ചരിത്രത്തിലാദ്യമായി, സെന്‍ട്രല്‍ റിസേര്‍വ് പോലീസ് ഫോഴ്സ് അഥവാ സിആര്‍പിഎഫ് വിഭാഗം, വിവിവഐപികളുടെ സുരക്ഷയ്ക്കായി വനിതാ സുരക്ഷാ ഗാര്‍ഡുകളെ നിയമിക്കുന്നു. 33 വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ആദ്യ ബാച്ചിന്റെ 10 ആഴ്ച നീണ്ടു നില്ക്കുന്ന പരിശീലനം ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്.
ഇത് സംബന്ധിച്ച അനുമതി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുരക്ഷാ ജീവനക്കാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞിരുന്നു.
ന്യൂസ്18 നടത്തിയ ഒരു ഔദ്യോഗിക ആശയവിനിമയത്തിലൂടെ അറിയാന്‍ സാധിച്ചത്, വനിതാ ഉദ്യോഗസ്ഥരുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു കര്‍മ്മ പദ്ധതി സിആര്‍പിഎഫ് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ്. തുടക്കത്തില്‍ 6 പ്ലാറ്റൂണ്‍ വനിതാ ഉദ്യോഗസ്ഥരെയാണ് പരിശീലിപ്പിച്ച് എടുക്കുക.
വനിതാ സുരക്ഷാ ജീവനക്കാരുടെ വിന്യാസം ‘ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും’ നടപ്പാക്കുക. എന്നാല്‍ ഉയര്‍ന്ന പദവിയിലിരിക്കുന്ന കുറച്ച് പേര്‍ക്ക് ആദ്യ ബാച്ചില്‍ നിന്നുള്ള വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
കൂടാതെ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് സീസണ് കണക്കിലെടുത്ത് സ്ത്രീകളായ വിവിഐപികള്‍ക്കും മുന്‍ഗണന നല്‍കും. ഈ വനിതാ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് എകെ-47 പോലുള്ള വെടിവെയ്ക്കാനുപയോഗിക്കുന്ന റൈഫിളുകളിലും പരിശീലനം നല്‍കുന്നതായിരിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര തുടങ്ങി ഉന്നത ശ്രേണിയിലുള്ള നിരവധി വ്യക്തികള്‍ക്ക് സുരക്ഷ ഒരുക്കുന്നത് സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ്.
എന്താകാം ഈ നീക്കത്തിലേക്ക് നയിച്ച കാരണം?പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിന് ശേഷം, വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്‍പ് വിവിഐപികളെ സംരക്ഷിക്കുന്നതിന് വനിതകളെ ജോലിയ്ക്ക് പ്രവേശിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കിയിരുന്നു എന്നാണ് വാര്‍ത്താ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ സമയത്ത്, ബിജെപി അധ്യക്ഷനായ ജെപി നഡ്ഡ ഉള്‍പ്പെടെയുള്ള ചില നേതാക്കന്മാര് തങ്ങളുടെ റാലിയുടെയും പ്രകടനങ്ങളുടെയും ഇടയില്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പിനിടയില്‍ ഇനിയും ഇത്തരം വിശിഷ്ട വ്യക്തികള്‍ക്ക് നേരേ ആക്രമണം ഉണ്ടായേക്കുമോ എന്ന ഭയം നിലനില്‍ക്കുന്നുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ 5 സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
സിആര്‍പിഎഫുമായി ചേര്‍ന്ന് നിലവില്‍, രാജ്യത്തെ ഉയര്‍ന്ന ശ്രേണിയിലുള്ള വ്യക്തികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള പദ്ധതി ആവിഷ്കരിച്ചതായി, ആഭ്യന്തര മന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന് ന്യൂസ്18നോട് സ്ഥിരീകരിച്ചു.
പേരു വെളിപ്പെടുത്തില്ല എന്ന നിബന്ധനയില്‍ മറ്റൊരു മുതിര്‍ന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന് അറിയിച്ചതിങ്ങനെയാണ്, “ആഭ്യാന്തര മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ലഭിച്ചതിന് ശേഷം ഈ വനിതാ ഉദ്യോഗസ്ഥരെ സേവനത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട വനികകള്‍ക്ക് മതിയായ പരിശീലനം ലഭിക്കുന്നതായിരിക്കും.”
“സിആര്‍പിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും അടിയന്തര ഭാവി പരിപാടികളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനായാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. സിആര്‍പിഎഫിന്റെ ഡയറക്ടര്‍ ജനറലായ കുല്‍ദീപ് സിങ്ങാണ് നിര്‍ദ്ദേശം അവതരിപ്പിച്ചത്. നിര്‍ദ്ദേശത്തിന് അംഗീകാരം ലഭിച്ചതിന് ശേഷം, വനിതകളെ വിവിഐപികളുടെ സുരക്ഷയ്ക്ക് കാവല്‍ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു,” ഔദ്യോഗികി വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.