്യാറാണെങ്കില്‍ മാത്രം ബന്ധപ്പെടുകയെന്നും പോസ്റ്റ് കൂട്ടിച്ചേര്‍ത്തു.
advertisement
വിവിധ രീതിയിലുള്ള പ്രതികരണങ്ങളാണ് ആളുകള്‍ പോസ്റ്റിന് താഴെ പങ്കുവെച്ചത്. അതേസമയം, അദ്ഭുതമെന്നുപറയട്ടെ ഏഴ് ദിവസം ജോലി ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേര്‍ മുന്നോട്ടുവന്നു. ചിലര്‍ ഇതിനെ ഭ്രാന്തമെന്ന് ആക്ഷേപിച്ചു. മറ്റുചിലര്‍ പരിഹസിച്ചു. ടോക്‌സിക് തൊഴില്‍ അന്തരീക്ഷമാണിതെന്ന് മറ്റുചിലര്‍ വിമര്‍ശിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 25, 2025 3:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ജോലി കഴിഞ്ഞില്ലെങ്കിൽ ജീവനക്കാര്‍ക്ക് ഓഫീസില്‍ കിടന്നുറങ്ങാം; ഓഫര്‍ ലെറ്ററിനൊപ്പം മെത്തയും നല്‍കി യുഎസ് കമ്പനി