Adani| ആരോപണങ്ങള്‍ അടിസ്ഥാനരഹിതം, നിയമപരമായി നേരിടും; യുഎസിലെ തട്ടിപ്പ്-കൈക്കൂലി ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്
- Published by:Rajesh V
- trending desk
Last Updated:
അദാനി ഗ്രീനിലെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസും, യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെ ഉയര്‍ന്ന തട്ടിപ്പ്, കൈക്കൂലി ആരോപണങ്ങളില്‍ പ്രതികരിച്ച് അദാനി ഗ്രൂപ്പ്. അദാനി ഗ്രീനിലെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസും, യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യാ ഗവണ്‍മെന്റിന്റെ സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
'' അദാനി ഗ്രീനിലെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പറയുന്നത് പോലെ- ' കുറ്റപത്രത്തിലെ കുറ്റങ്ങള്‍ ആരോപണങ്ങളാണ്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികള്‍ നിരപരാധികളായി കണക്കാക്കപ്പെടും' എന്നുമാത്രമെ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നുള്ളു. വിഷയത്തില്‍ ആവശ്യമായ എല്ലാ നിയമസഹായവും തേടും,'' എന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
advertisement
ഇതുവരെ തങ്ങള്‍ നടത്തിയ എല്ലാപ്രവര്‍ത്തനങ്ങളിലും സുതാര്യത പാലിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു.
തട്ടിപ്പ്, കൈക്കൂലി കേസുകളിലാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സേഞ്ച് കമ്മീഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് അദാനിയ്ക്കെതിരെ ഉയരുന്ന ആരോപണം.
ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യൂട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ പവര്‍ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കുമാണ് കുറ്റം ചുമത്തിയത്. മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരെ കബളിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം.
advertisement
അദാനി ഗ്രീന്‍, അസുര്‍ പവര്‍ തുടങ്ങിയ കമ്പനികള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൂടാതെ അദാനി ഗ്രീന്‍ അമേരിക്കയിലെ നിക്ഷേപകരില്‍ നിന്ന് 175 മില്യണ്‍ ഡോളറിലധികം (14,78,31,68,750 രൂപ) സമാഹരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന്‍ കറപ്ട് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.
2020നും 2024നും ഇടയില്‍ അദാനിയും അനുയായികളും സൗരോര്‍ജ കരാറുകള്‍ നേടുന്നതിനായി 250 മില്യണ്‍ ഡോളറിലധികം (21,12,21,75,000 രൂപ) ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഇരുപത് വര്‍ഷത്തിനുള്ളില്‍ 200 കോടി ഡോളര്‍ ലാഭമുണ്ടാക്കാനും ഇവര്‍ ലക്ഷ്യമിട്ടതായി കുറ്റപത്രത്തില്‍ ആരോപിച്ചു.
advertisement
അദാനിയും മറ്റ് ഏഴ് എക്സിക്യൂട്ടീവുകളും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത് കരാറുകള്‍ ഉറപ്പാക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തി നിക്ഷേപകരെ കബളിപ്പിക്കാനും ഇവര്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
November 21, 2024 8:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Adani| ആരോപണങ്ങള്‍ അടിസ്ഥാനരഹിതം, നിയമപരമായി നേരിടും; യുഎസിലെ തട്ടിപ്പ്-കൈക്കൂലി ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്