ഭൂതകാലക്കുളിരായിരുന്നില്ല ആ ജീവിതം

പക്ഷെ എഴുത്തുകാർക്ക് അവശ്യം വേണ്ടത് എന്ന് പലരും തോന്നിപ്പിച്ച പല ഘടകങ്ങളും അവരുടെ ഭൗതിക ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അവർ പൊതുവേദികളിൽ പ്രസംഗിച്ചില്ല. എഴുത്തുസംഘങ്ങളിൽ പങ്കാളികളായില്ല. അഭിമുഖങ്ങൾക്ക് വേണ്ടി നിരന്നുനിന്നില്ല. അവർ എഴുതി; എഴുതുകമാത്രം ചെയ്തുകൊണ്ടേയിരുന്നു, നിശബ്ദമായി

news18
Updated: March 27, 2019, 2:04 PM IST
ഭൂതകാലക്കുളിരായിരുന്നില്ല ആ ജീവിതം
എഴുത്തുകാരി അഷിത
  • News18
  • Last Updated: March 27, 2019, 2:04 PM IST
  • Share this:
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ഏതാണ്ട് 40 കൊല്ലം എഴുത്ത് ജീവിതത്തിലുണ്ടായിരുന്നു അഷിതേച്ചി. പക്ഷെ എഴുത്തുകാർക്ക് അവശ്യം വേണ്ടത് എന്ന് പലരും തോന്നിപ്പിച്ച പല ഘടകങ്ങളും അവരുടെ ഭൗതിക ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അവർ പൊതുവേദികളിൽ പ്രസംഗിച്ചില്ല. എഴുത്തുസംഘങ്ങളിൽ പങ്കാളികളായില്ല. അഭിമുഖങ്ങൾക്ക് വേണ്ടി നിരന്നുനിന്നില്ല. അവർ എഴുതി; എഴുതുകമാത്രം ചെയ്തുകൊണ്ടേയിരുന്നു, നിശബ്ദമായി.

മൂന്നു ധാരകളിലുള്ള എഴുത്തായിരുന്നു അവരുടേത്. ഒന്ന് മലയാളത്തിലെ ആധുനികാനന്തര കാലത്തെ കഥയിലൂടെ വായനയെ തിരിച്ചുകൊണ്ടുവന്ന എഴുത്ത്. ദുർഗ്രഹതയും ദൂരൂഹതയും നിറച്ച ആധുനികതയുടെ പ്രദർശനത്തിലൂടെ വായനയിൽ നിന്നും അകന്നുപോയ വലിയൊരു സമൂഹത്തെ തിരിച്ചുകൊണ്ടുവന്നവരിൽ ഒരാൾ. അശോകൻ ചരുവിൽ, അക്ബർ കക്കട്ടിൽ, എൻ പ്രഭാകരൻ, ടി. വി.കൊച്ചുബാവ, സി.വി. ബാലകൃഷ്ണൻ, അഷ്ടമൂർത്തി, ഗ്രേസി എന്നിവർക്കെല്ലാം ഒപ്പം കഥയിലേക്ക് 'കഥകളെ' തിരിച്ചുകൊണ്ടുവന്നവരില്‍ ഒരാൾ. ആധുനികതയുടെ വേഷം കെട്ടലുകളും തൊങ്ങലുകളും വകഞ്ഞുമാറ്റി ജീവിതം കടുത്ത രീതിയിൽ തന്നെ ഇവിടെ അവശേഷിക്കുന്നുവെന്ന് എഴുത്തിലൂടെ കാട്ടിത്തരികയായിരുന്നു അഷിത. അവരുടെ എഴുത്തിലേക്കുള്ള വരവ് ഒരു ചരിത്ര നിയോഗമായിരുന്നു എന്ന് ഒരു വായനക്കാരൻ എന്ന നിലയിൽ നിസംശയം പറയാൻ കഴിയും.

അവരുടെ എഴുത്തിലെ മറ്റൊരുധാര മതേതരമായ ആത്മീയതയായിരുന്നു. സഹജമായിരുന്ന ആത്മീയത ഗുരു നിത്യചൈതന്യ യതിയുമായുള്ള ബന്ധത്തിലൂടെയായിരിക്കണംഎഴുത്തിന്റെ വഴിയിലൂടെ പുറത്ത് വന്നത്. അത്തരം കവിതകളുടെ വിവർത്തനവും ഇതിൽപ്പെടുന്നു. ശിവേന സഹനർത്തനം എന്ന വചന കവിതകളുടെ സമാഹാരം, ജലാലൂദ്ദീൻ റൂമിയുടെ മസ്നവി പരിഭാഷ ഇവയൊക്കെ അങ്ങനെ വരുന്നതാണ്.

ബാലസാഹിത്യമാണ് മൂന്നാമത്തെ ധാര. തെളിമയും ഒഴുക്കുമുള്ള ഒരു ഭാഷയുടെ ഉടമയായതിനാൽ ഇതവർക്ക് അനായാസമായ ഒരു പ്രവൃത്തിയായിരുന്നു. കുട്ടികൾക്ക് വേണ്ടി പല രചനകളും നടത്തി. ഒപ്പം രാമായണം, മഹാഭാരതം എന്നിവ കുട്ടികൾക്കായി പുനരാഖ്യാനം ചെയ്തു. ഒരു പക്ഷെ വാൽസല്യവും കാരുണ്യവും സ്നേഹവും കിട്ടാതെ പോയ തന്റെ കുട്ടിക്കാലത്തിലേക്കുള്ള തിരിച്ചുപോക്കായിരിക്കാം അവർക്കിത്.

എഴുത്തിൽ 'ശരീരം' ഇല്ലെന്നതാണ് അഷിതയുടെ രചനകളിലെ പ്രത്യേകതകളിലൊന്ന്. ജീവിതവുമായി കലഹിച്ച മറ്റൊരു എഴുത്തുകാരി മാധവിക്കുട്ടി 'ശരീരം' കൊണ്ടാണ് തന്റെ വെല്ലുവിളികളെയെല്ലാം ആവിഷ്കരിച്ചത്. എന്നാൽ എഴുത്തിൽ ശരീരം എന്തുകൊണ്ട് ഇല്ലാതായി എന്ന ചോദ്യത്തിന് അത് ഇല്ലാത്തതുകൊണ്ടെന്നായിരുന്നു അഷിതയുടെ മറുപടി.

അവരുടെ അഭിമുഖം ചെയ്യാൻ സാധിച്ചത് യാദൃച്ഛികമായാണ്. അവരുടെ പുസ്തകം വാങ്ങുകയും വായിക്കുകയും ചെയ്ത ഒരാളെന്ന നിലയിൽ ആ എഴുത്തുകാരിയുമായി ഒരു ആത്മബന്ധം ഉണ്ടായിരുന്നു എന്നതിന് അപ്പുറത്ത് അഷിതയുമായി നേരിട്ടൊരു ബന്ധം എനിക്കുണ്ടായിരുന്നില്ല. അവരുടെ ജീവിതം തുറന്നുപറയണമെന്ന് തിരുവനന്തപുരത്തുണ്ടായിരുന്ന അവരെ അഗാധമായി സ്നേഹിക്കുന്ന സുഹൃത്തക്കൾക്ക് ആഗ്രഹമുണ്ടായിരുന്നു. എഴുത്തുകാരിയും ചലച്ചിത്ര സംവിധായികയുമായ ശ്രീബാല കെ മേനോനായിരുന്നു ഇതിന് മുൻകൈയെടുത്തത്. അഷിതയും അതാഗ്രഹിച്ചിട്ടുണ്ടാവാം. ഒരു പക്ഷെ കടുത്ത രോഗപീഢ അതിനൊരു ഹേതുവുമായിരിക്കാം. എന്നാൽ ഞാൻ ഇതിലേക്ക് കടന്നുവന്നത് തികച്ചും യാദൃച്ഛികമായാണ്. ടി. എം. രാമചന്ദ്രൻ എന്നൊരാൾ ഞാനുമായി നടത്തിയ ദീർഘ ഭാഷണത്തിന്റെ പുസ്തകം അവർ വായിച്ചിട്ടുണ്ടായിരുന്നു. അതവർക്ക് പ്രചോദനമായിട്ടുണ്ട്. അതുകൊണ്ടാകണം ആ നിയോഗം എന്നെ തേടിവന്നത്. ശിഹാബുദ്ദീൻ ആണെങ്കിൽ സംസാരിക്കാമെന്ന് അവർ എന്നോട് പറഞ്ഞു. മുൻപരിചയമില്ലാതിരുന്നിട്ടും അങ്ങനെ പറയാൻ അവരെ പ്രേരിപ്പിച്ചത് മേൽപറഞ്ഞ ഘടകങ്ങളായിരിക്കാം. എന്നാൽ എന്റെ ഭൗതിക സാഹചര്യങ്ങൾ അതിനൊട്ടും പര്യാപ്തമായിരുന്നില്ല. ഞാൻ അന്ന് കോഴിക്കോട് ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാരനായിരുന്നതിനാൽ സമയം പല പരിമിതികളിൽ ഒന്നുമാത്രമായിരുന്നു. എന്നാൽ അവരുടെ രോഗത്തിന്റെ തീവ്രതയെ കുറിച്ചറിഞ്ഞപ്പോൾ എന്തുവിധേനയും ഈ അഭിമുഖം ചെയ്യണമെന്ന് ഉറച്ചു.

എന്നാൽ അത്ര എളുപ്പമായിരുന്നില്ല ഈ പ്രവൃത്തി. അവർ അന്ന് തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. അവിടെ വച്ച് നാലഞ്ച് കൂടിക്കാഴ്ചകള്‍ കൊണ്ടാണ് അത് രൂപപ്പെട്ടത്.ഇതിനുതന്നെ ഏതാണ്ട് ഒരു വർഷമെടുത്തു. ഒരു ചായക്കൊപ്പമായിരുന്നു ആദ്യ കൂടിക്കാഴ്ച. എന്നാൽ ഇത്തരമൊരു ഉദ്യമം പ്രാവർത്തികമാകുമോ എന്നുപോലും ഒരുവേള എനിക്ക് സന്ദേഹമുണ്ടായി.

അത്ര പെട്ടെന്ന് തുറക്കുന്നതായിരുന്നില്ല അവരുടെ മനസ്സ്. അത്രമേൽ ബലമായി അടച്ച് വച്ചതായിരുന്നു അത്. അതാണ് നടക്കില്ല എന്നുപോലും എനിക്ക് തോന്നാൻ കാരണം. എന്നാൽ വൈകാതെ അതു മാറി. അവർ മനസ്സ് തുറന്നു. ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അതിൽ കുറെ എഴുതരുതെന്ന് തന്നെ പറഞ്ഞു. ഭൗതിക സാഹചര്യങ്ങൾ മോശമല്ലാതിരുന്നിട്ടും അവർ കടന്നുപോയ വഴികൾ കടുത്തതായിരുന്നു. കീമോതെറാപ്പി കഴിഞ്ഞ ഇടവേളകളിലായിരുന്നു ഈ കൂടിക്കാഴ്ച എന്നതിനാൽ അഭിമുഖം പൂർത്തിയാക്കാൻ ഒരു വർഷമെടുത്തു. കേട്ടെഴുതാൻ എനിക്ക് സാധിക്കാത്തതിനാൽ അഭിമുഖത്തിന്റെ റെക്കോർഡ് ചെയ്ത ഭാഗങ്ങൾ അവരുടെ പ്രിയപ്പെട്ടവർ തന്നെയാണ് എഴുതി തയാറാക്കിയത്. അത് ഞാൻ എഡിറ്റ് ചെയ്തു. പിന്നെ അവർ ചെറുതല്ലാത്ത തരത്തിൽ തിരുത്തലുകൾ നടത്തി. ഇതിനൊക്കെ വീണ്ടും ഒരു വർഷമെടുത്തു. പുസ്തകമായി മാത്രം ഇറക്കാനായിരുന്നു പദ്ധതി. എന്നാൽ സെൻസേഷനിലിസം തരിപോലും ഇല്ലാതെ അഭിമുഖം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പരമ്പരയായി അടിച്ചുവന്നു. ഇത് സുഭാഷ് ചന്ദ്രൻ എന്ന പത്രപ്രവർത്തകൻ ചെയ്ത പുണ്യപ്രവർത്തിയായി ഞാൻ‌ കാണുന്നു.

അഭിമുഖം പ്രസിദ്ധികരിച്ചതോടെ അവരുടെ കഥകൾക്ക് പുനർവായന വേണ്ടിവന്നു. അവ രചിക്കപ്പെട്ട മറ്റൊരു ലോകത്തെ കുറിച്ചുള്ള ചിന്തകൾ ആവശ്യമായി വന്നു. അവരുടെ കഥകളുടെ നിശബ്ദ സമസ്യകൾ പൂരിപ്പിക്കേണ്ടത് അത്യാവശ്യമായി വന്നു. ഒരു പക്ഷേ അശ്രദ്ധമായി വായിച്ചുപോയ പല വരികളിലേക്കും തിരിച്ചുവരാൻ അവരുടെ തുറന്നുപറച്ചിൽ സഹായിച്ചു. അത് അവരുടെ കഥാലോകത്തിന്റെയും കഥാകാലത്തിന്റെയും പൂരണമായിവരുന്ന തലത്തിലേക്ക് മാറി.

(സംഭാഷണത്തിൽ നിന്നും തയാറായിക്കിയത് ചന്ദ്രകാന്ത് വിശ്വനാഥ്)

First published: March 27, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading