World AIDS Day | എച്ച്ഐവി, എയ്ഡ്സ് എന്നിവയെക്കുറിച്ചുള്ള മിഥ്യാധാരണകളും അറിയേണ്ട വസ്തുതകളും
- Published by:Jayashankar Av
- news18-malayalam
Last Updated:
1981ല്‍ ആദ്യമായി കണ്ടെത്തിയ എച്ച്‌ഐവി വൈറസ് ഇതുവരെ ആഗോളതലത്തില്‍ 36 ദശലക്ഷത്തിലധികം ജീവന്‍ അപഹരിച്ചിട്ടുണ്ട്.
1988 മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന്, എയ്ഡ്‌സ് (AIDS) രോഗത്തെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി 'ലോക എയ്ഡ്‌സ് ദിനമായി' (World AIDS Day) ആചരിക്കുന്നു.
എച്ച്ഐവി എന്ന ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (HIV - Human immunodeficiency virus) മൂലമുണ്ടാകുന്ന ഈ മാരകരോഗം മൂലം ജീവന്‍ നഷ്ടപ്പെട്ടവരെ ഈ ദിവസം അനുസ്മരിക്കുന്നു. എച്ച്.ഐ.വി ബാധിതര്‍ക്കും എയ്ഡ്‌സ് മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പിന്തുണ നല്‍കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 2021ലെ ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം 'അസമത്വങ്ങള്‍ അവസാനിപ്പിക്കുക, എയ്ഡ്‌സ് അവസാനിപ്പിക്കുക' എന്നതാണ്.
1981ല്‍ ആദ്യമായി കണ്ടെത്തിയ എച്ച്‌ഐവി വൈറസ് ഇതുവരെ ആഗോളതലത്തില്‍ 36 ദശലക്ഷത്തിലധികം ജീവന്‍ അപഹരിച്ചിട്ടുണ്ട്. ഈ വൈറസ് ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ നേരിട്ട് ആക്രമിക്കുകയും ഏത് തരത്തിലുള്ള അണുബാധയെയും രോഗത്തെയും ചെറുക്കാനുള്ള അവരുടെ ശരീരത്തിന്റെ കഴിവിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. അതായത് വൈറസ് രോഗപ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനത്തെ സാവധാനം നശിപ്പിക്കുന്നു. ഇത് രോഗിയെ പ്രതിരോധശേഷിയില്ലാത്തവരാക്കി മാറ്റുന്നു.
advertisement
എയ്ഡ്സ് രോഗികള്‍ നേരിടേണ്ടി വരുന്ന സാമൂഹിക വിവേചനം
എച്ച്ഐവി രോഗബാധയുടെ ഏറ്റവും പുരോഗമിച്ച ഘട്ടത്തെ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി സിന്‍ഡ്രോം അല്ലെങ്കില്‍ എയ്ഡ്‌സ് (AIDS - Acquired immunodeficiency syndrome) എന്നാണ് വിളിക്കുന്നത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ രോഗം രണ്ട് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗുരുതരമാകും. എയ്ഡ്‌സ് രോഗികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രയാസങ്ങളിലൊന്ന് അവര്‍ അനുഭവിക്കേണ്ടി വരുന്ന സാമൂഹിക വിവേചനമാണ്. ഈ രോഗത്തെക്കുറിച്ച് വര്‍ഷങ്ങളോളം നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ അതത് രാജ്യങ്ങളുടെ സര്‍ക്കാരുകളും ലോകാരോഗ്യ സംഘടനകള്‍ പോലുള്ള മറ്റ് ചില സംഘടനകളും നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. എന്നിട്ടും, ഈ രോഗത്തെക്കുറിച്ച് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകകള്‍ വളരെ വലുതാണ്.
advertisement
എയ്ഡ്‌സ് രോഗികളോടുള്ള സാമൂഹിക വിവേചനത്തിലേക്ക് നയിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്, രോഗം പടരുന്ന രീതികളെക്കുറിച്ച് ജനങ്ങളുടെ ഇടയിലുള്ള മിഥ്യാധാരണകളാണ്. തെറ്റിദ്ധാരണയുടെയും കിംവദന്തികളുടെയും അടിസ്ഥാനത്തില്‍ എയ്ഡ്‌സ് രോഗികളോട് വിവേചനം കാണിക്കുന്നത്, രോഗത്തോടുള്ള കഠിനമായ പോരാട്ടം അവര്‍ക്ക് കൂടുതല്‍ കഠിനമാക്കുന്നു.
ഒരു വ്യക്തിയെ എച്ച്ഐവി, എയ്ഡ്‌സ് ബാധിക്കാന്‍ വിവിധ കാരണങ്ങളുണ്ട്. രക്തം, ശുക്ലം, പ്രീ-സെമിനല്‍ ദ്രാവകം, യോനി, മലാശയ ദ്രാവകങ്ങള്‍, രോഗബാധിതയായ സ്ത്രീയുടെ മുലപ്പാല്‍ തുടങ്ങിയ ശരീര സ്രവങ്ങള്‍ വഴി ഇത് ബാധിക്കാം. അണുബാധയുള്ള ഒരു വ്യക്തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഈ മാരക രോഗം മറ്റൊരാളിലേക്ക് പകരാന്‍ ഇടയാകും. ഇന്‍ജക്ഷന്‍ എടുക്കുന്ന സൂചികള്‍, റേസര്‍ ബ്ലേഡുകള്‍, കത്തികള്‍ എന്നിവ രോഗബാധിതനായ വ്യക്തിയുമായി പങ്കുവയ്ക്കുന്നതും രോഗം പകരാന്‍ കാരണമാകും.
advertisement
1988 മുതലാണ് 'ലോക എയ്ഡ്‌സ് ദിനം' ആദ്യമായി ആചരിച്ചുതുടങ്ങിയത്. ആഗോള ആരോഗ്യത്തിനായുള്ള ആദ്യത്തെ അന്താരാഷ്ട്ര ദിനം കൂടിയായിരുന്നു ഇത്. എയ്ഡ്‌സ് പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സ് രോഗ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ ധരിക്കുന്നത്.
ഇന്ന് 2021ലെ ലോക എയ്ഡ്‌സ് ദിനം ആചരിക്കുമ്പോള്‍, ഈ രോഗത്തെക്കുറിച്ചുള്ള ചില പ്രധാന മിഥ്യാധാരണകളും അവയുടെ യാഥാര്‍ത്ഥ്യങ്ങളും നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.
advertisement
മിഥ്യാധാരണ 1: എയ്ഡ്‌സിന് തുല്യമാണ് എച്ച്ഐവിയും
ആളുകള്‍ പലപ്പോഴും എച്ച്ഐവി, എയ്ഡ്സ് എന്നിവ പരസ്പരം മാറിമാറി ഉപയോഗിക്കാറുണ്ട്. അത് ശരിയല്ല. എച്ച്ഐവി ബാധിതരായ പല രോഗികള്‍ക്കും എയ്ഡ്സ് വരണമെന്നില്ല. എച്ച്ഐവി അണുബാധ, സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കില്‍, എയ്ഡ്സ് രോഗത്തിലേക്ക് എത്തിപ്പെടാം. എന്നാല്‍ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശവും വൈദ്യസഹായവും കൃത്യസമയത്ത് നല്‍കിയാല്‍ എച്ച്ഐവി-യില്‍ നിന്ന് എയ്ഡ്സ് രോഗത്തിലേക്ക് എത്തുന്നത് നിയന്ത്രിക്കാനാകും.
മിഥ്യാധാരണ 2: എയ്ഡ്സ് രോഗികളെ സ്പര്‍ശിക്കുന്നതിലൂടെയോ ഭക്ഷണം പങ്കിടുന്നതിലൂടെയോ മറ്റ് പതിവ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെയോ എയ്ഡ്സ് പടരുന്നു
advertisement
ഈ വാദം പൂര്‍ണ്ണമായും തെറ്റാണ്. രക്തം, മുലപ്പാല്‍, ശുക്ലം, യോനി സ്രവങ്ങള്‍ തുടങ്ങിയ രോഗബാധിതരില്‍ നിന്നുള്ള ശരീരസ്രവങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ മാത്രമേ എച്ച്ഐവി അണുബാധ പകരുകയുള്ളൂവെന്ന് ഡോക്ടര്‍മാരും ഗവേഷകരും വീണ്ടും വീണ്ടും ഊന്നിപ്പറയുന്നു. രോഗിയുടെ ശ്വാസം, വെള്ളം, ഉമിനീര്‍, കണ്ണുനീര്‍, വിയര്‍പ്പ് എന്നിവയിലൂടെ രോഗം പടരില്ല. ഈ രോഗം ഒരിക്കലും പതിവ് സാമൂഹിക ഇടപെടലിലൂടെ പടരുന്നില്ല.
മിഥ്യാധാരണ 3: എച്ച്‌ഐവി പോസിറ്റീവീയായ അമ്മയില്‍ നിന്ന് എപ്പോഴും സ്വന്തം കുഞ്ഞിലേക്ക് വൈറസ് പകരും
advertisement
ഗര്‍ഭാവസ്ഥയില്‍ എച്ച്‌ഐവി പോസിറ്റീവ് ആയ അമ്മയില്‍ നിന്ന് കുഞ്ഞിന് വൈറസ് പകരാനുള്ള സാധ്യത വളരെ കൂടുതലാണെങ്കിലും, കുഞ്ഞിന് രോഗം വരാതെ സംരക്ഷിക്കാന്‍ കഴിയും. ഗര്‍ഭിണിയായ സ്ത്രീക്ക് എച്ച്ഐവി അണുബാധ ഉണ്ടെന്ന് കണ്ടെത്തിയാല്‍, അണുബാധയില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ നല്‍കാം. മരുന്നുകള്‍ അമ്മയുടെ ശരീരത്തില്‍ വൈറസ് പെരുകുന്നത് തടയാന്‍ ശ്രമിക്കുന്നു. അതിലൂടെ അമ്മയില്‍ നിന്ന് കുട്ടിയിലേക്ക് രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നു.
മിഥ്യാധാരണ 4: ഇരു പങ്കാളികളും അല്ലെങ്കില്‍ ദമ്പതികളും എച്ച്ഐവി പോസിറ്റീവ് ആണെങ്കില്‍, സംരക്ഷണ കാര്യങ്ങള്‍ ആവശ്യമില്ല
എച്ച്ഐവി അണുബാധകള്‍ക്ക് വീണ്ടും അണുബാധയ്ക്കും ഉയര്‍ന്ന അണുബാധയ്ക്കും എപ്പോഴും സാധ്യതയുണ്ട്. ഇത് ഇതിനകം രോഗബാധിതനായ വ്യക്തിയുടെ അവസ്ഥ വഷളാക്കും. ചിലപ്പോള്‍ എച്ച്ഐവി അണുബാധകള്‍ വളരെ പെട്ടെന്ന് എയ്ഡ്സ് രോഗത്തിലേക്ക് എത്തിപ്പെടാം. കൂടാതെ, ശരിയായ സംരക്ഷണ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഹെര്‍പ്പസ് പോലുള്ള ലൈംഗികമായി പകരുന്ന മറ്റ് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ഉണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 01, 2021 11:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
World AIDS Day | എച്ച്ഐവി, എയ്ഡ്സ് എന്നിവയെക്കുറിച്ചുള്ള മിഥ്യാധാരണകളും അറിയേണ്ട വസ്തുതകളും







