നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Dowry | സ്ത്രീധനത്തുക കൊണ്ട് പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമ്മിച്ച് നൽകണമെന്ന് യുവതി; പിതാവ് മകളുടെ ആഗ്രഹം നിറവേറ്റി

  Dowry | സ്ത്രീധനത്തുക കൊണ്ട് പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമ്മിച്ച് നൽകണമെന്ന് യുവതി; പിതാവ് മകളുടെ ആഗ്രഹം നിറവേറ്റി

  വലിയ തുക സ്ത്രീധനമായി നല്‍കുന്നതിന് പകരം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ സഹായിക്കണം എന്നാണ് അഞ്ജലിയുടെ ആവശ്യം

  • Share this:
   സ്ത്രീധനം(Dowry) തൊട്ടാല്‍പൊള്ളുന്ന വിഷയം തന്നെയാണ്. എന്നാല്‍ ഉത്തരേന്ത്യയിലടക്കം സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് നിത്യ സംഭവമാണ്. പ്രതിദിനം സ്ത്രീധനത്തിന്റെ പേരില്‍ നിരവധി വാര്‍ത്തകളാണ് എത്താറുള്ളത്.

   എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് രാജസ്ഥാനിലെ വധുവിന്റെ വ്യത്യസ്തമായ സ്ത്രീധന ആവശ്യം. തനിക്ക് സ്ത്രീധനമായി നല്കാന്‍ ഉദ്ദേശിച്ച പണം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കണമെന്ന് പിതാവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് അഞ്ജലി കന്‍വാര്‍ എന്ന രാജസ്ഥാന്‍ യുവതി.

   വലിയ തുക സ്ത്രീധനമായി നല്‍കുന്നതിന് പകരം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ സഹായിക്കണം എന്നാണ് അഞ്ജലിയുടെ ആവശ്യം. രാജസ്ഥാനിലെ ബാര്‍മര്‍ നഗരത്തില്‍ താമസിക്കുന്ന അഞ്ജലി കന്‍വാര്‍ ഇതിലൂടെ സമൂഹത്തിനു പുരോഗമനപരമായ ഒരു മാതൃകയാണ് നല്‍കിയത്.

   നവംബര്‍ 21 നായിരുന്നു അഞ്ജലിയുടെയും പ്രവീണ്‍ സിങ്ങിന്റെയും വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ അഞ്ജലി പിതാവ് കിഷോര്‍ സിംഗ് കാനോദുമായി സ്ത്രീധനത്തെ കുറിച്ച് സംസാരിച്ചു. തനിക്ക് സ്ത്രീധനം നല്‍കാനായി മാറ്റിവെച്ച 75 ലക്ഷം രൂപ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ ചെലവഴിക്കാന്‍ പിതാവിനോട് അഞ്ജലി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കിഷോര്‍ സിംഗ് ഈ ആവശ്യം അംഗീകരിക്കുകയും മകളുടെ ആഗ്രഹപ്രകാരം പണം സംഭാവന നല്‍കുകയും ചെയ്തു.

   അഞ്ജലിയുടെ പുരോഗമനപരമായ ഈ തീരുമാനത്തിന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചു, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഇത്തരമൊരു ഹോസ്റ്റല്‍ സൗകര്യം ഒരുക്കാനായുള്ള നിസ്വാര്‍ത്ഥ പ്രവൃത്തിയെ പ്രശംസിച്ചു കൊണ്ട് പലരും കമന്റുകള്‍ രേഖപ്പെടുത്തി. ധീരമായ പ്രവര്‍ത്തിയാണ് ഇതെന്ന് പെണ്‍കുട്ടികള്‍ തന്നെ ഇതുപോലെ മികച്ച തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ട് വരണമെന്നും സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകള്‍ പറഞ്ഞു.

   പ്രവീണ്‍ സിംഗുമായുള്ള വിവാഹം നടന്നയുടനെ അഞ്ജലി താരതാര മഠത്തിന്റെ ഇപ്പോഴത്തെ മേധാവി മഹന്ത് പ്രതാപ് പുരിയോട് സംസാരിക്കുകയും പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ തന്റെ സ്ത്രീധന തുക ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. താരതാര മഠത്തിന്റെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പുരോഗമന ആശയങ്ങളെ പ്രശംസിച്ച കൊണ്ട് തന്റെ ഭാഗത്തു നിന്നുള്ള വിഹിതമായി സ്ത്രീധന തുക നല്‍കുന്നുവെന്നും അറിയിച്ചുകൊണ്ടുള്ള ഒരു കത്തും അഞ്ജലി കൈമാറി. വിവാഹത്തിനെത്തിയ എല്ലാ അതിഥികള്‍ക്കും ഈ കത്തിന്റെ പകര്‍പ്പ് വായിക്കാന്‍ നല്‍കുകയും ചെയ്തു.

   അഞ്ജലിയുടെ പിതാവ് കിഷോര്‍ സിംഗ് കാനോദ് മുന്‍പ് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ ഒരു കോടി രൂപ നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കെട്ടിടത്തിന്റെ ജോലി പൂര്‍ത്തിയാക്കാന്‍ 75 ലക്ഷം രൂപ ആവശ്യമായി വന്നിരുന്നു. ഇത് മനസിലാക്കിയ അഞ്ജലി തന്റെ വിവാഹത്തിന് സ്ത്രീധനമായി നല്കാന്‍ കരുതിവെച്ച തുക കെട്ടിട നിര്‍മാണത്തിനായി നല്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹോസ്റ്റല്‍ കെട്ടിടം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തുക നല്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അഞ്ജലിയുടെ പിതാവ് ഒരു ബ്ലാങ്ക് ചെക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യമായ തുക എഴുതി അഞ്ജലി ആ ചെക്ക് ഹോസ്റ്റല്‍ അധികൃതര്‍ക്ക് കൈമാറി.
   Published by:Jayashankar AV
   First published: