മുടിവെട്ടാനും വിവേചനം; ജാതിയുടെ ചുരുളുകൾ വെട്ടിക്കളഞ്ഞ് പുതിയകാലത്തിലേക്ക് വട്ടവട

Last Updated:

വിവേചനം കാട്ടിയ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചുപൂട്ടി.പഞ്ചായത്തിന്റെ ചിലവില്‍ പൊതുജന പങ്കാളിത്തത്തോടെ പൊതു ബാര്‍ബര്‍ ഷോപ്പ് ആരംഭിച്ചു. എല്ലാവര്‍ക്കും പ്രവേശനമുള്ള ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് മാത്രമേ ഇനി പ്രവര്‍ത്തനാനുമതി പഞ്ചായത്ത് നല്‍കുവെന്നും നിലപാടെടുത്തു.

അഞ്ഞൂറ് വർഷത്തിനടുത്ത  കുടിയേറ്റ ചരിത്രമാണ് പശ്ചിമഘട്ട മലനിരയുടെ ഭാഗമായി പച്ചപ്പില്‍ നിറഞ്ഞ് നില്‍ക്കുന്ന ഇടുക്കി ജില്ലയിലെ  കാര്‍ഷിക കുടിയേറ്റ ഗ്രാമമായ വട്ടവടയ്ക്ക് പറയാനുള്ളത്.  മൂന്നാറില്‍ നിന്നും നാല്‍പത്തി രണ്ട് കിലോമീറ്റര്‍ ദൂരെ. മാട്ടുപെട്ടിയും  കുണ്ടളയും കഴിഞ്ഞ് തമിഴ്‌നാടിന്റെ അതിര്‍ത്തി വേര്‍തിരിക്കുന്ന ടോപ് സ്റ്റേഷനും കടന്ന് എത്തുന്നതാണ് നൂറ്റാണ്ടുകളുടെ കുടിയേറ്റ ചരിത്രവും വ്യത്യസ്ഥ സംസ്‌ക്കാരവും നിലനില്‍ക്കുന്ന ഈ മലമുകള്‍.  മണ്ണിനെ സ്‌നേഹിക്കുന്ന കര്‍ഷക ജനതയുടെ നാട്.
വട്ടവടയുടെ ചരിത്രം ആരംഭിക്കുന്നത് തൊട്ടുകിടക്കുന്ന തമിഴ്‌നാട്ടില്‍ നിന്നുമാണ്. നാനൂറ്റി തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുമലൈനായ്ക്കരുടെ അധീനതയിലുള്ള മധുരയില്‍ ടിപ്പു സുല്‍ത്താന്റെ പിതാവ് ഹൈദരലി പടയോട്ടം നടത്തി. ജീവന്‍ ഭയന്ന് തമിഴ്‌നാട്ടില്‍ നിന്നും നിരവധി കുടുംബങ്ങള്‍ മറ്റ് പല മേഖലകളിലേയ്ക്കും പലായനം ചെയ്തു. അക്കാലത്ത് തമിഴ്‌നാടിന്റെ അതിര്‍ത്തി മലനിരകളിലേയ്കും നിരവധി കുടുംബങ്ങള്‍ എത്തപ്പെട്ടതായി പറയപ്പെടുന്നു. ഇവരിലെ പതിമൂന്ന് കുടുംബങ്ങളാണ് വട്ടവടയില്‍ എത്തിയത്. ടോപ് സ്റ്റേഷന് സമീപമുള്ള പാമ്പാടുംചോല വനമേഖലയില്‍ എത്തപ്പെട്ട കുടുംബങ്ങള്‍ ജലക്ഷാമവും വന്യമൃഗ ശല്യവും മൂലം ഇവിടെ നിന്നും വട്ടവട മലമുകളിലേയ്ക്ക് എത്തുകയായിരുന്നു. പിന്നീട് ഇവിടം കൃഷിക്ക് ഏറെ അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തി ഇവര്‍ ഇവിടെ കൃഷി ആരംഭിച്ചു. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശീതകാല പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രമാണ് വട്ടവട. ഇവിടെ കുടിയേറ്റമുണ്ടെന്ന് കണ്ടെത്തി പൂഞ്ഞാര്‍ രാജാവ് വട്ടവടയില്‍ എത്തി. കൃഷി ചെയ്യുന്നതിന് അനുമതി നല്‍കുകയും പതിമൂന്ന് കുടുംബങ്ങളെ അഞ്ച് വിഭാഗമാക്കി തിരിച്ച് പട്ടം നല്‍കുകയും ചെയ്തു. മന്ത്രിയാര്‍, മന്നാടിയാര്‍, മണിയകാരന്‍,  പെരിയധനം, കണ്ടല്‍കാരന്‍ എന്നിങ്ങനെയായിരുന്നു വിഭജനം. ഇതില്‍
advertisement
കണ്ടല്‍ക്കാരനാണ്  ജാതിയില്‍ ഏറ്റവും താഴ്ന്ന വിഭാഗമെന്ന് പറയുന്നത്  .
കിടപ്പ് കേരളത്തിലാണെങ്കിലും  തമിഴ്‌നാടന്‍ സംസ്‌ക്കാരമുള്ളവരാണ്  കുടിയേറ്റ കര്‍ഷക കുടുംബങ്ങള്‍. അവർക്കിടയില്‍ അക്കാലം മുതല്‍ തന്നെ ജാതി വ്യവസ്ഥിതിയും നിലനിന്നിരുന്നു.  ജാതിയില്‍ ഏറ്റവും താഴ്ന്നവരെന്ന് പറയപ്പെടുന്നവര്‍ക്ക് ജോലിക്ക് പോകുന്നതിനോ സമ്പാദിക്കുന്നതിനോ അവകാശമുണ്ടായിരുന്നില്ല. അതിരാവിലെ എഴുന്നേറ്റ് ഉയര്‍ന്ന ജാതിയിലുള്ളവരെ വണങ്ങി അവരുടെ വീടുകളിലെ ജോലി ചെയ്യണം. ഇതിന് ശേഷം ഇവര്‍ നല്‍കുന്ന ഭക്ഷണമാണ് ആകെയുള്ള കൂലി. ഇതു മുതല്‍ ജാതി വിവേചനത്തിനെതിരേയുള്ള പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു. പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളുടെ കടന്നുവരവ് വലിയ രീതിയിലുള്ള മാറ്റത്തിന് തുടക്കം കുറിച്ചു. കൃഷിയിടങ്ങളില്‍ കൂലിക്ക് ജോലി ചെയ്യുന്നതിന് അവസരമൊരുങ്ങി. പിന്നീട് കുട്ടികളുടെ വിദ്യാഭ്യാസം. കടകളില്‍ പ്രവേശനം തുടങ്ങിയവയും അനുവദനീയമായി.
advertisement
വട്ടവടയിലെ ജാതി വിവേചനം പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ക്ക് വിധേയമായി. എന്നാലും കേരളം മാറിയിട്ടും പലതും അവർ അറിഞ്ഞില്ല.തൊണ്ണൂറുകളുടെ ഒടുവിൽ പോലും  പിന്നോക്കവിഭാഗമായി കണ്ടിരുന്നവര്‍ക്ക് ഹോട്ടലുകളില്‍ ഇരട്ട ഗ്ലാസ്സും. പാത്രവും ഉണ്ടായിരുന്നു. അതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത് ഇന്നത്തെ വട്ടവട ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് ആര്‍ രാമരാജിന്റെ നേതൃത്വത്തിലുള്ള യുവാക്കളായിരുന്നു. ജാതി ആധിപത്യത്തിന് അവരുടെ വിപ്ലവീര്യത്തിന് മുമ്പില്‍  അയഞ്ഞ് കൊടുക്കേണ്ടി വന്നു. ഏറ്റവും ഒടുവില്‍ നില നിന്നതാണ് പിന്നോക്കകാരന്റെ മുടിവെട്ടുന്നതിനുള്ള അവകാശം നിഷേധം. ഇതിനെതിരേയും പുതിയ തലമുറ പ്രതിഷേധവുമായി രംഗത്തെത്തി. ന്യൂസ് 18 വാര്‍ത്തയിലൂടെ വട്ടവടയിലെ ഈ ജാതി വിവേചനം പുറംലോകമറിഞ്ഞു. സാമൂഹ്യ, സാംസ്‌ക്കാരിക പ്രവര്‍ത്തകരും. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ജാതി വിവേചനത്തിനെതിരേ രംഗത്തെത്തി.
advertisement
ജാതി വിവേചനത്തിനെതിരേ വലിയ പോരാട്ടത്തിന് നേതൃത്വം നല്‍കിയ പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് ഇത്തവണയും ശക്തമായ ഇടപെടല്‍ നടത്തി. വിവേചനം കാട്ടിയ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചുപൂട്ടി.പഞ്ചായത്തിന്റെ ചിലവില്‍ പൊതുജന പങ്കാളിത്തത്തോടെ പൊതു ബാര്‍ബര്‍ ഷോപ്പ് ആരംഭിച്ചു. എല്ലാവര്‍ക്കും പ്രവേശനമുള്ള ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് മാത്രമേ ഇനി പ്രവര്‍ത്തനാനുമതി പഞ്ചായത്ത് നല്‍കുവെന്നും നിലപാടെടുത്തു.
advertisement
ഇതോടെ വട്ടവടയില്‍ അവസാനമായുണ്ടായിരുന്ന ജാതി വിവേചചനത്തിനും അറുതിവരുത്തി. എന്നാല്‍ പഴയ തലമുറ ഇത് പൂര്‍ണ്ണമായി ഉള്‍കൊണ്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നുണ്ട്. പഴയ കാലത്തിന്റെ ഭ്രാന്തന്‍ ചിന്തകളെ ഉല്‍കൊള്ളാന്‍ തയ്യാറാകാത്ത  വലിയ മാറ്റത്തിന്റെ ശബ്ദമായി പുതിയ തലമുറ നിലനില്‍ക്കുന്ന കാലം വരെയെങ്കിലും  ഇനിയൊരു വിവേചനം വട്ടവടയില്‍ ഉണ്ടാകില്ലെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
മുടിവെട്ടാനും വിവേചനം; ജാതിയുടെ ചുരുളുകൾ വെട്ടിക്കളഞ്ഞ് പുതിയകാലത്തിലേക്ക് വട്ടവട
Next Article
advertisement
'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് എഫ്ഐആ‍ർ രാജ്യദ്രോഹപരം; പാകിസ്ഥാനല്ല കേരളം ഭരിക്കുന്നത് : രാജീവ് ചന്ദ്രശേഖർ
'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് എഫ്ഐആ‍ർ രാജ്യദ്രോഹപരം; പാകിസ്ഥാനല്ല കേരളം ഭരിക്കുന്നത് : രാജീവ് ചന്ദ്രശേഖർ
  • കേരളം ഇന്ത്യയുടെ ഭാഗമാണെന്നും, ഓപ്പറേഷൻ സിന്ദൂർ പൂക്കളത്തിന് എഫ്ഐആർ സ്വീകരിക്കാനാകില്ല: രാജീവ് ചന്ദ്രശേഖർ.

  • ഓപ്പറേഷൻ സിന്ദൂർ സായുധസേനകളുടെ ധീരതയുടെയും കരുത്തിന്റെയും പ്രതീകമാണെന്ന് രാജീവ് ചന്ദ്രശേഖർ.

  • കേരളം ജമാ അത്തെ ഇസ്ലാമിയോ പാകിസ്ഥാനോ ഭരിക്കുന്നില്ലെന്നും, എഫ്ഐആർ പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ.

View All
advertisement