അഷിത ഞങ്ങൾക്ക് ആരായിരുന്നു? പ്രമുഖർ അനുസ്മരിക്കുന്നു
Last Updated:
തുറന്നെഴുത്തുകളിലൂടെ വാക്കിനും വരികൾക്കും വേറിട്ട ഭാവുകത്വം നൽകിയ പ്രിയ കഥാകാരി അഷിതയെ അനുസ്മരിച്ച് സാമൂഹിക -സാഹിത്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ. ഫേസ്ബുക്കിൽ പ്രമുഖർ എഴുതിയ അനുസ്മരണ കുറിപ്പികുകൾ ചുവടെ.
ശ്രീകുമാരൻ തമ്പി (സംവിധായകൻ, ഗാനരചയിതാവ്)
വർഷങ്ങൾക്കു മുമ്പ് പി. പത്മരാജന്റെ പേരിലുള്ള ചെറുകഥാ പുരസ്‌കാരം അഷിതയുടെ കഥയ്ക്കായിരുന്നു . ജ്യൂറി ചെയർമാൻ എന്ന നിലയിൽ ഞാനാണ് അഷിതയ്ക്കു പുരസ്‌കാരം സമ്മാനിച്ചത് .അക്കാലത്ത് ഞാൻ പത്മരാജൻ ട്രസ്‌റ്റിന്റെ വൈസ് പ്രസിഡന്റുമായിരുന്നു . അന്ന് രാത്രിയിൽ അഷിത എന്നെ ഫോണിൽ വിളിച്ചു . 'യു മെയ്ഡ് മൈ ഡേ' എന്ന് പറഞ്ഞു .എങ്ങനെ എന്ന് ഞാൻ ചോദിച്ചപ്പോൾ " എന്റെ കഥകളെക്കുറിച്ചു ഇന്നേവരെ ആരും ഇത്ര മനോഹരമായി സംസാരിച്ചിട്ടില്ല". എന്നു പറഞ്ഞു. ...അതിൽ പിന്നെ ഞങ്ങൾ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ടിട്ടില്ല. ....ഇന്ന് അഷിത മരിച്ചു എന്നറിഞ്ഞപ്പോൾ ഒരു കുറ്റബോധം . ഒരിക്കൽ പോയി കാണാമായിരുന്നു.
advertisement
അനന്തപത്മനാഭൻ (തിരക്കഥാകൃത്ത്)
ഒരിക്കൽ മാത്രം നേരിൽ കണ്ടു ഒരു പത്മരാജൻ പുരസ്ക്കാര വേളയിൽ .അപ്പോൾ ഓർത്തു ,morose, gloomy ആണല്ലൊ .പ്ലാത്തിനെ പോലെ ,രാജലക്ഷ്മിയെ പോലെ ... എഴുതിയതൊക്കെയും ജീവിത നെരിപ്പോടിന്റെ നിറം മാറിയ അക്ഷരങ്ങൾ എന്ന് മാതൃഭൂമിയിൽ ഷിഹാബ് ആ വാഴ്വിൻ വാതിലുകൾ തുറന്നിട്ടപ്പോൾ തിരിച്ചറിഞ്ഞു .ഒരു തിരിച്ച് വരവിന്റെ വഴി തെളിഞ്ഞതായി ധരിച്ചു .ചില ഹംസഗീതങ്ങൾ നിയതി ചിലർക്കായ് പ്രത്യേകം മാറ്റി വെക്കുന്നു .മരണമില്ലാത്ത ലോകത്ത് അവരെ മാറ്റി നിർത്തി ശരീരം തിരികെ വാങ്ങുന്നു ....പ്രണാമം
advertisement
ഗിരീഷ് കുമാർ (തിരക്കഥാകൃത്ത്)
രണ്ടോ മൂന്നോ തവണയേ നേരിൽ കണ്ട് സംസാരിച്ചിട്ടുള്ളൂ. അതിലുമെത്രയോ മുമ്പ് ആ കഥകൾ പരിചിതമായിരുന്നു. കൂടുതൽ മിണ്ടിയത് ഫേസ് ബുക്കിലാണ്. മഹാഭാരതത്തെ അധികരിച്ച് ചില കുറിപ്പുകൾ എഴുതിയപ്പോൾ പലപ്പോഴും ആ കമന്റുകൾ തേടിയെത്തി. ഒരു തവണ കർണ്ണനെ കുറിച്ചെഴുതിയപ്പോൾ 'ഇങ്ങനെയൊന്നും കർണ്ണനെ വീണ്ടെടുക്കരുത് ഗിരീഷ്. വേദന തോന്നുന്നു ' എന്നായിരുന്നു കമന്റ്. പിന്നീട് ശിഹാബുദ്ദീൻ എഴുതിയ ജീവിത കഥയിൽ നിന്നാണ് അതിന്റെ കാരണം കണ്ടെത്തിയത്. പ്രണാമം ചേച്ചീ.. അവശേഷിപ്പിച്ചു പോയ അപൂർണവിരാമങ്ങൾക്ക് കൂപ്പുകൈ !
advertisement
ഹരികൃഷ്ണൻ (തിരക്കഥാകൃത്ത്)
ഫേസ് ബുക്കിലെ അഷിതയോർമകൾ വായിക്കാൻ തോന്നുന്നില്ല.. ഓർമയായ വിശുദ്ധിയെ നിശ്ശബ്ദം, ഈറനോടെ ഓർമിക്കട്ടെ
അശോകൻ ചെരുവിൽ (എഴുത്തുകാരൻ)
കഥകളുണ്ടല്ലോ ബാക്കി. സ്നേഹാദരങ്ങൾ. വിട.
കെ വി അഷ്ടമൂർത്തി (സാഹിത്യകാരൻ)
അപൂർവ്വങ്ങളായ കണ്ടുമുട്ടലുകളും ഫോൺ വിളികളും അവസാനിച്ചിരിയ്ക്കുന്നു. പ്രിയപ്പെട്ട കൂട്ടുകാരീ, വിട!
മ്യൂസ് മേരി (എഴുത്തുകാരി)
അഷിതയെ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്ന് മുതലെന്ന് ഓർമ്മയില്ല. പക്ഷെ വായിച്ച അന്ന് മുതൽ അവർ ഉള്ളിൽ ക്കയറി ഇരിപ്പായി. മൗനം നിസ്സഹായത സൂക്ഷ്മസ്വഭാവിയായ ഇഷ്ടങ്ങൾ, സന്ദേഹങ്ങൾ അനീതിക്കെതിരെ ഉള്ള മുന കൂർത്ത വിമർശനങ്ങൾ ഒക്കെക്കൊണ്ട് അവരെന്നെ ഇഷ്ടപ്പെടുത്തിക്കൊണ്ടേയിരുന്നു . കല്ലു വച്ച നുണകൾ, അമ്മ എന്നോട് പറഞ്ഞ നുണകൾ, അപൂർണ്ണ വിരാമങ്ങൾ, ഒരു സ്ത്രീയും പറയാത്തത്...... അങ്ങനെ എത്ര കഥകൾ.. ഒക്കെയും ഓർത്തു കൊണ്ട് പ്രണാമം
advertisement
അപർണ (മാധ്യമപ്രവർത്തക)
ആ ഗേറ്റ് കടന്ന് വന്ന് ചിലതൊക്കെ തരാനുണ്ടെന്ന് ഞാൻ പറഞ്ഞതായിരുന്നല്ലോ. ഉണ്ടാകും ന്നല്ലേ ഉറപ്പ് പറഞ്ഞത്. Miss you so badly.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 27, 2019 1:52 PM IST


