40 വയസ് ആകുന്ന ജീവനക്കാരെ കമ്പനികൾ വിരമിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്തുകൊണ്ട്?
- Published by:meera_57
- news18-malayalam
Last Updated:
പ്രായമായ ജീവനക്കാരെ സ്ഥാപനങ്ങള്‍ തങ്ങളുടെ ആസ്തികളായല്ല, മറിച്ച് ഒരു ബാധ്യതയായിട്ടാണ് കാണുന്നതെന്ന് ബിസിനസ് കോച്ചായ രാജീവ് തല്‍റേജ മുന്നറിയിപ്പ് നല്‍കുന്നു
നിങ്ങള്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നാല്‍പത് വയസ്സു കഴിഞ്ഞ വ്യക്തിയാണോ? എന്നാല്‍ അല്‍പം ജാഗ്രത പാലിക്കണം. ഇന്ത്യയിലെ മിക്ക വലിയ കമ്പനികളും ജീവനക്കാരുടെ വിരമിക്കല്‍ പ്രായം പുനഃക്രമീകരിക്കുകയാണ്. 60 വയസ്സല്ല മറിച്ച് 42നും 45 വയസ്സിനും ഇടയിലായി വിരമിക്കല്‍ പ്രായം ക്രമീകരിക്കുകയാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രായമായ ജീവനക്കാരെ സ്ഥാപനങ്ങള്‍ തങ്ങളുടെ ആസ്തികളായല്ല, മറിച്ച് ഒരു ബാധ്യതയായിട്ടാണ് കാണുന്നതെന്ന് ബിസിനസ് കോച്ചായ രാജീവ് തല്‍റേജ മുന്നറിയിപ്പ് നല്‍കുന്നു. എഐയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് മാതൃകകളുടെയും വളര്‍ച്ചയോടെ എല്ലാ തലങ്ങളിലുമുള്ള ജോലികള്‍ മാറ്റത്തിന് വിധേയമാകുകയാണ്.
വലിയ നിക്ഷേപങ്ങളോ വാടക തരാന്‍ കഴിയുന്ന മറ്റ് സ്വത്തുക്കളോ പോലെയുള്ള മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ലെങ്കില്‍ ഇത്തരത്തില്‍ നേരത്തെ ജോലി ഉപേക്ഷിക്കുന്നത് കുടുംബത്തിന്റെ സാമ്പത്തിക ഭാവി അപകടത്തിലാക്കുമെന്ന് തല്‍റേജ മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങളുടെ 40കളില്‍ പെട്ടെന്ന് ജോലി ഇല്ലാതാകുന്നത് അപ്രതീക്ഷിതവും വരുമാനമില്ലാത്തതുമായ വിരമിക്കലിന് കാരണമാകും.
"വലിയ കമ്പനികളില്‍ വിരമിക്കല്‍ പ്രായം 60 അല്ല, മറിച്ച് 42നും 45നും ഇടയിലാണ്. ഫിനാന്‍സ് ടീം 'പേറോള്‍ കൊളസ്‌ട്രോള്‍' എന്ന് വിളിക്കുന്ന പ്രായപരിധിയിലുള്ള ആളുകളെയാണ് കമ്പനികള്‍ പിരിച്ചുവിടുന്നത്. അതിനാല്‍ നിങ്ങള്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് നിക്ഷേപങ്ങളോ അല്ലെങ്കില്‍ മാന്യമായ വാടക വരുമാനമോ സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാനുള്ള ആശയമോ കഴിവുകളോ നല്‍കുന്ന സ്വത്തോ ഇല്ലെങ്കില്‍ നിങ്ങളുടെ കുടുംബം വലിയ അപകടത്തിലാണ്," സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
advertisement
"45 വയസ്സിലെത്തിയ ഒരാള്‍ ഇക്കാര്യം മനസ്സിലാക്കുമ്പോഴേക്കും അയാള്‍ക്ക് പണവും മറ്റ് വഴികള്‍ പഠിക്കാനുള്ള സമയവും ശക്തിയുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും. ജോലി ഇല്ലാത്തതിനാല്‍ അവര്‍ ഒരു ബിസിനസ് ആരംഭിക്കുകയും എന്നാല്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഇതാണ് ജീവിത്തിലെ നഗ്നമായ സത്യം," ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
"ഇക്കാര്യത്തെക്കുറിച്ച് പരിഭ്രാന്തരാകുന്നതിന് പകരം അടുത്ത 20-30 വര്‍ഷത്തേക്ക് നമ്മുടെ ജീവിതവും കഴിവുകളും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചിന്തിച്ച് തുടങ്ങണം. നിക്ഷേപമാര്‍ഗങ്ങള്‍ മികച്ചവയാണ്. എന്നാല്‍, വിദ്യാര്‍ഥിയാകുക. നമ്മുടെ താത്പര്യ മേഖലകളിലും ലക്ഷ്യബോധത്തിലും നാം പ്രതിജ്ഞാബദ്ധരാകുമ്പോള്‍ മുതിര്‍ന്നവരുടെ പഠനം രസകരമാണ്. ഈ പ്രായത്തില്‍ ഇക്കാര്യം ചെയ്യാനുള്ള ജ്ഞാനവും അവസരവും നമുക്കുണ്ട്. നിഷ്‌ക്രിയമായി ഇതിനെ സമീപിക്കരുത്. മറിച്ച് താത്പര്യത്തോടെയും നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാനുള്ള ബോധത്തോടെയും പെരുമാറുക," മറ്റൊരാള്‍ പറഞ്ഞു.
advertisement
"കോവിഡിന് ശേഷം സ്ഥിതി കൂടുതല്‍ വഷളായി. ഇപ്പോഴുള്ള ശമ്പളത്തിന്റെ പകുതി ശമ്പളത്തിന് കൂടുതല്‍ ജോലി ചെയ്യാന്‍ ശേഷിയുള്ള 30കളുടെ മധ്യത്തിലുള്ള ആളുകളെ സ്ഥാപനങ്ങള്‍ കണ്ടെത്തും. രാഷ്ട്രീയവും അടിമത്ത നിലപാടും കൊണ്ട് ഇന്ത്യയിലെ കോര്‍പ്പറേറ്റ് രംഗം നശിച്ചിരിക്കുന്നു," മറ്റൊരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു.
"യൂറോപ്പിലും യുഎസിലും ആളുകളുടെ അനുഭവസമ്പത്ത്, വൈദഗ്ധ്യം, ബിസിനസ് സാഹചര്യങ്ങളില്‍ നയിക്കാനുള്ള കഴിവ് എന്നിവ കാരണം അവര്‍ക്ക് ഇഷ്ടമുള്ളിടത്തോളം കാലം ജോലി ചെയ്യാനുള്ള അവസരം ഒരുക്കുന്നു. പരിചയ സമ്പത്ത് നേടിയ ആളുകളെ ഒഴിവാക്കാനാണ് അവര്‍ മടികാണിക്കാറ്," മറ്റൊരാള്‍ പറഞ്ഞു.
advertisement
രാജീവ് തല്‍രേജ മാത്രമല്ല, മാര്‍സെല്ലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ സ്ഥാപകനായ സൗരഭ് മുഖര്‍ജിയും സമാനമായ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. പല വ്യവസായങ്ങളിലും കമ്പനികള്‍ ചെലവ് കുറയ്ക്കാന്‍ യന്ത്രങ്ങളെയും സോഫ്റ്റ് വെയറുകളെയും കൂടുതലായി ആശ്രയിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വളര്‍ന്നുവരുന്ന തൊഴില്‍ മേഖലയില്‍ സമര്‍ത്ഥരും കഠിനാധ്വാനികളുമായ പ്രൊഫഷണലുകള്‍ക്ക് ഒരു മുഴുവന്‍ സമയ ജോലി ഇനി പ്രായോഗികമായിരിക്കില്ലെന്നും അദ്ദേഹം പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 20, 2025 2:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
40 വയസ് ആകുന്ന ജീവനക്കാരെ കമ്പനികൾ വിരമിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്തുകൊണ്ട്?