Balamani Amma|ഇന്ന് ബാലാമണിയമ്മയുടെ 113ാം ജന്മ വാർഷികം; ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ലളിതവും പ്രസന്നവുമാണ് ബാലാമണിയമ്മയുടെ കവിതകൾ
ഇന്ന് മലയാളത്തിന്റെ സ്വന്തം കവയത്രി ബാലാമണിയമ്മയുടെ (Balamani Amma) 113ാം ജന്മവാർഷികം. മാതൃത്വത്തിന്റെ കവയത്രിക്ക് ആദരമർപ്പിച്ചാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൾ (Google Doodle). മലയാള കവിതയുടെ അമ്മയും മുത്തശ്ശിയുമൊക്കെയായി ഇന്നും മലയാളികളുടെ മനസ്സിൽ ബാലാമണിയമ്മ നിറഞ്ഞു നിൽക്കുന്നു.
കേരള സാഹിത്യ അക്കാദമി പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാവുമടക്കം നേടിയ കവയത്രിയെ രാജ്യം 1987 ൽ പത്മഭൂഷൺ നൽകി ആദരിച്ചു. 1991 ൽ ആശാൻ പുരസ്കാരവു 93 ൽ ലളിതാംബിക അന്തർജന പുരസ്കാരവും വള്ളത്തോൾ പുരസ്കാരവും ബാലാമണിയമ്മയെ തേടിയെത്തി.
1995 ൽ മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് എഴുത്തച്ഛൻ പുരസ്കാരവും ബാലമണിയമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.
ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ഞുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിലാണ് ബാലമണിയമ്മയുടെ ജനനം. മലയാള സാഹിത്യത്തിന്റെ തറവാട് വീടെന്ന് നാലപ്പാട് തറവാടിനെ വിശേഷിപ്പിക്കാം. മലയാളത്തിന്റ പ്രിയ കഥാകാരി കമലാ സുരയ്യയുടെ അമ്മയാണ് ബാലാമണിയമ്മ. കവി നാലപ്പാട്ട് നാരയണ മേനോൻ അമ്മാവനാണ്.
advertisement
ലളിതവും പ്രസന്നവുമാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃവാത്സല്യമാണ് കവിതകളിലെ പ്രധാന ഭാവം. 1934 ൽ പുറത്തിറങ്ങിയ അമ്മ എന്ന കവിത മുതൽ 1988 ൽ പുറത്തിറങ്ങിയ മാതൃഹൃദയം എന്ന കവിത വരെ അത് നീണ്ടു നിൽക്കുന്നു.
1962 ലാണ് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടിയ മുത്തശ്ശി എന്ന കവിത പുറത്തിറങ്ങിയത്. അമ്മ, കുടുംബിനി, ധർമമാർഗത്തിൽ, സ്ത്രീഹൃദയം, പ്രഭാങ്കുരം, ഭാവനയിൽ, ഊഞ്ഞാലിന്മേൽ, കളിക്കൊട്ട, മുത്തശ്ശി തുടങ്ങിയ കവിതകളിലെല്ലാം മുന്നിട്ടു നിൽക്കുന്നത് മാതൃത്വവും വാത്സല്യവും തന്നെ.
advertisement
മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വിഎം നായരുമായുള്ള വിവാഹം 1928 ലായിരുന്നു. കമലാ സുരയ്യയെ കൂടാതെ, ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, സുലോചന നാലപ്പാട്ട് എന്നിവരാണ് മറ്റു മക്കൾ.
മാതൃവാത്സല്യം നൽകി മലയാള സാഹിത്യ ലോകത്തെ ആവോളം ലാളിച്ച ബാലാമണിയമ്മയുടെ അവസാന നാളുകൾ അൽഷിമേഴ്സ് രോഗത്തിന്റെ പിടിയിലായിരുന്നു. 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 19, 2022 11:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Balamani Amma|ഇന്ന് ബാലാമണിയമ്മയുടെ 113ാം ജന്മ വാർഷികം; ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൾ