നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഒരു പെണ്ണ് ഓവർടേക്ക് ചെയ്യാറായോ? കലിപൂണ്ട യുവാവ് ഇരുചക്രവാഹനയാത്രക്കാരിയെ ആക്രമിച്ചു പരിക്കേറ്റ ഇരുവരും ചികിത്സയിൽ

  ഒരു പെണ്ണ് ഓവർടേക്ക് ചെയ്യാറായോ? കലിപൂണ്ട യുവാവ് ഇരുചക്രവാഹനയാത്രക്കാരിയെ ആക്രമിച്ചു പരിക്കേറ്റ ഇരുവരും ചികിത്സയിൽ

  ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന സ്ത്രീയെ ഓവർടേക്ക് ചെയ്തതിന്റെ പേരിൽ യുവാവ് ബൈക്കില്‍ പിന്തുടര്‍ന്ന് തള്ളിവിഴ്ത്തി

  News18

  News18

  • Share this:
   പത്തനംതിട്ട : ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന സ്ത്രീയെ ഓവർടേക്ക് ചെയ്തതിന്റെ പേരിൽ യുവാവ് ബൈക്കില്‍ പിന്തുടര്‍ന്ന് തള്ളിവിഴ്ത്തി. സംഭവത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു.

   മല്ലപ്പള്ളി മാന്താനം കോട്ടപ്പടി സരിതഭവനത്തില്‍ ജയകൃഷ്ണനെ (20)തിരേ സ്ത്രീയെ പരിക്കേൽപിച്ചതിന് പൊലീസ് കേസെടുത്തു. തയ്യല്‍ക്കട നടത്തുന്ന കുന്നന്താനം സ്വദേശിനിയായ 48 കാരി വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സ്ത്രീ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ബൈക്കിനെ ഓവര്‍ടേക് ചെയ്ത് മുന്നോട്ട് പോയതില്‍ അരിശം പൂണ്ട യുവാവ് അവരെ പിന്തുടരുകയും കൂടെ മത്സരിക്കാന്‍ ക്ഷണിച്ചു പ്രകോപനം സൃഷ്ടിക്കുകയുമായിരുന്നു. വേഗം നിയന്ത്രിച്ച് വാഹനം ഓടിച്ച സ്ത്രീയെ ഇയാള്‍ ആദ്യം ആംഗ്യം കാണിക്കുകയും പിന്നീട് തോളില്‍ പിടിച്ച് തള്ളുകയും ചെയ്തു.

   എന്നാല്‍ ജയകൃഷ്ണന്‍ അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് റോഡില്‍ വീഴുകയും ബൈക്ക് നിരങ്ങി സ്ത്രീ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് സ്‌കൂട്ടറും മറിഞ്ഞു.

   അപകടത്തില്‍ ജയകൃഷ്ണന്റെ വിരല്‍ ഒടിയുകയും സ്ത്രീയുടെ മുഖത്ത് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. തിരുവല്ലയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ ചുണ്ടിന് ശസ്ത്രക്രിയ നടത്തി. മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ജയകൃഷ്ണന്റെ വിരലിന് ശസ്ത്രക്രിയ നടത്തി.

   സംഭവത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി കീഴ്വായ്പൂര് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ജി.സന്തോഷ് കുമാര്‍ അറിയിച്ചു. മോഷണ ശ്രമം ആണെന്നാണ് ആദ്യം കരുതിയത്. എന്നാൽ സ്ത്രീ ആഭരണങ്ങളൊന്നും ധരിച്ചിരുന്നില്ല. മദ്യപിച്ച് ശല്യം ചെയ്തതാണെന്ന് സംശയിച്ചെങ്കിലും പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതായും പോലീസ് പറഞ്ഞു.ഇരുവരും തമ്മില്‍ പരിചയമോ ശത്രുതയോ ഇല്ല. പരിക്കേറ്റ സ്ത്രീയുടെ മൊഴിയില്‍ നിന്നും ലിംഗ അസമത്വത്തിന്റെ ഭാഗമായാണ് സംഭവമെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തി ചേര്‍ന്നിരിക്കുന്നത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ത്രീ ഓവര്‍ടേക് ചെയ്തതാണ് പ്രകോപന കാരണമെന്നും പോലീസ് പറഞ്ഞു.

   പാലക്കാട്ട് വയറിങ് തൊഴിലാളിയായി ജോലി ചെയ്യുന്ന ജയകൃഷ്ണന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
   Published by:Karthika M
   First published:
   )}