Humanity | അവകാശികളില്ലാത്ത 700ലധികം മൃതദേഹങ്ങളുടെ അന്ത്യകർമം നടത്തിയത് രണ്ട് വനിതാ പോലീസുകാർ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇവർ തെരുവിൽ കഴിയുന്ന നിരാലംബരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും രക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട്.
മോശം വാർത്തകൾക്കിടയിലും മനുഷ്യരുടെ ഇടയിൽ മനുഷ്യത്വം (Humanity) മാഞ്ഞിട്ടില്ല എന്നതിന് തെളിവാണ് കോയമ്പത്തൂർ (Coimbatore) സ്വദേശികളായ രണ്ട് വനിതാ പോലീസുകാർ (Police). അവകാശികളില്ലാത്ത 700ലധികം മൃതദേഹങ്ങളുടെ അന്ത്യകർമ്മം നടത്തിയാണ് ഇവർ ശ്രദ്ധ നേടുന്നത്. കെ. പ്രവീണ, എം. ആമിന എന്നീ പോലീസുകാരാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തങ്ങളുടെ ജോലിയ്ക്ക് അപ്പുറം ഇങ്ങനെ ഒരു സേവനം ചെയ്യുന്നത്. കോയമ്പത്തൂർ ജില്ലയിലെ അവകാശികളില്ലാത്തതും അജ്ഞാത ശവശരീരങ്ങളുമടക്കം 700-ലധികം മൃതദേഹങ്ങൾക്ക് ഈ പോലീസുകാർ യാത്രയയപ്പ് നൽകിയിട്ടുണ്ട്.
33കാരിയായ പ്രവീണ പേരൂർ ഓൾ വുമൺ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥയാണ്. ആമിന (38) മേട്ടുപ്പാളയം സ്‌റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഉപേക്ഷിക്കപ്പെട്ടതും അവകാശികളില്ലാത്തതുമായ മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ ചെയ്യുക മാത്രമല്ല ഇവർ ചെയ്യുന്നത്. തെരുവിൽ കഴിയുന്ന നിരാലംബരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും രക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സേവനങ്ങൾ ചെയ്യുന്ന ജീവശാന്തി ട്രസ്റ്റുമായി സഹകരിച്ചാണ് ഇരുവരും പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ഏഴു വർഷമായി പ്രവീണ ഈ സേവനം ചെയ്യുന്നുണ്ട്. ട്രസ്റ്റിനും സന്നദ്ധപ്രവർത്തകർക്കുമൊപ്പം 600ലധികം മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾക്കായി താൻ സഹായിച്ചിട്ടുണ്ടെന്ന് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ പ്രവീണ ദി ഹിന്ദുവിനോട് പറഞ്ഞു. ഇത്തരത്തിലൊരു സാമൂഹ്യ സേവനം ചെയ്യാൻ മേലുദ്യോഗസ്ഥരിൽ നിന്നും ഭർത്താവ് യു.യുവരാജിൽ നിന്നും തനിയ്ക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നും പ്രവീണ പറയുന്നു.
advertisement
കോവിഡ് മഹാമാരിയുടെ തുടക്കത്തിലെ ലോക്ക്ഡൗൺ സമയത്ത്, പ്രവീണ പേരൂരിലെ പോലീസ് ക്വാർട്ടേഴ്സിൽ ഭക്ഷണം പാകം ചെയ്യുകയും പ്രദേശത്തെ ഭവനരഹിതർക്കും പാവപ്പെട്ടവർക്കും എത്തിച്ചു നൽകുകയും ചെയ്തിരുന്നു. മൂന്ന് മാസക്കാലം ഇത്തരത്തിൽ പാഴ്സലുകൾ നൽകിയിരുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടെ 100-ലധികം മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്തുന്നതിന് ആമിനയും ട്രസ്റ്റിനെ സഹായിച്ചിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മയായ ആമിനയ്ക്ക് ഇക്കാര്യത്തിൽ പൂർണ പിന്തുണ നൽകുന്നത് ഭർത്താവ് എ. അൻവർദീനും സ്റ്റേഷനിലെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരുമാണ്.
advertisement
അജ്ഞാത മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ ചെയ്യുന്ന ആമിനയുടെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതോടെ പോലീസ് ഡയറക്ടർ ജനറലിന്റെ ഓഫീസിൽ നിന്ന് ആമിനയെ വിളിച്ചിരുന്നു. തുടർന്ന് സേനാമേധാവിയിൽ നിന്ന് പ്രശംസാപത്രവും 5000 രൂപയും സമ്മാനമായി ലഭിക്കുകയും ചെയ്തു.
“അവകാശികളില്ലാത്തതും ഉപേക്ഷിക്കപ്പെട്ടതുമായ മിക്ക മൃതദേഹങ്ങളും അഴുകുന്ന ഘട്ടത്തിലായിരിക്കും ശവസംസ്ക്കാരത്തിനായി ലഭിക്കുക. ഈ ഘടകങ്ങൾ കണക്കിലെടുക്കാതെ തങ്ങളുടെ സേവനം അർപ്പണബോധത്തോടെ ചെയ്യുന്നവരാണ് ഇവർ ഇരുവരുമെന്ന് ”ജീവ ശാന്തി ട്രസ്റ്റിന്റെ സ്ഥാപകൻ മുഹമ്മദ് സലീം ദി ഹിന്ദുവിനോട് പറഞ്ഞു.
advertisement
12,000 ഓളം മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ ജീവ ശാന്തി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. അതിൽ 2,000 ത്തോളം മൃതദേഹങ്ങൾ കോവിഡ് ബാധിതരുടേതായിരുന്നു. സ്വാതന്ത്ര്യദിനത്തിൽ, ജീവശാന്തി ട്രസ്റ്റിന്റെ സംഘാടകൻ എം. മുഹമ്മദ് ആഷിക്കിന് (29) സമൂഹത്തിന് നൽകിയ സേവനത്തിന് സംസ്ഥാന യുവജന അവാർഡ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സമ്മാനിച്ചിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 19, 2022 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Humanity | അവകാശികളില്ലാത്ത 700ലധികം മൃതദേഹങ്ങളുടെ അന്ത്യകർമം നടത്തിയത് രണ്ട് വനിതാ പോലീസുകാർ