നിതിനമോളുടെ അമ്മയ്ക്ക് ഒപ്പം എന്നും ഉണ്ടാകും: ഡോ: സു ആൻ സക്കറിയ
- Published by:Jayashankar AV
- news18-malayalam
Last Updated:
എപ്പോഴും സന്തോഷത്തോടെ കാണുന്ന പെണ്‍കുട്ടി. ഊര്‍ജ്ജസ്വല ആയിരുന്നു അവള്‍. നിതിനയെക്കുറിച്ച് ഡോ. സു ആന്‍ സക്കറിയയുടെ ഓര്‍മകള്‍ അതാണ്.
കോട്ടയം:പാലായില്‍ സഹപാഠിയുടെ കത്തിക്ക് ഇരയായി ജീവിതം പൊലിഞ്ഞുപോയ നിതിനാ മോള്‍. നെഞ്ച് പൊടിഞ്ഞു പോയ കാഴ്ചയായിരുന്നു കേരളത്തിന് അത്. നിതിനയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ആ കാഴ്ചകള്‍ക്കിടയില്‍ നിന്ന് മനുഷ്യത്വം തോന്നിപ്പിക്കുന്ന ഒരു സ്പര്‍ശം മലയാളി തിരിച്ചറിഞ്ഞത്. നിതിനയുടെ മൃതദേഹത്തിനരികില്‍ എല്ലാം തകര്‍ന്നു പോയ അമ്മയെ മണിക്കൂറുകളോളം കൈപിടിച്ച് ധൈര്യം പകര്‍ന്ന ഒരു മനുഷ്യ സ്ത്രീ. കോട്ടയം മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോ. സു ആന്‍ സക്കറിയ. നിതിനയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഡോ. സു ആന്‍ സക്കറിയ ന്യൂസ് 18 നോട് മനസ് പങ്ക് വെക്കുകയാണ്.
എപ്പോഴും സന്തോഷത്തോടെ കാണുന്ന പെണ്‍കുട്ടി. ഊര്‍ജ്ജസ്വല ആയിരുന്നു അവള്‍. നിതിനയെക്കുറിച്ച് ഡോ. സു ആന്‍ സക്കറിയയുടെ ഓര്‍മകള്‍ അതാണ്. അമ്മയ്‌ക്കൊപ്പം ഒറ്റയ്ക്ക് താമസിച്ചിരുന്ന നിതിനയെ ചെറുപ്പം മുതല്‍ ഡോക്ടര്‍ക്ക് കണ്ടറിയാം. അമ്മയുടെ ആശുപത്രിയിലേക്കുള്ള വരവ് സ്ഥിരം ആയതോടെ നിതിന ഡോക്ടറുമായി കൂടുതല്‍ അടുത്തു. 'ദേവു എന്നാണ് ഞാന്‍ അവളെ വിളിച്ചു കൊണ്ടിരുന്നത്, എനിക്കറിയാവുന്ന അവളുടെ പേര് അതായിരുന്നു. ഒരിക്കല്‍ അവള്‍ക്കു തന്നെ അസുഖം വന്ന് ചികിത്സയ്ക്ക് എത്തിയപ്പോഴാണ് നിതിന എന്നൊരു പേര് തന്നെ ഉണ്ടെന്ന് ഞാന്‍ അറിഞ്ഞത്. ആശുപത്രി രേഖകളില്‍ പേര് എഴുതിയപ്പോള്‍.
advertisement
ഫോണില്‍ കൂടി ഇടയ്ക്കിടയ്ക്ക് അമ്മയുടെ രോഗവിവരങ്ങള്‍ സംസാരിക്കുമായിരുന്നു നിതിന. പക്ഷേ നേരിട്ടുള്ള സംഭാഷണങ്ങളാണ് ഒരുപാട് സമയം നീണ്ടു നിന്നത് എന്ന് സു ഡോ.ആന്‍ സക്കറിയ പറയുന്നു. ഇടയ്ക്ക് അമ്മ ബിന്ദുവിന് രോഗം കലശലായപ്പോഴും നിതിന ചിരിച്ചു തന്നെയിരുന്നു. ഒന്നിനും തോറ്റു കൊടുക്കാത്ത ഒരു പ്രകൃതമായിരുന്നു അവള്‍ക്ക്. എല്ലാവരെയും സഹായിക്കുന്ന മനോഭാവം. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന സമയത്ത് തൊട്ടടുത്ത കിടക്കകളില്‍ ഉള്ള രോഗികള്‍ക്ക് അവള്‍ ഒരു വലിയ ആശ്വാസമായിരുന്നു. അവര്‍ക്ക് വേണ്ട സഹായം എല്ലാം യാതൊരു മടിയും കൂടാതെ ദേവു ചെയ്യുമായിരുന്നു.
advertisement
നിതിനയുടെ പ്രണയത്തെ കുറിച്ച് ഒരിക്കല്‍ അമ്മ സൂചിപ്പിച്ചിരുന്നു എന്നും ഡോ. സു ആന്‍ സക്കറിയ പറയുന്നു. പഠനം കഴിഞ്ഞശേഷം എല്ലാം തീരുമാനിക്കട്ടെ എന്നായിരുന്നു എന്റെ മറുപടി. അമ്മയും അതിനോടാണ് യോജിച്ചത്. പക്ഷേ നിതിനയുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡോ. സു ആന്‍ സക്കറിയക്ക് ഒരു ഫോണ്‍ കോള്‍ വന്നത്. പാലായിലെ മരിയന്‍ ആശുപത്രിയില്‍ നിന്നായിരുന്നു ഫോണ്‍. നിങ്ങള്‍ക്ക് അറിയാവുന്ന ഒരാള്‍ മരിച്ചു പോയി എന്നായിരുന്നു ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞത്. ഒടുവില്‍ നിതിയുടെ അമ്മ തന്നെ ഫോണ്‍ വാങ്ങി സംസാരിച്ചു തുടങ്ങി. അലമുറയിടുന്ന ഒരു കരച്ചില്‍ മാത്രമാണ് ഞാന്‍ കേട്ടത് എന്ന് ഡോ.സു ആന്‍ സക്കറിയ പറയുന്നു. അതോടെയാണ് പാലായില്‍ മരിച്ചത് തനിക്കും പ്രിയപ്പെട്ട ദേവു ആണെന്ന് തിരിച്ചറിഞ്ഞത്. കുറേ നേരത്തേക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയായി പോയി. ഏറ്റവും പ്രിയപ്പെട്ട ചില സുഹൃത്തുക്കളോട് ഈ വിഷയം പറയാതെ വെറുതെ സംസാരിച്ചപ്പോഴാണ് മനസ്സ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. അതുകൊണ്ടാണ് താന്‍ ചികിത്സിക്കുന്ന നൂറുകണക്കിന് രോഗികളില്‍ ഒരാള്‍ ആണെങ്കിലും നിതിനയുടെ വീട്ടിലേക്ക് പോകാന്‍ ശ്രമിച്ചത്. മണിക്കൂറുകളോളം ആ അമ്മയുടെ കൈ വിടാതെ പിടിച്ചത്. ഡോക്ടര്‍ പറയുന്നു.
advertisement
ഇനിയും ആ അമ്മയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഡോ. സു ആന്‍ സക്കറിയ പറയുന്നു. ഇപ്പോള്‍ ഞാന്‍ നേരില്‍ പോയാല്‍ ആ അമ്മ കരച്ചില്‍ നിര്‍ത്തില്ല. അമ്മക്ക് സംസാരിക്കാന്‍ ആകുന്ന ഒരവസ്ഥ വരും. അപ്പൊ തനിക്ക് പോകാതിരിക്കാന്‍ ആകില്ല. ഡോക്ടര്‍ പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2021 8:31 PM IST