അപൂര്‍വചാരുതയാര്‍ന്ന പാട്ടുകാലം; ഇന്നലെകളെ സംഗീത സാന്ദ്രമാക്കിയ പാട്ടുകാരി; ശാന്ത പി നായരെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ്
- Published by:Karthika M
- news18-malayalam
Last Updated:
ശാന്ത പി നായരുമായുള്ള അനുഭവം പങ്കുവെച്ച് ദൂരദര്‍ശന്‍ ന്യൂസിന്റെ പ്രോഗ്രാംവിഭാഗം മുന്‍മേധാവി ബൈജു ചന്ദ്രന്‍
ബൈജു ചന്ദ്രന്‍
നാല്പതു വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള ഒരു ദിവസമായിരുന്നു അത്. തിരുവനന്തപുരത്തു വെച്ചു നടത്തുന്ന കേരള സര്‍വകലാശാല യുവജനോത്സവത്തിലെ ലളിത സംഗീത മത്സരവിഭാഗത്തില്‍ വിധികര്‍ത്താക്കളെ തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി ആകാശവാണി നിലയത്തിലെത്തിയതായിരുന്നു, അന്ന് യൂണിവേഴ്‌സിറ്റി യൂണിയന്റെ ഭാരവാഹിയായിരുന്ന ഞാന്‍. കെ പി ഉദയഭാനുവും എം ജി രാധാകൃഷ്ണനും പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥും ഉള്‍പ്പെടെ പല പ്രതിഭാധനരും ഉണ്ടല്ലോ, അവിടെ.
എന്നാല്‍ സ്വന്തം ശിഷ്യര്‍ പലരും മത്സരിക്കാനുണ്ടാകും എന്നുള്ളത് കൊണ്ട് അവര്‍ ഓരോരുത്തരായി ഒഴിവായി. വിഷണ്ണനായി ആകാശവാണിയുടെ വരാന്തയില്‍ അങ്ങനെ നില്‍ക്കുമ്പോള്‍, എന്നെ സഹായിക്കാനായി ഒപ്പമുണ്ടായിരുന്ന രവീന്ദ്രന്‍ ചെന്നിലോട് (അടുത്തിടെയാണ് ആ ജ്യേഷ്ഠസുഹൃത്ത് വിടപറഞ്ഞത്), ആരോ അങ്ങോട്ടേക്ക് നടന്നുവരുന്നതു കണ്ട് ആഹ്ലാദത്തോടെ പറഞ്ഞു.
advertisement
'വിഷമിക്കേണ്ട, നമുക്ക് ഇപ്പോള്‍ ശരിയാക്കാം.'
സാരി വാരിപ്പുതച്ച പ്രൗഢസുന്ദരമായ ഒരു സ്ത്രീരൂപം,കയ്യില്‍ കുറെ ടേപ്പുകളും പിടിച്ച്, പതുക്കെ വരാന്തയിലൂടെ നടന്നുവന്നു. അവരെ സ്വാതന്ത്ര്യത്തോടെ തടഞ്ഞു നിറുത്തിയ ചെന്നിലോട് ഞങ്ങളുടെ വരവിന്റെ ഉദ്ദേശ്യം അറിയിച്ചുകൊണ്ട് ആവശ്യപ്പെട്ടു.
'ചേച്ചി ഇവരെയൊന്നു സഹായിച്ചേ പറ്റൂ. ചേച്ചിയെക്കാള്‍ പറ്റിയ ഒരാളെ ഇവര്‍ക്ക് ജഡ്ജായി കിട്ടില്ല.'
പക്ഷെ ഫലമുണ്ടായില്ല. മൃദുലവും സൗമ്യവുമെങ്കിലും വളരെ ദൃഢമായ സ്വരത്തില്‍ അവര്‍ തന്റെ നയം വ്യക്തമാക്കി.
'എന്റെ രവീ, കുട്ടിക്കറിയാമല്ലോ ഞാനിങ്ങനെയുള്ള ഒരു പരിപാടിയ്ക്കും പോകാറില്ലെന്ന്. പ്ളീസ്, എന്നെ ഒഴിവാക്കൂ.'
advertisement
തിരിഞ്ഞ് എന്നോട് അഭ്യര്‍ത്ഥനയുടെ സ്വരത്തില്‍ പറഞ്ഞു. 'ഒന്നും വിചാരിക്കരുതേ കുട്ടീ,ഞാന്‍ അങ്ങനെ പൊതുചടങ്ങുകള്‍ക്കൊന്നും പോകാറില്ല,പ്രത്യേകിച്ച് മത്സരങ്ങളുടെ ജഡ്ജ് ആയിട്ടൊന്നും. പറ്റിയ വേറെയൊരാളെ കണ്ടുപിടിക്കൂ.'
കൂടുതല്‍ നിര്‍ബന്ധിക്കുന്നതില്‍ നിന്നും നമ്മെ വിലക്കുന്ന എന്തോ ഒന്ന്, സവിശേഷമായ ആ ശബ്ദത്തിലുണ്ടായിരുന്നു. സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞ ഒരു ചിരി സമ്മാനിച്ചിട്ട് അവര്‍ സ്റ്റുഡിയോയുടെ ഭാഗത്തേക്ക് നടന്നുപോയി.ഉള്ളില്‍ തോന്നിയ ചെറിയ നീരസമടക്കിപ്പിടിച്ചു നിന്ന എന്നോട് ചെന്നിലോട് പറഞ്ഞു.
'കഷ്ടമായിപ്പോയി.ചേച്ചി വരാമെന്നു സമ്മതിച്ചിരുന്നെങ്കില്‍ നിങ്ങളുടെ യൂത്ത് ഫെസ്റ്റിവലിന് തന്നെ അതൊരന്തസ്സായേനെ.'
advertisement
എന്റെ മുഖത്തെ കുഴഞ്ഞ മട്ട് ശ്രദ്ധിച്ചത് അപ്പോഴാണ്.
'ബൈജുവിന് ആളെ മനസ്സിലായില്ലേ? ആ പോയത് ശാന്താ പി നായരാണ്. പഴയ പിന്നണി ഗായിക. ശാന്തച്ചേച്ചി ഇപ്പോള്‍ ഇവിടെയാണ് ജോലി നോക്കുന്നത്. '
ദൈവമേ! അതു ശാന്താ പി നായരായിരുന്നെന്നോ?'തുമ്പീ തുമ്പീ വാ വാ'യും 'സംഗീതമേ ജീവിതവും' 'ഏകാന്ത കാമുകായു'മൊക്കെ പാടിയ എന്റെ പ്രിയപ്പെട്ട പാട്ടുകാരി. ആദ്യത്തെ മലയാള പ്രക്ഷേപകനും നാടകകൃത്തും തിരക്കഥാരചയിതാവുമൊക്കെയായ കെ.പത്മനാഭന്‍ നായരുടെ സഹധര്‍മ്മിണി, ചെമ്മീനിലെ പഞ്ചമിയായി അഭിനയിച്ച,'മഞ്ഞക്കിളീ, സ്വര്‍ണ്ണക്കിളീ'യുമൊക്കെ പാടിയ ലതയുടെ അമ്മ. ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലല്ലോ,ആ വലിയ ഗായികയെ ഇങ്ങനെയൊരിക്കല്‍ കണ്ടുമുട്ടുമെന്ന്!
advertisement
ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളനേരത്ത് സ്റ്റുഡിയോ ഫ്ളോറില്‍ തനിച്ചായിപ്പോയ നായികയും സംവിധായകനും അവര്‍ പോലുമറിയാതെ അന്യോന്യം ഹൃദയങ്ങള്‍ കൈമാറുന്ന അവിസ്മരണീയമായ ഒരു രംഗമുണ്ട്,ഗുരുദത്തിന്റെ 'കാഗസ് കി ഫൂല്‍' എന്ന വിഖ്യാത ചിത്രത്തില്‍. പ്രണയവും കടപ്പാടും കുറ്റബോധവുമെല്ലാം മാറി മാറി മിന്നിമറയുന്ന ആ മുഹൂര്‍ത്തത്തെ ഒരു ക്ലാസ്സിക്കിന്റെ ഉയരങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്നത് ഒരു പാട്ടാണ് 'വക്ത് നേ കിയാ, ക്യാ ഹസീ സിതം' ആ അനശ്വരഗാനവും മറ്റനേകം മധുരഗാനങ്ങളും നമുക്ക് നല്‍കിയിട്ട് കടന്നുപോയ ഗീതാദത്തിനെ ഇന്നെത്രപേര്‍ ഓര്‍മ്മിക്കുന്നുണ്ടെന്നറിയില്ല . പക്ഷെ ആ പാട്ടുകളെല്ലാം മറവിക്കും മരണത്തിനുമൊരിക്കലും കീഴ്പ്പെടുത്താനാകാതെ നമ്മോടൊപ്പം ജീവിച്ചുകൊണ്ടേയിരിക്കുന്നു. മദ്യത്തില്‍ തന്നത്താന്‍ മുക്കിക്കൊന്ന ഗീതാദത്തുമായി ജീവിതാനുഭവങ്ങളില്‍ ഒരു സമാനതയുമില്ല ശാന്താ പി നായര്‍ എന്ന ഗായികയ്ക്ക്.
advertisement
എന്നാല്‍,അപൂര്‍വ സുന്ദരമായ ശബ്ദത്തിലൂടെയും ആലാപനരീതിയിലൂടെയും അനിര്‍വചനീയമായ ഭാവപ്രപഞ്ചം സൃഷ്ടിക്കുന്നതില്‍ അവര്‍ രണ്ടുപേരും ഒരുപോലെ തന്നെയായിരുന്നു. ഏതൊരാരവത്തിന്റെ ഇടയില്‍ നിന്നും നമുക്ക് ശാന്താ പി നായരുടെ ശബ്ദത്തെ വേര്‍തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. കടപ്പുറത്തിനുത്സവമായെന്ന് സംഘം ചേര്‍ന്നുപാടുന്ന പാട്ടുകാരുടെയിടയില്‍ നിന്ന് 'നാടോടിപ്പാട്ടുകള്‍ പാട്ണ വാനമ്പാടി'യെ നമുക്ക് വേറിട്ടു കേള്‍ക്കാമായിരുന്നു.
ആദ്യകാലത്ത് പി ലീലയും കവിയൂര്‍ രേവമ്മയും അവര്‍ക്ക് പിറകെ എസ് ജാനകിയും പി സുശീലയും തൊട്ടുപിന്നാലെ മാധുരിയും വാണി ജയറാമും അവരെയെല്ലാം മറികടന്നുകൊണ്ട് കെ എസ് ചിത്രയും സുജാതയും ഇപ്പോള്‍ ശ്വേതയും ശ്രേയാ ഘോഷാലും പാടിയ,പാടിക്കൊണ്ടിരിക്കുന്ന അനേകായിരം പാട്ടുകളുടെ കൂട്ടത്തില്‍ നിന്ന് നമുക്കാ ഭാവമനോഹരമായ ശബ്ദത്തെ തൊട്ടുകാണിക്കാം.
advertisement
'കരളു പുകഞ്ഞിട്ടമ്മ എന്‍ കവിളില്‍ നല്കിയൊരുമ്മ കരിവാളിച്ചൊരു മറുകുണ്ടാക്കിയ കാരിയമച്ഛനറിഞ്ഞോ' എന്ന ചോദ്യം ഒരു തേങ്ങലായി വന്നുവീഴുന്നത് നമ്മുടെ ഉള്‍ത്തടങ്ങളിലേക്കാണ്. 'ഉണരുണരൂ ഉണ്ണിക്കണ്ണാ' എന്ന് തരളഹൃദയനവനീതമര്‍പ്പിക്കുമ്പോള്‍ തെളിഞ്ഞുവിളങ്ങുന്നത്, നായികയുടെ വൃതശുദ്ധിയോടൊപ്പം ഗായികയുടെ സ്വരശുദ്ധിയും പദശുദ്ധിയും ശ്രുതിശുദ്ധിയും കൂടിയാണ്. ഒരിക്കല്‍ ടാഗോറിന്റെ വിശ്രുതമായ വരികള്‍ ആ പാട്ടുകാരി പാടിയപ്പോള്‍ അത് സ്വന്തം പ്രതിഭയെ ക്കുറിച്ച് തന്നെയായി തീര്‍ന്നില്ലേ,വാസ്തവത്തില്‍?
' എത്ര മനോഹരമാണാ ഗാനാലാപനശൈലി?'
ഇങ്ങനെയൊക്കെയാണെങ്കിലും,പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം ശാന്താ പി നായര്‍,വക്കുപൊട്ടിയ, പഴയ ഗ്രാമഫോണ്‍ റെക്കോഡിനു പുറത്തുള്ള മാഞ്ഞുതുടങ്ങിയ ഒരു പേര് മാത്രമാണ്.താനാരാണെന്നു തിരിച്ചറിയാതെ തന്റെ പാട്ടുകള്‍ ആസ്വദിക്കപ്പെടുന്നത് വിഷാദമധുരമായ ഒരു പുഞ്ചിരി യോടെ അവര്‍ക്ക് കണ്ടുനില്‍ക്കേണ്ടി വന്നു.
അന്ന് ആ ഗായികയെ കൂടുതല്‍ പരിചയപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം 1987 ല്‍ ദൂരദര്‍ശനു വേണ്ടി 'ഗാനസ്മൃതി' എന്ന പരിപാടി അവതരിപ്പിക്കാന്‍ വന്നപ്പോള്‍ അടുത്തു കാണാനും കുറേനേരം സംസാരിക്കാനും അവസരം കിട്ടി. ശാന്താ പി നായര്‍ക്കു പുറമേ പി ലീല, കമുകറ പുരുഷോത്തമന്‍, പി ബി ശ്രീനിവാസ്,കെ എസ് ജോര്‍ജ്ജ്,ഗായത്രി ശ്രീകൃഷ്ണന്‍,കെ പി ഉദയഭാനു,എല്‍ പി ആര്‍ വര്‍മ്മ,സി ഓ ആന്റോ. തുടങ്ങി പഴയ തലമുറയിലെ പ്രസിദ്ധ ഗായകരെല്ലാം അന്ന് ആ പരിപാടിയ്ക്കു വേണ്ടി ഒത്തുകൂടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലും പിറ്റേന്ന് ദൂരദര്‍ശന്‍ സ്റ്റുഡിയോയിലും ആ പാട്ടുകാര്‍, തങ്ങള്‍ പണ്ടു പാടി പ്രചാരമാര്‍ജ്ജിച്ച പാട്ടുകള്‍ ഒരിക്കല്‍ കൂടി അവതരിപ്പിച്ചു. 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്നപേരില്‍ ഈ ഗായകര്‍ പില്‍ക്കാലത്ത് ആരംഭിച്ച സ്റ്റേജ് ഷോയുടെ തുടക്കം അവിടെ നിന്നായിരുന്നു. അന്ന് ദൂരദര്‍ശനില്‍ പ്രവര്‍ത്തിച്ചിരുന്ന ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ക്ക് ആ 'പഴംപാട്ടുകാരെ' അടുത്തു പരിചയപ്പെടാനും അനുഭവങ്ങള്‍ നേരിട്ടു കേള്‍ക്കാനും കഴിഞ്ഞ അപൂര്‍വ അവസരമായിരുന്നു, അത്.അവരുടെ ആ അനുഭവകഥകള്‍,ബീന ഒരു പരമ്പരയായി എഴുതി ചിത്രഭൂമിയില്‍ പ്രസിദ്ധീകരിച്ചു.അന്ന് ശാന്താ പി നായര്‍ തന്റെ വിറയാര്‍ന്ന ശബ്ദത്തില്‍ സംസാരിച്ചത് മിക്കവാറും ഭര്‍ത്താവിനെയും മകളെയും കുറിച്ചാ യിരുന്നു.
സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ്, മദ്രാസ് റേഡിയോനിലയത്തില്‍ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ട്,പ്രക്ഷേപണരംഗത്തേക്ക് കടന്നുവന്ന കെ പത്മനാഭന്‍ നായര്‍ പിന്നീട് ഡല്‍ഹിയില്‍ നിന്ന് മലയാള വാര്‍ത്തകള്‍ വായിക്കുന്ന പത്മനാഭന്‍ ആയി.( നോവലിസ്റ്റ്,നാടകകൃത്ത്,മലയാളത്തില്‍ റേഡിയോ നാടകം എന്ന ശാഖയുടെ ഉപജ്ഞാതാവ്,'മൂടുപടം','തച്ചോളി ഒതേനന്‍','കുഞ്ഞാലി മരയ്ക്കാര്‍' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്,'ദേവത', 'കൊച്ചുമോന്‍' എന്നീ ചിത്രങ്ങളുടെ സംവിധായകന്‍....ഇങ്ങനെ പല പല നിലകളില്‍ പ്രശസ്തനായ പത്മനാഭന്‍ നായരെ കമ്മ്യൂണിസ്റ്റ് കാരനെന്നു മുദ്രകുത്തി ആകാശവാണി പുറത്താക്കുകയായിരുന്നു.പിന്നീട് ഏ കെ ജിയും മറ്റും ഇടപെട്ട് അദ്ദേഹത്തെ തിരിച്ചെടുത്തപ്പോള്‍,സീനിയോറിറ്റി ഉള്‍പ്പെടെ പല ആനുകൂല്യങ്ങളും അദ്ദേഹത്തിന് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.) 1950 ല്‍ കോഴിക്കോട് നിലയത്തില്‍ പത്മനാഭന്‍ നായര്‍ പ്രൊഡ്യൂസറും ശാന്താ പൊതുവാള്‍ അനൗണ്‍സറുമായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ഇരുവരും വിവാഹിതരാകുന്നത്. പിന്നീട് തിരുവനന്തപുരം നിലയത്തിലേക്ക് പത്മനാഭന്‍ നായര്‍ സ്ഥലം മാറിപ്പോയപ്പോള്‍ ശാന്താ പി നായര്‍ ജോലിയുപേക്ഷിച്ച് കുടുംബജീവിതത്തിലൊതുങ്ങി.സിനിമയിലേക്ക് ആദ്യമായി ക്ഷണം കിട്ടിയത് 'നവലോക'ത്തിലാണ്. ലതയെന്ന മകള്‍ ജനിച്ചതിന്റെ അടുത്ത നാളുകളായതുകൊണ്ട്, ആ ക്ഷണം നിരസിക്കുകയായിരുന്നു പക്ഷെ അധികം വൈകാതെ 'തിരമാല'യിലൂടെ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചു.ബോംബെയിലെ സ്റ്റുഡിയോയില്‍ വെച്ച് പ്രസിദ്ധ ശബ്ദലേഖകനായ മിനു ഖത്രക്ക് ആണ് പാട്ട് റെക്കോഡ് ചെയ്തത്. കോഴിക്കോട് അബ്ദുല്‍ ഖാദറിനോടൊപ്പം പാടിയ
'ഹേ,കളിയോടമേ...'
തുടര്‍ന്ന് നീലക്കുയിലിലെ ആ പ്രസിദ്ധ ഗാനം ആലപിച്ചതോടെ പി ലീലയോടും കവിയൂര്‍ രേവമ്മയോടുമൊപ്പം ശാന്താ പി നായര്‍ മലയാള പിന്നണി ഗാനരംഗത്തെ നിറസാന്നിദ്ധ്യമായി.
'ഉണരുണരൂ ഉണ്ണിക്കണ്ണാ...' പിന്നെ മലയാളത്തനിമയും ലാളിത്യവും ഗ്രാമീണഭംഗിയുമെല്ലാം ഒത്തിണങ്ങിയ ആ ശബ്ദത്തിലൂടെ എത്രയെത്ര പാട്ടുകള്‍. 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തില്‍ പാടാനെത്തിയ പുതിയ പാട്ടുകാരനോടൊപ്പം ഡ്യുവറ്റു പാടാന്‍ മറ്റു ഗായികമാര്‍ മടി കാണിച്ചപ്പോള്‍ ശാന്താ പി നായരാണ് സന്തോഷപൂര്‍വം അതിന് തയ്യാറായത്. ലജ്ജാലുവായ ആ ചെറുപ്പക്കാരന് ധൈര്യം പകര്‍ന്നുകൊണ്ട്, കോമഡി മട്ടിലുള്ള ഒരു പാട്ട് ഒപ്പം പാടി.
'അറ്റന്‍ഷന്‍ പെണ്ണേ...' മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം, അതേ ഗായകന്‍ നയിച്ച ' പുത്തന്‍ വലക്കാരേ, പുന്നപ്രക്കാരേ'എന്ന സംഘഗാനത്തില്‍ രണ്ടു വരികള്‍ പാടിക്കൊണ്ട് ശാന്താ പി നായര്‍,തന്റെ 'കാലം കുറഞ്ഞ ദിനമെങ്കിലും അര്‍ത്ഥദീര്‍ഘ'മായ പ്രൊഫഷണല്‍ ജീവിതത്തിന് വിരാമമിട്ടു. പിന്നീടുള്ള ജീവിതം മകള്‍ക്കു വേണ്ടിയുള്ളതായിരുന്നു. ഒരമ്മയും മകളെ ഇത്രത്തോളം സ്നേഹിച്ചിട്ടില്ല എന്നു തോന്നുമായിരുന്നു ശാന്ത ചേച്ചിയുടെ മകളെ കുറിച്ചുള്ള കരുതല്‍ കണ്ടാല്‍.
'ഒന്നാംതരം ബലൂണ്‍ തരാം, ഒരു നല്ല പീപ്പി തരാം' എന്ന് 'സ്നേഹദീപ'ത്തില്‍ പാടിത്തുടങ്ങി ധാരാളം ഹിറ്റുഗാനങ്ങളാലപിച്ച, 'ചെമ്മീനി'ല്‍ പഞ്ചമിയായും 'ഏഴുരാത്രികളി'ലെ നായികാവേഷമായ സീതയായും അഭിനയിച്ച ലത എന്ന ലതാരാജു(പ്രസിദ്ധ ഗായകനായ ജെ എം രാജുവാണ് ഭര്‍ത്താവ്) വെറും കുട്ടിപ്പാട്ടുകളില്‍ ഒതുക്കപ്പെട്ടതിനെ കുറിച്ച് ആ അമ്മ എപ്പോഴും സങ്കടപ്പെട്ടു. തന്നോടൊപ്പം പാടിക്കൊണ്ട് കരിയര്‍ ആരംഭിച്ച 'യേശു' വിന്റെ കൂടെ പിന്നീടൊരു യുഗ്മഗാനം പോലും പാടാന്‍ കഴിയാതെ പോയതിലും അവര്‍ക്ക് വിഷമമുണ്ടായിരുന്നു.ശ്രുതിശുദ്ധിയുടെ പേരില്‍ എല്ലായ്പ്പോഴും പ്രശംസിക്കപ്പെട്ടിരുന്ന തനിക്ക് ഒടുവില്‍ ആഗ്രഹിച്ചതുപോലെ പാടാന്‍ സാധിക്കാഞ്ഞത് ,വേണ്ടതുപോലെ സാധകം ചെയ്യാത്തത് കൊണ്ടാണെന്ന് സ്വയം കുറ്റപ്പെടുത്തതുമായിരുന്നു
ജ്യേഷ്ഠസഹോദരിയും ആത്മസ്നേഹിതയുമായ ഇന്ദിരാ ജോസഫിനോടൊത്ത് (തിരുവിതാംകൂര്‍ റേഡിയോ നിലയത്തില്‍ ഇംഗ്ളീഷ് വാര്‍ത്താവായിച്ചു കൊണ്ട് പ്രക്ഷേപണജീവിതമാരംഭിച്ച ഇന്ദിരാ പൊതുവാള്‍ ,പിന്നീട് സഹപ്രവര്‍ത്തകനും പ്രസിദ്ധ കലാനിരൂപകനുമായ ഈ.എം.ജെ വെണ്ണിയൂരിനെ വിവാഹം കഴിച്ചു. ഇന്ദിര ചേച്ചി ഈ കോവിഡ് കാലത്താണ് തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സില്‍ വിടപറഞ്ഞത്.) പൂജപ്പുരയിലെ വെണ്ണിയൂര്‍ ഹൗസില്‍ താമസിക്കുമ്പോഴാണ്,ശാന്താ പി നായരെ കുറിച്ചുള്ള ഒരു ഡോക്യൂമെന്ററി എന്ന എന്റെ മോഹം സഫലമാകുന്നത്. അന്ന് ലതാ രാജു തിരുവനന്തപുരം ദൂരദര്‍ശനില്‍ ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. പല തിക്താനുഭവങ്ങളും കൊണ്ടാകാം,എന്നെ നിരുത്സാഹപ്പെടുത്താനാണ് ലതച്ചേച്ചിആദ്യം ശ്രമിച്ചത്.
'ബൈജു തന്നെ അമ്മയോട് പറയൂ' എന്നൊടുവില്‍ ലതച്ചേച്ചി കയ്യൊഴിഞ്ഞു. ഒടുവില്‍ ഞാന്‍ നിരന്തരം ശല്യപ്പെടുത്തിയപ്പോള്‍ ശാന്തചേച്ചി സമ്മതിച്ചു.എന്നോടൊപ്പം ഡോക്യൂമെന്ററിയുടെ സ്‌ക്രിപ്റ്റ് എഴുതിയ രവി മേനോനാണ് ചേച്ചിയെ ഇന്റര്‍വ്യൂ ചെയ്തത്. പ്രിയസുഹൃത്ത് എം എസ് നസീം പഴയ പല പാട്ടുകളും തേടിപ്പിടിച്ചു തന്നുകൊണ്ട് ഞങ്ങളുടെ ഒപ്പം തന്നെയുണ്ടായിരുന്നു.രാജശ്രീ വാര്യരാണ് അവതരിപ്പിച്ചതും ശബ്ദം പകര്‍ന്നതും.
ഇന്നലെകളെ സംഗീത സാന്ദ്രമാക്കിയ ഒരു പാട്ടുകാരിയുടെ ആത്മകഥാഖ്യാനത്തിലൂടെ മലയാള പിന്നണിസംഗീതചരിത്രം കൂടി രേഖപ്പെടുത്താനുള്ള ഒരു ശ്രമമായിരുന്നു 'വാസന്തരാവിന്റെ വാതില്‍ തുറന്നു ' എന്ന ആ ചിത്രം.അതിലൂടെ ഇങ്ങനെയൊരു ഗായിക നമുക്കുണ്ടായിരുന്നു എന്ന് പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കാനായി എന്നു ഞാന്‍ ചാരിതാര്‍ത്ഥ്യപ്പെടുന്നു.'വാസന്തരാവിന്റെ വാതില്‍ തുറന്ന്' കണ്ട ചെറുപ്പക്കാരായ സംഗീതപ്രേമികള്‍ ഏതാണ്ട് ഒരേ സ്വരത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്.
'ഈ പാട്ടുകളെല്ലാം തന്നെ ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഒരുപാടിഷ്ടവുമാണ്.പക്ഷെ, ഇതൊക്കെ പാടിയതാരാണെന്നറിയില്ലായിരുന്നു.'
അതിന് മറുപടിയായി ശാന്തചേച്ചി തന്നെ ചങ്ങമ്പുഴ യുടെ ഈരടികള്‍ പാടിയിട്ടുണ്ടല്ലോ.
'കുറ്റപ്പെടുത്തുവാനില്ലാതില്‍ നാമെല്ലാം
എത്രയായാലും മനുഷ്യരല്ലേ?...'
ശാന്താ പി നായരുടെയും കെ.പത്മനാഭന്‍ നായരുടെയും ജീവിതകഥ,വായനക്കാരനെ പിടിച്ചിരുത്തുന്ന ഭാഷയിലും ശൈലിയിലും, ജെ എം രാജു എന്ന രാജുവേട്ടന്‍ എഴുതി പ്രസിദ്ധീകരിച്ചത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ജെ എം രാജു - ലത ദമ്പതികളുടെ മക്കളായ അനുപമയും ആലാപും മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പാരമ്പര്യത്തെ കൂടുതല്‍ പ്രകാശമാനമാക്കിക്കൊണ്ട് മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നു.
ശാന്താ പി നായര്‍ നമ്മെ വിട്ടുപോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആ ശബ്ദം മരണമില്ലാതെ ഇന്നും നമ്മോടൊപ്പമുണ്ട്. അപൂര്‍വചാരുതയാര്‍ന്ന ഒരു പഴയ പാട്ടുകാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നമ്മുടെ സംഗീതാഭിരുചികളെ ധന്യവും സമ്പന്നവുമാക്കിയ ആ ഇന്നലെകളെ വീണ്ടും വീണ്ടും ഓര്‍മ്മകളില്‍ വിളിച്ചുണര്‍ത്തിക്കൊണ്ട്.
( തിരുവനന്തപുരം ദൂരദര്‍ശന്‍ ന്യൂസ് പ്രോഗ്രാംവിഭാഗം മുന്‍മേധാവിയാണ് ലേഖകന്‍)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 26, 2021 8:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
അപൂര്‍വചാരുതയാര്‍ന്ന പാട്ടുകാലം; ഇന്നലെകളെ സംഗീത സാന്ദ്രമാക്കിയ പാട്ടുകാരി; ശാന്ത പി നായരെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ്


