സുധയെ മാതൃകയാക്കാം, കാരണം ഇതാണ്
Last Updated:
സ്ത്രീകൾ അങ്ങനെയാണ്. പുരുഷന്മാരെക്കാൾ ചുറ്റുപാടുമുള്ള ബുദ്ധിമുട്ടുകൾ വേഗം മനസിലാക്കും. തങ്ങളെ ബാധിക്കുന്നതല്ലെങ്കില്‍ പോലും ഈ ബുദ്ധിമുട്ടുകളെ പരിഹരിക്കാനും സ്ത്രീകൾ ശ്രമിക്കും. ഇത്തരത്തിൽ സമൂഹ നന്മയ്ക്കായി പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളെ നമുക്കറിയാം. എന്നാൽ സമൂഹത്തിനുവേണ്ടി നിരവധി നല്ലകാര്യങ്ങള്‍ ചെയ്തിട്ടും ആരാലും അറിയപ്പെടാത്തവരും നമുക്ക് ചുറ്റുമുണ്ട്. അവരിൽ ഒരാളാണ് പിജി സുധയെന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ.
നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം കുട്ടമ്പുഴ ആദിവാസി കോളനിയിൽ 497 ശൗചാലയങ്ങൾ നിർമിച്ച് നൽകിയതിലൂടെയാണ് സുധ വേറിട്ടു നിൽക്കുന്നത്. കാടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് സുധ ശൗചാലയങ്ങൾ നിർമിച്ച് നൽകിയത്. സുധയുടെ ഈ ദൃഢനിശ്ചയവും കഠിനാധ്വാനവും തുറസായ സ്ഥലങ്ങളിൽ മലവിസർജനം ഇല്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ മൂന്നാം സ്ഥാനത്തെത്തിച്ചു. ഇതിന്റെ ഭാഗമായി 2016ൽ സുധയ്ക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരവും ലഭിച്ചിരുന്നു.

advertisement
പിണവർക്കുടി ആദിവാസി കോളനി സ്വദേശിയാണ് സുധ. മൂന്നു മക്കളും മരുമക്കളും ചെറുമക്കളുമടങ്ങുന്നതാണ് സുധയുടെ കുടുംബം. മറ്റിടങ്ങളെ അപേക്ഷിച്ച് ആദിവാസി മേഖലകളിൽ സൗകര്യങ്ങൾ കുറവാണെന്ന് സുധയ്ക്കറിയാം. തനിക്കു ചുറ്റുമുള്ളവരുടെ പ്രശ്നങ്ങൾ തനിക്കല്ലാതെ മറ്റാർക്കും പരിഹരിക്കാനാകില്ലെന്നും സുധയ്ക്കറിയാം. അതുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു ദൗത്യം കളക്ടർ മുഹമ്മദ് സഫീറുള്ള ഏൽപ്പിച്ചപ്പോൾ അത് സന്തോഷത്തോടെ സുധ ഏറ്റെടുത്തത്.
വാഹനസൗകര്യങ്ങളോ റോഡോ ഇല്ലാത്ത ആദിവാസി കോളനിയിലാണ് സുധ ഇത്രയും ശൗചാലയങ്ങൾ നിർമിച്ചത്. ഒരു കോളനിയിലെത്തുന്നതിന് തന്നെ മണിക്കൂറുകളോളം നടക്കേണ്ടി വരുന്നുണ്ടെന്നും സുധ പറഞ്ഞു. ശൗചാലയം നിർമിക്കുന്നതിനുള്ള സിമന്റ് കട്ടയടക്കം തലച്ചുമടായി ചുമന്നാണ് കോളനിയിലെത്തിച്ചതെന്നും സുധ പറയുന്നു. കടത്തുണ്ടായിരുന്ന മേഖലകളില്‍ കടത്തു വഴി എത്തിച്ചുവെന്നും ഒരിക്കൽ സാധനങ്ങളുമായി പോകുന്നതിനിടെ കടത്ത് മുങ്ങിയെന്നും സുധ പറഞ്ഞു. ഇത്തരത്തിൽ നിരവധി പ്രതിസന്ധികൾ അതിജീവിച്ച് തന്നെയാണ് സുധയുടെ നേതൃത്വത്തിൽ ശൗചാലയങ്ങൾ നിർമിച്ചത്.
advertisement

തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നതിനാൽ ആദിവാസികൾ ശൗചാലയങ്ങൾ നിർമിക്കുന്നില്ല. മാത്രമല്ല ശൗചാലയം നിർമിക്കുക എന്നത് വളരെ പ്രയാസവുമാണ്. നിർമാണത്തിനുള്ള സാമഗ്രികൾ എത്തിക്കാനുള്ള ബുദ്ധിമുട്ടാണ് ശൗചാലയം നിർമിക്കാത്തതിന് പ്രധാന കാരണം- സുധ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ പല കോളനിക്കാരും ശൗചാലയങ്ങൾ നിർമിക്കുന്നതിനെ പിന്തുണച്ചിരുന്നില്ല.
അതേസമയം ആദിവാസികളല്ലാത്ത നാട്ടുകാരുടെയും കളക്ടറുടെയും സാധനങ്ങൾ എത്തിച്ച കടക്കാരുടെയും ഡ്രൈവർമാരുടെയും സഹായസഹകരണങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്നും സുധ പറഞ്ഞു. കുളിമുറി കൂടി ഉൾപ്പെടുത്തിയാണ് ശൗചാലയങ്ങൾ നിർമിച്ചിരിക്കുന്നത്. ഇതിനായി സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. അവർ നൽകുന്ന പ്ലാനിനനുസരിച്ചാണ് നിർമാണം. ശുചിത്വ മിഷന്‍റെയും പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് മിഷന്റെയും ഭാഗമായിട്ടായിരുന്നു ശൗചാലയങ്ങൾ നിർമിച്ചത്. അതിനാൽ ഡൽഹിയിൽ നിന്നുവരെ ആൾക്കാരെത്തി പരിശോധന നടത്തി. സുധയുടെ ദൗത്യത്തിന് പ്രധാനമന്ത്രിയുടെ പുരസ്കാരവും ലഭിച്ചു. ഇതിനു പുറമെ മറ്റ് നിരവധി പുരസ്കാരങ്ങളും സുധയെ തേടിയെത്തിയിരുന്നു.
advertisement
497 ശൗചാലയങ്ങൾ നിർമിച്ച് നൽകിയതിനെ കുറിച്ച് ഇപ്പോൾ ഓർക്കുമ്പോള്‍ ഭയം തോന്നുന്നുവെന്നും എങ്ങനെ ഇതൊക്കെ സാധിച്ചുവെന്ന് അറിയില്ലെന്നും സുധ പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 19, 2018 11:50 AM IST


